വിവാദങ്ങള്‍ക്ക് ഒരു ഗൃഹപാഠം

സര്‍ഗോത്സവത്തിന്‍റെ നിറഞ്ഞാട്ടം പ്രത്യക്ഷമാകാത്ത ഒരു വര്‍ഷമായിരുന്നു 2008. എന്നാല്‍ വിവാദങ്ങള്‍ക്ക് ഒരു കുറവുമുണ്ടായില്ല. സര്‍ഗ ചൈതന്യം നിറഞ്ഞ് നില്‍ക്കുന്ന കൃതികള്‍ക്കുപരിയായി ആത്‌മരതികളുടെയും ആത്‌മകഥകളുടെയും തള്ളിക്കയറ്റം തന്നെ ഇക്കുറിയുണ്ടായി. സാഹിത്യം കഴിഞ്ഞാല്‍ വിപണി കീഴടിക്കിയത് കോര്‍പ്പറേറ്റ് വിജയ മന്ത്രങ്ങള്‍ അടങ്ങിയ പുസ്തകങ്ങളായിരുന്നു. ഇത്തരം പുസ്തകങ്ങള്‍ക്ക് നല്ല ചിലവ് ഉണ്ടെന്നാണ് പല പ്രസാധകരും അഭിപ്രായപ്പെടുന്നത്. പുസ്തകങ്ങളെക്കാള്‍ ഇക്കുറി സാഹിത്യലോകത്തെ സജീവമാക്കിയത് വിവാദങ്ങള്‍ തന്നെയായിരുന്നു.

ഡി സി ബുക്സ് പ്രസിദ്ധീകരണമായ പച്ചക്കുതിര മാസികയില്‍ കേരള സാഹിത്യ അക്കാഡമി ചെയര്‍മാനും പ്രശസ്ത സാഹിത്യകാരനുമായ എം. മുകുന്ദന്‍ നടത്തിയ പ്രസ്താവനകളാണ് 2008ല്‍ സാഹിത്യലോകത്തും രാഷ്ട്രീയ രംഗത്തും ഏറെ കോലാ‍ഹലങ്ങള്‍ സൃഷ്‌ടിച്ചത്. പച്ചക്കുതിരയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനെ “കാലഹരണപ്പെട്ട പുണ്യവാളന്‍“ എന്ന് മുകുന്ദന്‍ വിശേഷിപ്പിച്ചതാണ് ചെയ്തതാണ് കോലാഹലങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കാലഹരണപ്പെട്ട ചിന്താധാരകളാണ്‌ വി എസ്‌ പിന്തുടരുന്നത്‌. അന്ധതയും അതിവൈകാരികതയും ബാധിച്ച അനുയായികളില്‍ നിന്ന്‌ വി എസ്‌ രക്ഷപ്പെടണമെന്നും മുകുന്ദന്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു‌‌. കാലഘട്ടത്തിന്‍റെ നേതാവായി ഈ അഭിമുഖത്തില്‍ മുകുന്ദന്‍ വിലയിരുത്തിയത് പിണറായി വിജയനെയായിരുന്നു.


മുകുന്ദന്‍റെ അഭിപ്രായങ്ങള്‍ വലിയ പ്രാധാന്യത്തോടെ തന്നെ മാസിക പ്രസിദ്ധീകരിക്കുകയും ചെയ്‌തു. അഭിമുഖം വിവാദമായതോടെ മുകുന്ദന്‍ പ്രതിരോധത്തിലായി. പുണ്യവാളന്‍ എന്ന പ്രയോഗം തന്‍റേതല്ലെന്നും അത് അഭിമുഖകാരന്‍ സൃഷ്‌ടിച്ചതാണെന്നും മുകുന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി. പക്ഷെ മുകുന്ദനെതിരെ ശക്തമായ പ്രതിഷേധം പല മേഖലകളില്‍ നിന്നുമുണ്ടായി. പലയിടത്തും പാര്‍ട്ടിപ്രവര്‍ത്തകര്‍ മുകുന്ദന്‍റെ കോലം കത്തിച്ചു. മുകുന്ദന്‍റെ അഭിപ്രായങ്ങളെ സാംസ്‌കാരിക മന്ത്രി എം.എ. ബേബി ദൌര്‍ഭാഗ്യകരം എന്നാണ് വിശേഷിപ്പിച്ചത്. വിവാദം കൊഴുത്തതോടെ മുകുന്ദന്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

തുടര്‍ന്ന് മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍, മുകുന്ദന്‍ അഭിമുഖത്തിലെ അഭിപ്രായങ്ങളെയും തന്‍റെ നിലപാടുകളെയും വ്യക്‌തമാക്കിക്കൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. ജനങ്ങളുടെ നേതാവായി അച്യുതാനന്ദനെ മുകുന്ദന്‍ ഇതില്‍ പ്രകീര്‍ത്തിക്കുന്നു. പക്ഷെ, ഭാഷയിലെ ആന്തരികാര്‍ത്ഥങ്ങള്‍ പച്ചക്കുതിരയിലെ അഭിപ്രായങ്ങള്‍ അടിവരയിടും പോലെ വായനക്കാര്‍ക്ക് തോന്നി എന്നതാണ് യാഥാര്‍ഥ്യം. എന്തായാലും ഇപ്പോള്‍ സംഗതികള്‍ ഏറെ ആറിത്തണുത്ത മട്ടാണ്.









2008 കലണ്ടറില്‍ നിന്ന് കൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദവുമായി രംഗത്ത് എത്തിയത് ശില്പിയും എഴുത്തുകാരനും ചിത്രകാരനുമൊക്കെയായ എം.വി ദേവനാണ്. വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന കേരളത്തെ പടുകുഴിയിലേക്ക് വലിച്ചിട്ടത് ഒരു നമ്പൂതിപ്പാടാണ് എന്നും പുരോഗമനം നടപ്പിലാക്കാന്‍ ശ്രമിച്ചവരെ നിഷ്കാസനം ചെയ്യുകയായിരുന്നു നമ്പൂതിരി ചെയ്‌തത് എന്നും ദേവന്‍ തുറന്നടിച്ചു. പ്രശ്സ്ത സാഹിത്യകാരന്‍മാരായ എം.ടിയേയും എന്‍.വി കൃഷ്‌ണവാര്യരെയും അതിരൂക്ഷമായ ഭാഷയിലാണ് ദേവന്‍ വിമര്‍ശിച്ചത് എം.ടി വെറും എം‌പ്റ്റി(ശൂന്യന്‍) ആണെന്നും എന്‍.വിയ്ക്ക് എന്‍വി (അസൂയ) ഉണ്ടെന്നുമാണ് ദേവന്‍ അഭിപ്രായപ്പെട്ടത്.

എം.പി വിരേന്ദ്രകുമാറിനേയും മാതൃഭൂമിയേയും ദേവന്‍ വെറുതെ വിട്ടില്ല. രൂക്ഷമായ പരിഹാസമാണ് ഇവര്‍ക്ക് നേരെ ചൊരിഞ്ഞത്. എന്നാല്‍ ഈ അഭിപ്രായം പുറത്തുവരുന്നതിന് മുന്‍പ് പുറത്തിറങ്ങിയ മാ‍തൃഭൂമി ആഴ്‌ചപ്പതില്‍ എം.ടിയെ പ്രതിഭാധനനായാണ് ദേവന്‍ വിലയിരുത്തിയിരിക്കുന്നത്. എം.ടിയെ പോലുള്ളവര്‍ ഇല്ലാത്ത മാതൃഭൂമി താന്‍ വായിക്കാറില്ലയെന്ന് ദേവന്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ പൊടുന്നനെയുണ്ടാ‍യ ഈ മലക്കം മറിച്ചിലിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. എന്തായാലും ഈ പ്രസ്താവനയുടെ അനുരണനങ്ങള്‍ 2009ലും തുടരും എന്ന് പ്രതീക്ഷിക്കാം.

സര്‍ഗപരമായ ഒരു തളര്‍ച്ചയുടെ കാലത്താണ് മലയാള സാഹിത്യം ഇപ്പോള്‍. പ്രഗത്ഭര്‍ പലരും പടിയിറങ്ങിയതും ഈ വര്‍ഷം തന്നെയാണ്. വിവാദങ്ങള്‍ക്ക് മാത്രം വേദിയാകാതെ സര്‍ഗാത്മകതയുടെ പുതുവെളിച്ചങ്ങള്‍ 2009ല്‍ ഉയിരെടുക്കുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക