“മമത”, സാധാരണക്കാരോട്

ശനി, 14 മാര്‍ച്ച് 2009 (20:42 IST)
PROPRO
ഇനി ഒരു നൂറ് വര്‍ഷം കഴിഞ്ഞ് കൊല്‍ക്കത്താ തെരുവുകളില്‍ ചെന്ന് ‘മമത ബാനര്‍ജി‘ എന്ന് വിളിച്ച് പറഞ്ഞാലും ആ ശബ്ദം കേട്ടിടത്തേക്ക് കൊല്‍ക്കത്ത മുഴുവന്‍ ഓടിയെത്തും. കാരണം, വേറൊന്നുമല്ല, രാഷ്‌ട്രീയത്തിന്‍റെ അധികാര ചക്രം ഉപയോഗിച്ച് അവര്‍ ഓടിക്കയറിയത് കൊല്‍ക്കത്തയുടെ തെരുവോരങ്ങളിലെ ജനമനസ്സുകളിലേക്കായിരുന്നു.

നന്ദിഗ്രാമിലൂടെയും, സിംഗൂരിലൂടെയും അവര്‍ ഭരണപക്ഷത്തിന് തലവേദനയായപ്പോള്‍, ബംഗാളിലെ സാധാരണ ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി മാറുകയായിരുന്നു കൊല്‍ക്കത്തക്കാരുടെ ‘മമത ദി’ ആയ മമത ബാനര്‍ജി.

രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതിനു മുമ്പേ രാഷ്‌ട്രവും രാഷ്‌ട്രീയവും എന്തെന്ന് മനസില്‍ കുറിച്ചിട്ട വ്യക്തിയായിരുന്നു മമത ബാനര്‍ജി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പ്രോമിലേശ്വര്‍ ബാനര്‍ജിയുടെയും രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഭര്‍ത്താവിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്ന ഗായത്രി ബാനര്‍ജിയുടെയും മകളായിട്ടായിരുന്നു മമത ബാനര്‍ജിയുടെ ജനനം- 1955 ജനുവരി അഞ്ചിന്.

നീതിയും ധര്‍മബോധവും കലര്‍ന്ന രാഷ്‌ട്രീയ അഭിരുചി മാതാപിതാക്കളില്‍ നിന്നും മമതയ്ക്ക് പകര്‍ന്നു കിട്ടി. വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ മമത സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അഭിരുചി കാണിച്ചിരുന്നു. കൊല്‍ക്കത്തയിലെ ജോഗ്‌മയ ഡേബി കോളേജിലെ പഠന കാലത്ത് ബംഗാള്‍ ഛത്ര പരിഷതില്‍ അവര്‍ അംഗമായി.

നിയമത്തില്‍ ബിരുദവും അധ്യാപന പരിശീലനവും നേടിയ മമത ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു പ്രാഥമിക വിദ്യാലയത്തില്‍ അല്‍പ്പകാലം അധ്യാപികയായി ജോലി നോക്കി. എന്നാല്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനായി അവര്‍ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു.

കോണ്‍ഗ്രസിലൂടെയാണ് മമത രാഷ്ട്രീയത്തിലെത്തുന്നത്. 1977 മുതല്‍ 83 വരെ ചത്ര പരിഷത്തിന്‍റെ വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു അവര്‍. 1979-80 കാലത്ത് പശ്ചിമ ബംഗാള്‍ മഹിള കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1981 മുതല്‍ 1987 വരെ പശ്ചിമ ബംഗാള്‍ പ്രൊവിന്‍ഷ്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയായും 1983-88 കാലത്ത് ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്‍റെ വനിത വിഭാഗം സെക്രട്ടറിയായും 1980-85 കാലത്ത് ദക്ഷിണ കൊല്‍ക്കത്ത ജില്ല കോണ്‍ഗ്രസ് സെക്രട്ടറിയായും മമത പ്രവര്‍ത്തിച്ചു.

1984ലാണ് അവര്‍ ആദ്യമായി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജാദവ്പൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നായിരുന്നു ഇത്. 1987ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതിയില്‍ അവര്‍ അംഗമായി. 1988ല്‍ കോണ്‍ഗ്രസ് പാര്‍ലിമെന്‍ററി പാര്‍ട്ടിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു മമത. 1989ല്‍ പഴ്ശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായ മമത 1991ലും 1996ലും ദക്ഷിണ കൊല്‍ക്കത്ത മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പാര്‍ലിമെന്‍റേറിയന്‍ ആയിരിക്കുന്ന അവസരത്തിലും നിരവധി പാര്‍ലിമെന്‍ററി സമിതികളില്‍ അംഗമായിരുന്നു മമത. 1991ലെ നരസിംഹറാവു സര്‍ക്കാരില്‍ യുവജനകാര്യ, കായിക, വനിത ഉന്നമന വകുപ്പ് സഹമന്ത്രിയായി മമത നിയമിക്കപ്പെട്ടു.

കോണ്‍ഗ്രസുമായുണ്ടായ ആശയ ഭിന്നതയുടെ പേരില്‍ 1997ല്‍ കോണ്‍ഗ്രസ് വിട്ട മമത തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. 1998 ജനുവരി ഒന്നിനാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിലവില്‍ വരുന്നത്. വളരെ പെട്ടെന്നുതന്നെ ബംഗാളിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ ശക്തമായ പ്രതിപക്ഷമാവാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിച്ചു.

1998 ലും 1999ലും കൊല്‍ക്കത്ത സൌത്തില്‍ നിന്നും അവര്‍ ലോക്സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റെയില്‍ മന്ത്രിയായിരുന്നു മമത. 2000 ത്തിലാണ് മമത ആദ്യ റെയില്‍ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. റെയില്‍ ബജറ്റുകളുടെ ചരിത്രത്തില്‍ തിളക്കമുള്ള ബജറ്റുകളൊന്നാ‍യിരുന്നു മമതയുടെ കന്നി ബജറ്റ്.

മാതൃസംസ്ഥാനമായ പശ്ചിമ ബംഗാളിന് വാഗ്ദാനം ചെയ്തതെല്ലാം നല്‍കാന്‍ മമത ബജറ്റില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ട്രെയിന്‍ ഗതാഗതം കൊണ്ടുവരുന്നതിന് ഇന്ത്യ മുന്‍കൈയ്യെടുക്കണമെന്ന് അവര്‍ ബജറ്റില്‍ ആവശ്യപ്പെട്ടു.


എന്നാല്‍ ബി ജെ പിയുമായുണ്ടായ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് അവര്‍ 2001ല്‍ സര്‍ക്കാര്‍ വിടുകയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. 2004ല്‍ എന്‍ ഡി എയില്‍ മടങ്ങിയെത്തിയ അവര്‍ കല്‍ക്കരി, ഖനിവകുപ്പ് മന്ത്രിയായി നിയമിക്കപ്പെട്ടു. എന്നാല്‍, 2006 ല്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പകുതിയിലധികം സിറ്റിംഗ് എം എല്‍ എമാരെ നഷ്‌ടപ്പെട്ടത് മമതയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.

2006 ല്‍ ബംഗാളിലെ സിംഗൂരില്‍ ടാറ്റയുടെ നാനൊ കാര്‍ പദ്ധതി വരുന്നതിനെ എതിര്‍ത്ത് തോല്‍‌പ്പിക്കാന്‍ കഴിഞ്ഞത് മമതയുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രമായിരുന്നു. അതിനു പുറമേ, 2007 ല്‍ ഇന്തോനേഷ്യയിലെ സലീം ഗ്രൂപ്പിന് പ്രത്യേക സാമ്പത്തിക മേഖലയുടെ കീഴില്‍ കെമിക്കല്‍ ഹബ് തുടങ്ങുന്നതിനായി 100000 ഏക്കര്‍ കൃഷിഭൂമി കര്‍ഷകരില്‍ നിന്നും പിടിച്ചു നല്‍കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിനെതിരെ അവര്‍ തുടങ്ങിയ സമരത്തെ സര്‍ക്കാ‍ര്‍ പോലീസും പട്ടാളവും ഉപയോഗിച്ച് നേരിട്ടു. എങ്കിലും അന്തിമ വിജയം മമതയ്ക്കൊപ്പമായിരുന്നു. പക്ഷേ, ആ പോരാട്ടത്തില്‍ 14 കര്‍ഷകരുടെ ജീവന്‍ നഷ്‌ടപ്പെട്ടത് മമതയുടെ വേദനയായി മാറി.

രാ‍ഷ്‌ട്രീയത്തില്‍ മാത്രമല്ല മമത തന്‍റെ കഴിവ് തെളിയിച്ചത്. സംഗീതത്തിലും, എഴുത്തിലും, ചിത്രരചനയിലും അവര്‍ക്ക് ജന്‍‌മവാസനയുണ്ടായിരുന്നു. രാഷ്‌ട്രീയ തിരക്കിനിടയിലും തനിക്ക് കിട്ടിയ ജന്‍‌മവാസനകളെ പാതിവഴിക്ക് ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. മമതയുടെ അയ്യായിരത്തിലധികം പെയിന്‍റിഗുകള്‍ വിവിധ എക്‌സിബിഷനുകളിലായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പെയിന്‍റിംഗുകള്‍ വിറ്റു ലഭിച്ച വരുമാനം മുഴുവനും അവര്‍ ഉദാരപ്രവര്‍ത്തനങ്ങള്‍ക്കാ‍യിട്ടാണ് മാറ്റിവെച്ചത്.

പെയിന്‍റിംഗിനോടൊപ്പം പുസ്തക രചനയിലും അവര്‍ തന്‍റെ കഴിവ് തെളിയിച്ചു. ഇതിനകം ഇരുപതിലധികം പുസ്തകങ്ങള്‍ മമത പ്രസിദ്ധീകരിച്ച് കഴിഞ്ഞു. മദര്‍ ലാന്‍ഡ്, സ്‌ട്രഗിള്‍ ഫോര്‍ എക്സിസ്‌റ്റന്‍സ്, സ്മൈല്‍, ഡാര്‍ക് ഹൊറൈസണ്‍ എന്നിവ അതില്‍ ചിലതു മാത്രമാണ്. പുസ്തകങ്ങള്‍ കൂടാതെ, അനവധി മാഗസിനുകളിലും അവര്‍ എഴുതാറുണ്ട്.

2009 ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍, സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു, ബംഗാളില്‍ ഇത്തവണ കനത്ത വെല്ലുവിളിയാണ് പാര്‍ട്ടി നേരിടുന്നതെന്ന്. അതെ, ആ വെല്ലുവിളിക്ക് പിന്നില്‍ മമതാ ബാനര്‍ജി എന്ന ‘സാധാരണക്കാരുടെ രാഷ്‌ട്രീയ നേതാവ്‘ അവിടുത്തെ ജനഹൃദയങ്ങളില്‍ നേടിയ സ്ഥാനമായിരുന്നു.

വെബ്ദുനിയ വായിക്കുക