അടൂര്‍ഭാസി - ചിരിയുടെ ഗൗരവം

PROPRO
മലയാള സിനിമയില്‍ ഹാസ്യത്തെ അടുക്കളയില്‍ നിന്ന് പൂമുഖത്തേക്ക് കൊണ്ടു വന്ന നടന്മാരില്‍ പ്രധാനിയാണ് അടൂര്‍ ഭാസി എന്ന കെ. ഭാസ്ക്കരന്‍ നായര്‍.

അടൂര്‍ഭാസി കേവലം ഹാസ്യനടനല്ല. ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനയ പ്രതിഭയാണ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഗായകനും സംവിധായകനുമായിരുന്നു അദ്ദേഹം.

1990 മാര്‍ച്ച് 29ന് ഈ പ്രതിഭാധനന്‍ ചിരിയരങ്ങില്‍ നിന്നും സിനിമകളില്‍ നിന്നും എന്നന്നേക്കുമായി പോയി മറഞ്ഞു.

അടൂര്‍ഭാസിക്ക് മഹത്തായ പാരമ്പര്യമാണുള്ളത്. മലയാള നോവല്‍ സാഹിത്യത്തിന്‍റെ അമരക്കാരില്‍ ഒരാളായ സി.വി. രാമന്‍പിള്ള മുത്തച്ഛന്‍. മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടായ ഇ.വി. കൃഷ്ണപിള്ള അച്ഛന്‍. ഈ രണ്ട് പാരമ്പര്യവും ഭാസിയുടെ അഭിനയത്തെ പുഷ്കലമാക്കി.

പേര് അടൂര്‍ഭാസി എന്നാണെങ്കിലും ഭാസിയുടെ ചെറുപ്പം തിരുവനന്തപുരത്തായിരുന്നു. പഠിച്ചത് എം.ജി. കോളജില്‍. നാടകം കളിയും വേഷം കെട്ടും കൂട്ടുകാരെ പറ്റിക്കലുമൊക്കെയായി ഭാസി ജീവിതം ആഘോഷിച്ചു. റോസ്ക്കോട്ട് ഭവനത്തില്‍ കസിന്‍മാര്‍ ഇഷ്ടംപോലെ ഉണ്ടായിരുന്നു കൂട്ടിനായി.

ഇ.വി. കൃഷ്ണപിള്ളയുടെയും , സി.വിയുടെ മകള്‍ മഹേശ്വരി അമ്മയുടെയും നാലാമത്തെ സന്തതിയായിരുന്നു ഭാസി. അവിട്ടം നക്ഷത്രം. 1927ല്‍ ജനനം.

വെബ്ദുനിയ വായിക്കുക