മദ്യപാനം ആരോഗ്യത്തിന് ഹാനികരം. കുടിക്കുന്ന ആളുടെ മാത്രമല്ല, അയാളുടെ കുടുംബത്തിന്‍റെ, സമൂഹത്തിന്‍റെ എല്ലാം ആരോഗ്യം നശിക്കും. സ്പിരിറ്റ് എന്ന സിനിമ നല്‍കുന്ന സന്ദേശമാണ്. രഘുനന്ദന്‍ എന്ന മനുഷ്യന്‍ മദ്യത്തില്‍ മുങ്ങിച്ചാകാതെ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് സ്പിരിറ്റിന്‍റെ പ്രമേയം.
മോഹന്‍ലാല്‍ - രഞ്ജിത് കൂട്ടുകെട്ടില്‍ പിറന്ന ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറല്ല സ്പിരിറ്റ്. ഇതൊരു നരസിംഹമോ ആറാം തമ്പുരാനോ അല്ല. പക്ഷേ തിയേറ്ററിലെ ജനത്തിരക്ക് ഈ സിനിമകളെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ നില്‍ക്കുന്നത് സ്പിരിറ്റ് കളിക്കുന്ന തിയേറ്ററില്‍ തന്നെയാണോ എന്ന് സംശയിച്ചു. അത്ര ബഹളം, ആവേശം.
സിനിമ തുടങ്ങുന്നത് സിദ്ദിക്കിന്‍റെ ശബ്ദത്തിലൂടെയാണ്. വളരെ ലളിതമായ ഓപ്പണിംഗ്. മോഹന്‍ലാലിന്‍റെ ഇന്‍ട്രൊഡക്ഷനൊക്കെ സാധാരണ രീതിയില്‍. ക്രിസ്ത്യന്‍ ബ്രദേഴ്സിലും ചൈനാ ടൌണിലുമൊക്കെ കണ്ടതുപോലെ പറന്നുവരുന്ന ലാല്‍ അല്ല. സാധാരണക്കാരന്‍, എന്നാല്‍ അസാധാരണമായ മാനസിക ഘടനയുള്ളവന്‍. രഘുനന്ദന്‍.
അടുത്ത പേജില്‍ - സ്പിരിറ്റ്: ഒരു നല്ല ചിത്രം
PRO
റോക്ക് ’ന്‍ റോളിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന രഞ്ജിത് സിനിമയാണ് സ്പിരിറ്റ്. രഞ്ജിത് പതിവ് വഴികള്‍ ഉപേക്ഷിച്ചതിന് ശേഷമുണ്ടായ രണ്ടു സിനിമകളും(ചന്ദ്രോത്സവം, റോക്ക് ’ന്‍ റോള്‍) ശരാശരിക്ക് മുകളില്‍ എത്തിയിരുന്നില്ല. എന്നാല്‍ പ്രാഞ്ചിയേട്ടന്‍, തിരക്കഥ, പാലേരിമാണിക്യം പോലുള്ള നല്ല സിനിമകള്‍ രഞ്ജിത് നല്‍കുകയും ചെയ്തു, മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ചേരുമ്പോള്‍ അതുകൊണ്ടുതന്നെ ഒരു കണ്‍ഫ്യൂഷനുണ്ടായിരുന്നു. മറ്റൊരു ചന്ദ്രോത്സവമായി മാറുമോ എന്ന്.
എന്നാല്‍, സംശയങ്ങളും ആശങ്കകളും അസ്ഥാനത്തായിരുന്നു. ഒരു നല്ല ചിത്രം തന്നെയാണ് സ്പിരിറ്റ്. അമിത പ്രതീക്ഷയുമായി ഈ സിനിമ കാണാന്‍ തിയേറ്ററില്‍ പോകരുത്. മുമ്പുകണ്ട സിനിമകളുമായി താരതമ്യപ്പെടുത്തുകയും ചെയ്യരുത്. വളരെ ഫ്രഷ് കണ്ടന്‍റുള്ള ചിത്രമാണിത്. രസകരമായ അവതരണം.
രണ്ടാം പകുതിയുടെ ആദ്യത്തെ അരമണിക്കൂര്‍ നേരം ചില പ്രശ്നങ്ങളൊക്കെയുണ്ട്. താന്‍ പറയാന്‍ ഉദ്ദേശിച്ച വിഷയത്തിന്‍റെ ഏറ്റവും കാതലായ ഭാഗം പറയുന്നതില്‍ രഞ്ജിത് വേണ്ടത്ര ജാഗ്രത പാലിച്ചില്ല. അതുകൊണ്ട് ആ ഭാഗം മദ്യത്തിനെതിരെയുള്ള ഒരു ഡോക്യുമെന്‍ററി പോലെയായി. ഒരു ‘ഉപദേശ എപ്പിസോഡ്’. അതിന് ശേഷം വീണ്ടും ട്രാക്കിലേക്ക്. ഒടുവില്‍ നല്ല രീതിയില്‍ അവസാനിച്ചു. ഈ സിനിമയ്ക്ക് ഒരു ഹാപ്പി എന്‍ഡിംഗ് വേണമെന്ന് രഞ്ജിത്തിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നുതോന്നുമെന്ന് മാത്രം.
അടുത്ത പേജില്‍ - രഘുനന്ദന്‍ എന്ന ‘താമര’
PRO
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ‘താമര’യാണ് ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രഘുനന്ദന്‍. ആള്‍ ഫുള്‍ ടൈം മദ്യത്തിലാണ്. ‘ഷോ ദ സ്പിരിറ്റ്’ എന്ന ടി വി പ്രോഗ്രാമിന്‍റെ അവതാരകന്‍. എഴുത്തുകാരന്‍. മുമ്പ് ബാങ്കിലും മാധ്യമസ്ഥാപനങ്ങളിലുമൊക്കെ ജോലി നോക്കിയിട്ടുണ്ട്.
ഈ കഥാപാത്രത്തിന്‍റെ ചുമലിലേറിയാണ് ചിത്രത്തിന്‍റെ ഒന്നാം പകുതി മുന്നോട്ടുപോകുന്നത്. ഇയാള്‍ വിവാഹമോചിതനാണ്. മുന്‍ ഭാര്യ മീര(കനിഹ)യും അവളുടെ ഇപ്പോഴത്തെ ഭര്‍ത്താവ് അലക്സിയും(ശങ്കര്‍ രാമകൃഷ്ണന്‍) രഘുനന്ദന്‍റെ ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. മദ്യാഘോഷക്കാഴ്ചകള്‍ തുടരവെ രഘുനന്ദന്‍റെ ജീവിതത്തില്‍ ചില വഴിത്തിരിവുകള്‍ ഉണ്ടാകുന്നു. താന്‍ മദ്യത്തിന് അടിമയാണെന്ന് അയാള്‍ മനസിലാക്കുന്നു. അലക്സിയുടെ ജീവിതം ഒരു ദുരന്തത്തിലേക്ക് നീങ്ങുന്നതായി മനസിലാക്കുന്നു.
മദ്യത്തില്‍ നിന്ന് രക്ഷനേടാന്‍ രഘുനന്ദന്‍റെ ശ്രമങ്ങളും അയാള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് രണ്ടാം പകുതിയെ നയിക്കുന്നത്. ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും മോഹന്‍ലാലിന്‍റെ അഭിനയവൈഭവവും രഞ്ജിത്തിന്‍റെ സംവിധാന മികവും ചിത്രത്തെ രക്ഷപ്പെടുത്തിയെടുക്കുന്നുണ്ട്.
‘എവിടെയായിരുന്നു ഇത്രയും കാലം?’ എന്‍ ചോദിക്കാന്‍ മാത്രം ഗംഭീരമാണ് ഈ ചിത്രത്തില്‍ നന്ദുവിന്‍റെ പ്രകടനം. ശങ്കര്‍ രാമകൃഷ്ണന്‍, ലെന, കനിഹ, സിദ്ദാര്‍ത്ഥ് ഭരതന്‍, മധു എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. തിലകന് വളരെ ചെറിയ വേഷമാണ്. എങ്കിലും, അദ്ദേഹത്തിന്‍റെ ഇന്‍ഡ്രോഡക്ഷന് തിയേറ്റര്‍ കുലുങ്ങുന്ന കൈയടിയായിരുന്നു.
അടുത്ത പേജില്‍ - മോഹന്‍ലാലാണ് താരം
PRO
എന്താണ് ‘സ്പിരിറ്റ്’ എന്ന സിനിമ എന്നു ചോദിച്ചാല്‍, ഇതൊരു രഞ്ജിത് സിനിമയാണ് എന്ന് മറുപടി പറയാം. അതിനേക്കാള്‍ ചേരുക ‘ഇതൊരു മോഹന്‍ലാല്‍ വിസ്മയം’ എന്നുപറഞ്ഞാലാണ്. ഈ സിനിമയെ മൊത്തമായി തന്‍റെ തോളില്‍ ചുമക്കുകയാണ് മോഹന്‍ലാല്‍. അഭിനയത്തിന്‍റെ മഹാ വിസ്ഫോടനം. മോഹന്‍ലാല്‍ അല്ലാതെ ഇന്ത്യയില്‍ മറ്റൊരു താരത്തിനും ഇത്രയും ഉജ്ജ്വലമായി ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ കഴിയില്ല.
ഒരു മദ്യപാനിയുടെ കൈ വിറയ്ക്കുന്നത് എങ്ങനെയാണ് എന്ന് ഈ ചിത്രത്തിലെ മോഹന്‍ലാലിനെ നോക്കിയാല്‍ മതി. ഒരു മുഴുക്കുടിയന്‍ ചിരിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, നോക്കുന്നത്, പ്രണയിക്കുന്നത്, പാടുന്നത്, സ്നേഹം പ്രകടിപ്പിക്കുന്നത് എല്ലാം എങ്ങനെയെന്ന് കാണണമെങ്കില്‍ സ്പിരിറ്റിലെ മോഹന്‍ലാലിനെ നോക്കിയാല്‍ മതി. നമ്പര്‍ 20 മദ്രാസ് മെയിലിലും ഹലോയിലും അയാള്‍ കഥയെഴുതുകയാണിലും നമ്മള്‍ കണ്ടതിന്‍റെ നൂറിരട്ടി പെര്‍ഫെക്ഷനാണ് സ്പിരിറ്റിലെ കുടിയന്‍ കഥാപാത്രത്തിന്. നന്ദി, മോഹന്‍ലാല്‍ എന്ന മഹാനടനെ മലയാളത്തിന് സമ്മാനിച്ച കാലത്തിന്, ഈ ചിത്രത്തില്‍ ലാലിനെ അഭിനയിപ്പിക്കാന്‍ രഞ്ജിത്തിനെ പ്രേരിപ്പിച്ച അദൃശ്യശക്തികള്‍ക്ക്.
ചിത്രത്തില്‍ അവിടവിടെയായി ചില തെറിവാക്കുകള്‍ പ്രയോഗിക്കുന്നുണ്ട്. അത് ബോധപൂര്‍വമാണെന്ന് കരുതാം. ‘എഫ്’ വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ അതെന്ത് ന്യൂ ജനറേഷന്‍ സിനിമ, അല്ലേ?
അടുത്ത പേജില്‍ - ഡയലോഗ് രാജാവ് രഞ്ജിത്
PRO
രഞ്ജിത് വളരെ വേഗം എഴുതിയ തിരക്കഥയാണ് സ്പിരിറ്റിന്‍റേത് എന്ന് വ്യക്തം. അതിന്‍റേതായ ശ്രദ്ധക്കുറവ് കാണാം. എന്നാല്‍ ഡയലോഗുകള്‍ എഴുതാന്‍ ഇന്ന് തന്നെ വെല്ലാന്‍ മറ്റൊരു രചയിതാവ് മലയാളത്തിലില്ല എന്ന് വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ. ഓരോ ഡയലോഗും അത്ര കൃത്യമാണ്. പ്രേക്ഷക മനസിനെ ആഴത്തില്‍ സ്പര്‍ശിക്കും വിധം മൂര്‍ച്ചയുള്ളതും സൂക്ഷ്മതയുള്ളതുമാണ്.
ചിത്രത്തിന്‍റെ ഇന്‍റര്‍വെല്‍ വരെയുള്ള ഭാഗം ഗംഭീരമായി മുന്നോട്ടുകൊണ്ടുപോകാന്‍ രഞ്ജിത്തിലെ എഴുത്തുകാരന് സാധിച്ചു. എന്നല്‍ പിന്നീട് ലക്‍ഷ്യബോധമില്ലാതായതുപോലെ തോന്നി. ഒടുവില്‍, ക്ലൈമാക്സിലേക്ക് വലിയ പരുക്കില്ലാതെ എത്തിപ്പെട്ടു. പ്രാഞ്ചിയേട്ടനിലും പാലേരിമാണിക്യത്തിലും കണ്ട കൈയടക്കം സ്പിരിറ്റില്‍ പുലര്‍ത്താന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടില്ല.
എന്തായാലും, ഒരു സിനിമ എന്ന നിലയില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയം രസകരമായി അവതരിപ്പിക്കുന്നതില്‍ സ്പിരിറ്റ് വിജയിച്ചിരിക്കുന്നു. അക്കാര്യത്തില്‍ രഞ്ജിത്തിന് അഭിമാനിക്കാം. മോഹന്‍ലാലിന് വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രത്തെ നല്‍കിയതിലും സംവിധായകന് ക്രെഡിറ്റ് നല്‍കാം. ബോക്സോഫീസ് വിജയം, അത് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.