ചോക്ലേറ്റ്... ‘ സ്വീറ്റ് സൊലൂഷന്‍ ‍’

WD
“ ഒരു ചോക്ലേറ്റ് വാങ്ങിത്തരൂ ” എന്ന് കൊഞ്ചുന്ന കുട്ടിയോട് പല്ല് ചീത്തയാവും എന്ന് പറഞ്ഞ് ഇനി കണ്ണുരുട്ടേണ്ട കാര്യമില്ല. കുട്ടികളുടെ മധുരപ്രിയത്തിനു പിന്നില്‍ ചില ‘വളര്‍ച്ചാ രഹസ്യങ്ങള്‍ ’ ഉണ്ട്.

എക്കിള്‍ വരുമ്പോള്‍, “വളരാനാണ്” എന്ന് പറയുന്ന ഒരു രീതി നാട്ടിമ്പുറങ്ങളില്‍ ഉണ്ടായിരുന്നു‍. അതിന് ശാസ്ത്രീയാടിത്തറ ഉണ്ടോയെന്ന് പറയാനാവില്ല. എന്നാല്‍, മധുരം വാങ്ങിത്തരൂ എന്ന് പറയുന്ന കുട്ടി ജീവശാസ്ത്രപരമായ ഒരാവശ്യമാണത്രേ ഉന്നയിക്കുന്നത്.

കുട്ടികളുടെ ശാരീരിക വളര്‍ച്ചയും മധുരക്കൊതിയും തമ്മില്‍ ബന്ധമുണ്ടെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെയും മോണല്‍ സെന്‍ററിലെയും ഗവേഷകര്‍ പറയുന്നു.

ശാരീരിക വളര്‍ച്ചാ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ കലോറി മൂല്യത്തിന്‍റെ ആവശ്യകത നേരിടുന്നു. അതിനാല്‍, ഈ സമയത്ത് അവര്‍ക്ക് സ്വാഭാവികമായും മധുരത്തോട് കൂടുതല്‍ പ്രിയം തോന്നാനും ഇടവരുന്നു, മോണലിലെ ജനിതക ശാസ്ത്രജ്ഞനായ ഡാനിയേലി റീഡ് പറയുന്നു.

മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് മധുരത്തോട് കൂടുതല്‍ പ്രിയം തോന്നാനുള്ള കാരണമിതാണ്. ഈ മധുരക്കൊതി കൌമാരത്തോടെ ഇല്ലാതാവുമെന്നും ഗവേഷകര്‍ പറയുന്നു. അതായത്, ശാരീക വളര്‍ച്ച മെല്ലെയാവുന്നതോടെ മധുരക്കൊതിയും അവസാനിക്കുന്നു.

എന്നാല്‍, കൌമാരാവസ്ഥയിലെ ലൈംഗികഹോര്‍മോണ്‍ വ്യതിയാ‍നത്തിന് മധുരവുമായി ലവലേശം ബന്ധമില്ല എന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ‘ഫിസിയോളജി ആന്‍ഡ് ബിഹേവിയര്‍’ എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക