Women's Day History: വനിതാ ദിനത്തിന്റെ ചരിത്രം

രേണുക വേണു

വെള്ളി, 7 മാര്‍ച്ച് 2025 (15:58 IST)
Women's Day History: എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. വനിതാദിനം ആചരിക്കുന്നത് ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്രയും കാലത്തിനിടയില്‍ സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ച് ഇപ്പോഴും ഭീതിയും ആശങ്കയുമുണര്‍ത്തുന്ന വസ്തുതകള്‍ നിലനില്‍ക്കുകയാണ്.
 
സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം അംഗീകരിച്ചുകിട്ടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു വനിതാദിനത്തിന്റെ ആരംഭം.
 
1909 ഫെബ്രുവരി 28ന് യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് ആദ്യ വനിതാ ദിനം ആചരിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്കയുടെ നേതൃത്വത്തിലായിരുന്നു ഇത്. വ്യവസായ മേഖലയുടെ വളര്‍ച്ചയോടെയാണ് അന്താരാഷ്ട്ര വനിതാദിനം എന്ന ആശയം രൂപപ്പെടുന്നത്.
 
ജോലിക്കിടയില്‍ അനുഭവിക്കേണ്ടിവരുന്ന പലവിധ സമ്മര്‍ദങ്ങള്‍ സ്ത്രീകളെ സംഘടിതമായി പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചുതുടങ്ങി. ഇതിന്റെ തുടര്‍ച്ചയായി 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു വലിയ പ്രകടനം നടക്കുകയുണ്ടായി. എന്നാല്‍ അന്ന് പൊലീസ് സഹായത്തോടെ സര്‍ക്കാര്‍ ഈ പ്രതിഷേധത്തെ ശക്തമായി അടിച്ചൊതുക്കുകയായിരുന്നു.
 
എങ്കിലും ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് തുടര്‍ന്നുള്ള വര്‍ഷവും ന്യൂയോര്‍ക്ക് സിറ്റി സാക്ഷ്യം വഹിച്ചു. 1910 ല്‍ കോപെന്‍ഹേഗനില്‍ അന്താരാഷ്ട്ര സ്ത്രീ സമ്മേളനം നടന്നു. ഈ സമ്മേളനത്തിലാണ് വനിതാദിനം എന്ന ആശയം പൂവണിയുന്നത്. എങ്കിലും കൃത്യമായ ഒരു തീയതി അന്ന് തീരുമാനിച്ചിരുന്നില്ല.
 
പലയിടങ്ങളിലും മാര്‍ച്ച് 19നും മാര്‍ച്ച് 25നുമായിരുന്നു വനിതാ ദിനം ആചരിച്ചിരുന്നത്. ഒന്നാം ലോക മഹായുദ്ധ ആരംഭത്തില്‍ യൂറോപ്പിലാകമാനം സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു സമാധാന റാലി സംഘടിപ്പിക്കപ്പെട്ടു. 1913 മാര്‍ച്ച് എട്ടിനായിരുന്നു ഇത്. തുടര്‍ന്നാണ് മാര്‍ച്ച് എട്ടിന് വനിത ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
 
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ വനിതാദിനം എന്ന ആശയം പ്രാബല്യത്തില്‍ വന്നെങ്കിലും 1960കളിലെ ഫെമിനിസത്തോട് കൂടിയാണ് ഇത് ശക്തമായത്. റഷ്യയടക്കമുള്ള പല രാജ്യങ്ങളും ഈ ദിവസം ഔദ്യോഗിക അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍