സുര്യ നമസ്‌കാരം നിങ്ങളില്‍ അത്ഭുതാവഹമായ മാറ്റങ്ങള്‍ വരുത്തും

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (16:41 IST)
പ്രായ - ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും ചെയ്യാവുന്ന ഒരു വ്യായാമമാണ് സുര്യ നമസ്കാരം. സൂര്യനെ പോലെ ഇത് സത്യവുമാണ്. പല യോഗസനാവസ്ഥകള്‍ കൂടിച്ചേര്‍ന്ന ഒന്നാണ് സൂര്യ നമസ്കാരം. എല്ലാ പ്രായക്കാര്‍ക്കും പ്രയോജനപ്രദമായ ഒരു ആസനമാണ് ഇത്.

ശാരീരികവും ബൌദ്ധികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാന്‍ സൂര്യനമസ്കാരം സഹായകമാവുന്നു. പന്ത്രണ്ട് സ്ഥിതികളിലൂടെയാണ് ഈ ആസനം പൂര്‍ത്തിയാവുക.
 
ചെയ്യേണ്ട രീതി
 
1. ആദ്യമായി കാലുകള്‍ അടുപ്പിച്ച് വച്ച് നില്‍ക്കുക. അതിനുശേഷം കൈകള്‍ തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുക. ഈ അവസരത്തില്‍ കൈപ്പത്തികള്‍ പരസ്പരം ചേര്‍ന്നിരിക്കണം. ഇനി കൈകള്‍ മുഖത്തിനു മുന്നിലേക്ക് കൊണ്ടുവരിക. കൈകള്‍ നെഞ്ചിനോട് ചേര്‍ത്ത് ‘നമസ്കാര’ അവസ്ഥയിലാവുക.
 2. ചെവിയില്‍ മുട്ടിയിരിക്കത്തക്കവിധം കൈകള്‍ ഉയര്‍ത്തുക, ഈ അവസരത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുക്കാന്‍ ശ്രദ്ധിക്കണം. പതുക്കെ കൈകള്‍ നീട്ടീപ്പിടിച്ച അവസ്ഥയില്‍ തന്നെ പിന്നിലേക്ക് ശരീരം വളയ്ക്കുക. ഈ സമയം വിശുദ്ധ ചക്രത്തില്‍ മനസ് അര്‍പ്പിക്കുകയും വേണം.
 3. ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ടുതന്നെ മുന്നോട്ട് വളഞ്ഞ് തറയില്‍ തൊടുക. കൈപ്പത്തികള്‍ പാദങ്ങള്‍ക്ക് സമാന്തരമായിരിക്കണം. ഈ അവസ്ഥയില്‍ മുഖം മുട്ടില്‍ സ്പര്‍ശിക്കുക. ഈ അവസ്ഥയെ പാദ പശ്ചിമോത്താനാസനം എന്നാണ് വിളിക്കുക.
4. ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് വലത് കാല്‍ പിന്നിലേക്ക് നീക്കുക. ഈ അവസരത്തില്‍ കൈകള്‍ നിലത്ത് ഉറപ്പിച്ച് വയ്ക്കണം. തുടര്‍ന്ന് തല ഉയര്‍ത്തിപ്പിടിക്കുക. ഈ അവസ്ഥയില്‍ ഏതാനും സെക്കന്‍ഡുകള്‍ തുടരുക.
 5. ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ഇടതുകാലും വലതുകാലിനൊപ്പം വക്കുക. കൈകള്‍ നന്നായി നിവര്‍ന്നിരിക്കണം. തുടര്‍ന്ന് അരക്കെട്ട് ഉയര്‍ത്തുക, തല കൈകള്‍ക്ക് സമാന്തരമാക്കി വക്കുക, ശരീരം ഒരു ആര്‍ക്ക് പോലെയാക്കുകയും വേണം.
 6. ശ്വാസം ഉള്ളിലേക്കെടുത്ത്, നെറ്റി, നെഞ്ച്, കൈകള്‍, കാല്‍‌മുട്ട് എന്നിവ നിലത്ത് മുട്ടിക്കുക. ഈ സമയം അരക്കെട്ട് അല്‍‌പ്പം ഉയര്‍ന്നിരിക്കുകയും വേണം. തുടര്‍ന്ന് ശ്വാസം വിടുക.
 7. ശ്വാസം ഉള്ളിലേക്ക് എടുത്ത് തല ഉയര്‍ത്തി ശരീരം പിന്നിലേക്ക് വളയ്ക്കുക. പറ്റുന്നിടത്തോളം നട്ടെല്ല് പിന്നിലേക്ക് വളയ്ക്കണം. ഈ ആസനാവസ്ഥയെയാണ് ഭുജംഗാസനം എന്ന് പറയുന്നത്.
 8. പതുക്കെ ശ്വാസം പുറത്തേക്ക് വിടുക. തുടര്‍ന്ന് കൈകള്‍ നേരെയാക്കി അരക്കെട്ട് ഉയര്‍ത്തി തലയും കൈകളും സമാന്തരമാക്കി വക്കുക.
 9. പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുക. ശേഷം വലത് കാല്‍മുട്ട് മടക്കി മുന്നോട്ട് കൊണ്ടുവന്ന് നിവര്‍ന്നിരിക്കുന്ന കൈകള്‍ക്കിടയില്‍ വയ്ക്കണം. തല ഉയര്‍ത്തിപ്പിടിക്കുകയും വേണം.
 10. പതുക്കെ ശ്വാസം പുറത്തേക്ക് വിടുക. തുടര്‍ന്ന് ഇടത്തെ കാലും മുന്നോട്ട് കൊണ്ടുവരാന്‍ ശ്രദ്ധിക്കണം.
11. ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് കൈകകള്‍ മുകളിലേക്ക് ഉയര്‍ത്തുക. തുടര്‍ന്ന് ശരീരം പിന്നോട്ട് വളയ്ക്കുക. ഇരുകൈകളും തലയ്ക്ക് മുകളില്‍ നിവര്‍ത്തിപ്പിടിച്ച അവസ്ഥയിലായിരിക്കണം വരേണ്ടത്.
12. അതിനുശേഷം നമസ്കാര അവസ്ഥയിലേക്ക് മടങ്ങുക.
 
പുറത്ത് വേദനയുള്ളവര്‍, പ്രത്യേകിച്ച് ഡിസ്ക് പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒരുകാരണവശാലും സൂര്യനമസ്കാരം ചെയ്യരുത്. ഇത്തരക്കാര്‍ ഏതെങ്കിലുമൊരു യോഗ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഈ ആസനങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ.
 
സൂര്യനമസ്കാരം ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍:
 
1. സൂര്യനമസ്കാരം ചെയ്യുന്നതു മൂലം ആന്തരാവയവങ്ങള്‍ക്ക് ആവശ്യമായ തടവല്‍ ലഭിക്കുന്നു.
 2. ഇത് നമ്മുടെ ത്വക്കിന് ഊര്‍ജ്ജ്വസ്വലത നല്‍കുന്നു. കൂടാതെ ത്വക്ക് രോഗങ്ങള്‍ക്ക് ഉത്തമമായ ഒരു പ്രതിവിധികൂടിയാണ് ഇത്.
 3. നട്ടെല്ലിനും അരക്കെട്ടിനും അനായാസത ലഭിക്കുവാന്‍ സൂര്യനമസ്കാരം ഉത്തമമാണ്.
4. ദഹനപ്രക്രിയയെ പോഷിപ്പിക്കാനും സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ സാധിക്കുന്നു.
Next Article