പെണ്ണേ, നിനക്ക് നീയേ തുണ...

Webdunia
വ്യാഴം, 24 മെയ് 2018 (14:13 IST)
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഓരോ മിനിറ്റിലും അത്തരം ആയിരക്കണക്കിന് കേസുകളാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. രണ്ട് വയസുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 90 വയസുള്ള വൃദ്ധര്‍ വരെ ഇതിന്റെ ഇരകളാണ്. എന്നിട്ടും നമ്മുടെ ഭരണകൂടത്തിനോ നിയമവ്യവസ്ഥയ്ക്കോ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയുന്നില്ല. 
 
എന്നാല്‍ ഇത്തരം ക്രൂരതകള്‍ക്കെതിരെ സ്ത്രീകള്‍ക്ക് തന്നെ ചിലത് ചെയ്യാന്‍ കഴിയും. സ്ത്രീകള്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ അവരുടെ സുരക്ഷിതത്വത്തിനായി ചില കാര്യങ്ങള്‍ കൂടെ കരുതേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം എന്നതാണ് ആദ്യത്തെ കാര്യം. പോകേണ്ട സ്ഥലത്തിന്‍റെ പ്രത്യേകതകള്‍, ക്രൈം റേറ്റ് തുടങ്ങിയ കാര്യങ്ങള്‍ ആദ്യമേ മനസിലാക്കണം. പൊലീസ് സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, ഹോട്ടലുകള്‍, താമസ സൌകര്യങ്ങള്‍ തുടങ്ങിയവയേക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കണം. 
 
നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിങ്ങള്‍ക്ക് പരിചയമുള്ള ആളുകള്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരുമായി ബന്ധപ്പെടുക. എപ്പോഴും ബന്ധപ്പെടാന്‍ പറ്റുന്നവരും വിശ്വസിക്കാന്‍ കഴിയുന്നവരുമായിരിക്കണം. അടിയന്തര ഘട്ടത്തില്‍ ആവശ്യമായി വരുന്ന ചില നമ്പറുകള്‍ എപ്പോഴും കൈയില്‍ സൂക്ഷിക്കണം. ഉദാഹരണത്തിന് പൊലീസ്, വനിതാ കമ്മീഷണ്‍, ഹെല്‍പ്പ് സെന്റര്‍ തുടങ്ങിയവയുടെ നമ്പറുകള്‍.
 
ഹെല്‍ത്ത് ഇന്‍ഷുറന്‍സും ട്രാവല്‍ ഇന്‍ഷുറന്‍സും എപ്പോഴും നല്ലതാണ്. യാത്രയ്ക്കിടെ അപകടം വല്ലതും പറ്റിയാല്‍ ഇത് ഏറെ ഉപകാരപ്പെടും. യാത്ര ചെയ്യുമ്പോള്‍ വീട്ടിലുള്ള ഒരാളുമായി എപ്പോഴും ബന്ധപ്പെടണം. ഫോണ്‍ എപ്പോഴും ഫുള്‍ ചാര്‍ജ്ജില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. യാത്രയ്ക്ക് ആവശ്യമുള്ള വസ്ത്രങ്ങളും സാധനങ്ങളും മാത്രം എടുക്കുക.
 
യാത്ര ചെയുമ്പോള്‍ പണം കൈയില്‍ തന്നെ വയ്ക്കരുത്. കുറച്ച് പണം കൈയില്‍ സൂക്ഷിക്കുകയും മറ്റ് ആവശ്യങ്ങള്‍ക്കായി എടി‌എം കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യുക. പോകുന്ന സ്ഥലങ്ങളുടെ സംസ്കാരം അറിഞ്ഞ് ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. വിവാഹം കഴിഞ്ഞ സ്ത്രീകളാണെങ്കില്‍ അവരുടെ കൈവശം വിവാഹ സര്‍ട്ടിഫിക്കറ്റ് കരുതേണ്ടത് അത്യാവശ്യമാണ്.
 
ഏതെങ്കിലും രീതിയില്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ പെട്ടെന്ന് എടുക്കേണ്ട ചില സുരക്ഷാ നടപടികളുണ്ട്. അവയ്ക്കായി ചില കാര്യങ്ങള്‍ ബാഗില്‍ കരുതുക. പെപ്പര്‍ സ്പ്രേ അത്യാവശ്യമായി കൂടെ കരുതേണ്ട ഒരു കാര്യമാണ്. എന്നാല്‍ അത് പ്രയോഗിക്കാന്‍ അറിഞ്ഞിരിക്കണം എന്നത് വേറെ കാര്യം. നെയില്‍ കട്ടര്‍ വലിപ്പത്തിലുള്ള കത്തി, ഉച്ചത്തില്‍ അലാറം മുഴക്കുന്ന മൊബൈല്‍ എന്നിവ ഒപ്പമുണ്ടാകണം. സുരക്ഷാ ആപ്പുകള്‍ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article