ക്രിസ്‌മസ് കാര്‍ഡുകളും ന്യൂ ഇയര്‍ കാര്‍ഡുകളുമായെത്തുന്ന പോസ്റ്റുമാനെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഒരു കുട്ടിക്കാലം അടുത്തകാലം വരെ കേരളത്തിലുണ്ടായിരുന്നു.
ക്രിസ്‌മസ് അവധി കഴിഞ്ഞ് സ്‌കൂളിലെത്തുന്ന കുട്ടികളുടെ പ്രധാന കലാപരിപാടിയായിരുന്നു കിട്ടിയ കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കല്‍. ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ ലഭിക്കുന്നവര്‍ക്ക് എന്ത് അഹങ്കാരമായിരുന്നെന്നോ! കെയര്‍ ചെയ്യുന്ന കൂടുതല്‍ പേരുണ്ടെന്നാണ് കൂടുതല്‍ കാര്‍ഡുകളെന്നാല്‍ സൂചിപ്പിക്കുന്നത്. ഏറ്റവും വില കൂടിയ കാര്‍ഡുകള്‍ അത്ഭുതാദരങ്ങള്‍ പിടിച്ചുപറ്റും. ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കിട്ടിയ കുട്ടിയെ മറ്റുള്ളവര്‍ അസൂയയോടെ നോക്കും.
ബന്ധുവീടുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറ്റും രണ്ടുവരി സന്ദേശവുമായി വന്നിരുന്ന ആ കാര്‍ഡുകള്‍ കുട്ടികളെ മാത്രമല്ല ആകര്‍ഷിച്ചിരുന്നത്. കൌമാരപ്രായക്കാര്‍ക്ക് പ്രണയത്തിന്റെ നേരിട്ടല്ലാത്ത പ്രകാശനത്തിനൊരവസരം നല്‍കിയിരുന്നു ക്രിസ്‌മസ്-ന്യൂ ഇയര്‍ കാര്‍ഡുകള്‍. വൃദ്ധര്‍ക്കാവട്ടെ, ദൂരെ നിന്ന് ഒഴുകിയെത്തുന്ന സ്നേഹവും സ്വാന്തനവചസ്സുമായിരുന്നു കാര്‍ഡുകള്‍. ഏതെങ്കിലുമൊരു കാരണം കൊണ്ട് എല്ലാവരെയും കാര്‍ഡുകള്‍ ആകര്‍ഷിച്ചു.
ക്രിസ്‌മസിനും ന്യൂയറിനും ഒരാഴ്ച മുമ്പേ അയയ്ക്കാനുള്ള കാര്‍ഡുകള്‍ വാങ്ങുകയാണ് പതിവ്. പോസ്റ്റുമാനില്‍ നിന്ന് കാര്‍ഡ് സ്വീകരിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും നിനച്ച്, കടയായ കടയെല്ലാം കയറിയിറങ്ങി കാര്‍ഡുകള്‍ വാങ്ങിക്കൂട്ടുന്നതിന്റെ ഹരം മലയാളിക്കറിയാം. അവസാനം കാര്‍ഡുകള്‍ നെഞ്ചോടടുക്കിപ്പിടിച്ച് അഭിമാനത്തോട് വീട്ടിലേക്ക്. തുടര്‍ന്ന് അടുത്തടുത്ത ദിവസങ്ങളിലായി സ്റ്റാമ്പൊട്ടിച്ച്, വിലാസമെഴുതി പോസ്റ്റ്‌ബോക്‌സില്‍ കാര്‍ഡടങ്ങുന്ന കവറുകളുമിട്ട് മടങ്ങുന്നതോടെ വരാനുള്ള കാര്‍ഡുകള്‍ക്കായുള്ള കാത്തിരിപ്പ് തുടങ്ങുകയായി.
മലയാളിയുടെ കുട്ടിക്കാലത്തിന് നിറവും പകിട്ടും പകര്‍ന്ന ക്രിസ്‌മസ്-ന്യൂ-ഇയര്‍ കാര്‍ഡുകള്‍ പടിയിറങ്ങുന്ന കാലമാണിത്. ഫോണും സെല്‍ഫോണും നെറ്റും പോസ്റ്റുമാന്റെ ഡ്യൂട്ടി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ശബ്ദമായും ചിത്രമായും ചലനചിത്രമായും ക്രിസ്‌മസ്-ന്യൂ-ഇയര്‍ കാര്‍ഡുകള്‍ പോസ്റ്റുമാനില്ലാതെ തന്നെ നമ്മെ തേടിയെത്തുമ്പോള്‍ പഴയൊരു ‘പോസ്റ്റുമാന്‍ കാലം’ നൊസ്റ്റാള്‍ജിയയായി മലയാളികളുടെ ഉള്ളില്‍ എന്നുമുണ്ടാവും.