താരസംഘടനയായ അമ്മക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ‘ട്വന്‍റി20’ ഈ മാസം മുപ്പത്തിയൊന്നിന് റിലീസ് ചെയ്യുമെന്ന് അറിയുന്നു.
താരബാഹുല്യം കൊണ്ട് ചിത്രീകരണം ഇഴഞ്ഞു നീങ്ങിയ സിനിമയുടെ റിലീസ് നിരവധി തവണ മാറ്റിവയ്‌ക്കപ്പെട്ടിരുന്നു. 24ന് റിലീസ് ചെയ്യുമെന്നായിരുന്നു ഒടുവില്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ ദീപാവലിക്ക് ശേഷം മുപ്പത്തിയൊന്നിന് റിലീസ് ചെയ്യാനാണ് വിതരണക്കാരുടെ തീരുമാനം എന്നറിയുന്നു. റംസാന്‍ റിലീസുകളായിരുന്ന ‘കുരുക്ഷേത്ര’യും ‘മായാബസാറും’ എ, ബി ക്ലാസ് തിയേറ്ററുകളില്‍ ഓടികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്വന്‍റി20യുടെ റിലീസിങ്ങ് വീണ്ടും നീട്ടിയത്.
മുടക്കുമുതല്‍ ഒറ്റയടിക്ക് തിരിച്ചു പിടിക്കാന്‍ വേണ്ടി 120 കേന്ദ്രങ്ങളില്‍ സിനിമ റിലീസ് ചെയ്യാനാണ് നീക്കമെന്നറിയുന്നു. റിലീസിങ്ങ് കേന്ദ്രങ്ങളുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡ് ആയിരിക്കും.
താരങ്ങള്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്ന ചിത്രം കേരളത്തിലെ ഏറ്റവും വലിയ പണം മുടക്കി ചിത്രമാണ്. ‘ട്വന്‍റി20’യുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാതിരുന്ന മീര ജാസ്മിന് മലയാളത്തില്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
‘ട്വന്‍റി20’യുടെ ഓഡിയോ സിഡി എറണാകുളത്ത് റിലീസ് ചെയ്‌തു. മഞ്‌ജുവാര്യര്‍ക്ക് ആദ്യ സി ഡി നല്‌കി അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്‍റാണ് സിഡി പ്രകാശനം ചെയ്‌തത്.