വീണ്ടുമൊരു വനിതാ ദിനം കൂടി; അറിയാം ഈ ദിവസത്തിന്റെ ചരിത്രം

അനിരാജ് എ കെ

ബുധന്‍, 19 ഫെബ്രുവരി 2020 (19:37 IST)
പെണ്ണ് അൽപ്പമൊന്ന് മുന്നേറിയാൽ അടുക്കളയിൽ നിന്നും അരങ്ങത്തേയ്‌ക്കെന്നാണ് വിശേഷണം. അടുക്കള മോശവും അരങ്ങ് കേമവുമാണെന്നൊരു ധ്വനിയുമുണ്ടതിന്. എന്നാൽ ഗ്രഹഭരണം അത്രയ്ക്കു മോശമാണോ?, വീടിന്റെ വിളക്കാണ് സ്‌ത്രീ. ഓരോ വീടും ക്രമമായി മുന്നോട്ട് നയിക്കുന്നവളാണ് ഓരോ സ്ത്രീയും. 
 
ഇന്നു അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുമ്പോൾ അഭിമാനിക്കാം ഓരോ സ്‌ത്രീക്കും. ആരുടെയും മുന്നിൽ തല കുനിക്കേണ്ടവരോ, ആരുടെയും അവഹേളനങ്ങൾ ഏൽക്കേണ്ടവരോ അല്ല സ്ത്രീകൾ. ആരുടെയും കാരുണ്യത്തിൽ ജീവിക്കേണ്ടവരോ, ആരാലും ആക്രമിക്കപ്പെടേണ്ടവരോ അല്ല സ്ത്രീകൾ. 
 
വെറും ആഘോഷമായി മാത്രം കാണാതെ ഈ ദിവസത്തിന്റെ ചരിത്രത്തെക്കുറിച്ച് ഓർമ്മിക്കുക എന്ന ഉത്തരവാദിത്വം നമുക്കുണ്ട്. സ്വന്തം തൊഴിലിടത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ വിപ്ലവ ചരിത്രമുണ്ട് ഈ ദിനത്തിനെന്നത് പലര്‍ക്കും അന്യമാണ്. അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വനിതാ ദിനത്തിന്റെ പ്രസക്തി ഏറുകയാണ്.
 
1910ല്‍ ജര്‍മനിയിലെ വനിതാ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാരാ സെറ്റ്കിന്‍ ആണ് അന്താരാഷ്ട്ര തലത്തില്‍ വനിതാദിനത്തിന്റെ പ്രാധാന്യം ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഇത്തരമൊരു ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ സമ്മേളനത്തില്‍ തന്നെ അതിന് അംഗീകാരവും ലഭിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം 1911ല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ ദിനം ആചരിച്ചു. 
 
1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. ഇന്നും വര്‍ഷം തോറും വനിതാ ദിനം ആഘോഷിക്കപ്പെടുകയാണ്. പക്ഷെ ഇത് ഒരു ആഘോഷമല്ല, സ്ത്രീ പ്രശ്‌നങ്ങള്‍ സമൂഹത്തിലേക്ക് എടുത്തിടേണ്ട അവസരമായാണ് ഇതിനെ കാണേണ്ടത്. ഒരു ദിവസത്തെ അജന്‍ഡയായി മാ‍ത്രം ഇത് അവസാനിക്കാന്‍ പാടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍