കഴിക്കാന്‍ ഇഷ്ടമില്ലാത്ത മീനെണ്ണ അടിച്ചു തീറ്റി കുട്ടികളെ ബുദ്ധിമാന്മാരും ബുദ്ധിമതികളും ആക്കിക്കളയാമെന്നൊന്നും ഇനി കരുതേണ്ടതില്ല. മീനെണ്ണയ്ക്ക് ഇത്തരത്തിലുള്ള ഗുണമൊന്നുമില്ല എന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.
കുട്ടികളുടെ പഠനത്തില്‍ മീനെണ്ണ കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് മുന്നേറ്റമൊന്നും കാണാനായില്ല എന്നാണ് പഠനം നയിച്ച വെയില്‍സ് സര്‍വകലാശാലയിലെ പ്രഫസര്‍ അമാന്‍ഡ കിര്‍ബി പറയുന്നത്. കുട്ടികളുടെ വായനയിലും എഴുത്തിലും മറ്റുകാര്യങ്ങളിലും മീനെണ്ണയിലെ ഒമേഗ-3 സപ്ലിമെന്റുകള്‍ക്ക് പ്രത്യേക സ്വാധീനമൊന്നും ചെലുത്താന്‍ കഴിഞ്ഞില്ല എന്നാണ് പഠനം തെളിയിച്ചത്.
നാല് മാസമാണ് പഠനം നീണ്ടു നിന്നത്. 450 വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിരീക്ഷണ വിധേയരാക്കി. ന്യൂപോര്‍ട്ടിലെ 17 സ്കൂളുകളില്‍ നിന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 8-10 വയസ്സു പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പഠനവും മീനെണ്ണ ഉപയോഗവുമാണ് പഠന വിധേയമാക്കിയത്.
ഇതേക്കുറിച്ചുള്ള കൂടുതല്‍ ഗഹനമായ പഠനത്തിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയൂ എന്നും പ്രഫസര്‍ പറയുന്നു.