ചരിത്രനഗരമാണ് കോഴിക്കോട്. വാസ്കോഡി ഗാമ കാപ്പാട് കപ്പലിറങ്ങിയ കാലത്ത് കോഴിക്കോട് മനോഹരമായ നഗരമായിരുന്നു.
മണ്ണുകൊണ്ട് നിര്‍മ്മിച്ച മനോഹരമായ കൊട്ടാരം പല കെട്ടിടങ്ങള്‍ക്കിടയില്‍ മരങ്ങള്‍, പൂന്തോട്ടങ്ങള്‍, നീര്‍ച്ചാലുകള്‍... എന്നിങ്ങനെ പോവുന്നു ഗാമയുടെ വിവരണം.
പോര്‍ട്ടുഗീസുകാരായ ബര്‍ബോഡ, ലവാള്‍ എന്നിവരും പൈറ്റാര്‍ഡ് ഡലവാളും കോഴിക്കോടിനെക്കുറിച്ച് വിവരിച്ചത് വായിച്ചാല്‍ കോഴിക്കോട് സ്വര്‍ഗത്തിന്‍റെ മറ്റൊരവതാരമാണെന്നേ തോന്നൂ
എന്നാല്‍ അഞ്ചു നൂറ്റാണ്ട് കഴിഞ്ഞ് കേരളത്തില്‍ വന്നു പിറന്ന സഞ്ജയന്‍ എന്ന എം.ആര്‍. നായര്‍ കണ്ട, അനുഭവിച്ച കോഴിക്കോടോ? ആ കോഴിക്കോടന്‍ പെരുമ സഞ്ജയന്‍ വാഴ്ത്തിയതിന് കണക്കില്ല. കോഴിക്കോട് മുനിസിപ്പാലിറ്റിയുടെ കഥകഴിക്കുന്ന വിമര്‍ശനങ്ങളായിരുന്നു സഞ്ജയന്‍ തൊടുത്തുവിട്ടത്.
1934 ല്‍ സഞ്ജയന്‍ എഴുതി.
മദ്രാസിലുള്ളതിനേക്കാള്‍ പൊടി ഇവിടെയുണ്ട്. കൊച്ചിയിലുള്ളതിനേക്കാള്‍ ചളിയുണ്ട്. ചേര്‍ത്തലയിലുള്ളതിനേക്കാള്‍ പെരുക്കാലുണ്ട് (മന്ത്). വയനാട്ടിലുള്ളതിനേക്കാള്‍ കൊതുവുണ്ട്. മത്തി പ്രസ്സിലുള്ളതിനേക്കാള്‍ ദുര്‍ഗ്ഗന്ധവുമുണ്ട്. ഇവിടെ പരിചരിച്ച മൂക്കിന് നരിമട സുരഭിലമായി തോന്നും......
തലശ്ശേരിയിലാണ് പിറന്നതെങ്കിലും കോഴിക്കോടായിരുന്നു സഞ്ജയന്‍റെ പ്രവൃത്തി മണ്ഡലം. അതുകൊണ്ട് അന്നത്തെ കോഴിക്കോട് മുനിസിപ്പാലിറ്റിയെ കണക്കറ്റ് പരിഹസിച്ചിട്ടുണ്ട് അദ്ദേഹം. എന്നാലിത് ദുഷ്ടലാക്കോടുകൂടിയ, ദുര്‍വാസനയോടു കൂടിയ പരിഹാസമല്ലായിരുന്നു. അതുകൊണ്ട് സഞ്ജയനെഴുതിയതെന്തും ശുദ്ധഹാസ്യമായി നിലനിന്നു.
സ്നേഹത്തില്‍ നിന്നും അനുകമ്പയില്‍ നിന്നും ഉണ്ടാവുന്ന സാമൂഹിക വിമര്‍ശനമായിരുന്നു സഞ്ജയന്‍റെ രചനകളില്‍. സഞ്ജയന്‍ ഈ ലോകത്ത് വിശ്വരൂപം പ്രാപിച്ച് 64 കൊല്ലം കഴിഞ്ഞുവെങ്കിലും കോഴിക്കോട് വളരെയേറെ മാറിയിട്ടില്ല. ദുര്‍ഗന്ധവും കൊതുകും മന്തും ചളിയുമെല്ലാം ഇന്നും സുലഭം.
ചരിത്രകാലത്തിനു ശേഷം കോഴിക്കോടിനെ സഹൃദയ മനസ്സുകളിലേക്ക് അക്ഷേപ ഹാസ്യത്തിന്‍റെ ചിറയിലേറ്റി ഉയര്‍ത്തിക്കൊണ്ടുവന്നത് സഞ്ജയനായിരുന്നു.
ചങ്ങലംപരണ്ട എന്ന പേരില്‍ സഞ്ജയനുണ്ടാക്കിയ സങ്കല്പപ്രദേശം കോഴിക്കോടല്ലാതെ മറ്റൊന്നുമായിരുന്നില്ല. അതുപോലെ തലശ്ശേരിക്കടുത്തുള്ള ഒരു കൊച്ചുപ്രദേശം മലയാളിക്ക് മറക്കാനാവാത്തതാക്കിയതും സഞ്ജയനാണ്- മാവിലായി.
താനൊരു മാവിലായിക്കാരനാണ് എന്ന ദാര്‍ശനികമായ ഒരു മറുപടി നാനാര്‍ത്ഥങ്ങള്‍ നിറഞ്ഞതായിരുന്നു. രാത്രി ആകാശത്തു കാണുന്നത് സുര്യനാണോ ചന്ദ്രനാണോ എന്ന് രണ്ട് കള്ളുകുടിയന്മാര്‍ക്ക് സംശയം. വഴിപോക്കനെ തടഞ്ഞുനിര്‍ത്തി ഇരുവരും മാറിമാറി നിര്‍ബന്ധിച്ചു.
എന്തുത്തരം പറഞ്ഞാലും ആരെങ്കിലും ഒരാള്‍ അടിക്കുമെന്ന് ഉറപ്പായപ്പോള്‍ വഴിപോക്കന്‍ പറഞ്ഞു അയ്യോ എന്നെ വിട്ടേയ്ക്കൂ എനിക്കറിയില്ല - ഞാന്‍ മാവിലായിക്കാരനാണ്.