താന്‍ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും തന്‍റേതായ ശൈലി വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നയാളാണ് ഇളയദളപതി വിജയ്. അതിമാനുഷ പ്രകടനങ്ങളും ആട്ടവും പാട്ടുമെല്ലാം അതില്‍ ഉണ്ടായിരിക്കണം. സംവിധായകനോ കഥയോ ഒന്നും ഇക്കാര്യത്തില്‍ ബാധകമല്ല. മലയാളത്തിന്‍റെ സൂപ്പര്‍ സംവിധായകന്‍ സിദ്ദിഖ് ചെയ്യുന്ന ചിത്രമാണെങ്കിലും ശരി, തന്‍റെ ചിത്രം തന്‍റേതായ രീതിയില്‍ നടക്കണമെന്ന് വിജയ് ശഠിക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്ത സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘കാവല്‍ക്കാരന്‍’(പേര് മാറാനിടയുണ്ട്) എന്ന ചിത്രത്തിന്‍റെ തിരക്കഥയില്‍ വിജയ്‌ക്ക് അഭിപ്രയവ്യത്യാസമുണ്ട് എന്നാണ്. തന്‍റെ ഫാന്‍സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ തിരക്കഥയില്‍ വീണ്ടും മാറ്റം വരുത്താന്‍ വിജയ് നിര്‍ദ്ദേശിച്ചിരിക്കുകയാണത്രേ. സിദ്ദിഖിന് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. ഇരുവരും തമ്മില്‍ ഇപ്പോള്‍ അത്ര രസത്തിലല്ലെന്നും കോളിവുഡ് ഗോസിപ്പുകോളക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം സിദ്ദിഖിന്‍റെ മകള്‍ സുമയ്യയുടെ വിവാഹസല്‍ക്കാരത്തിന് വിജയ് പങ്കെടുക്കാത്തതും ഇരുവരും തമ്മിലുള്ള അസ്വാരസ്യത്തിന്‍റെ ഭാഗമാണെന്നും സംസാരമുണ്ട്. നയന്‍താര, പ്രഭുദേവ, സൂര്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ കാവല്‍ക്കാരനിലെ ജോഡിയായ വിജയ്, അസിന്‍ എന്നിവര്‍ വിട്ടുനില്‍ക്കുകയായിരുന്നു.
മലയാളത്തില്‍ ഹിറ്റായ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്കാണ് കാവല്‍ക്കാരന്‍. ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഇതിനു ശേഷമാണ് തിരക്കഥയില്‍ മാറ്റം വേണമെന്ന ആവശ്യവുമായി വിജയ് രംഗത്തെത്തിയതെന്നാണ് കോടമ്പാക്കത്തെ സംസാരം.