സീരിയല്‍ കണ്ട് കരഞ്ഞ് ഹൃദയം പൊട്ടിമരിച്ചു!

ചൊവ്വ, 29 മെയ് 2012 (13:56 IST)
PRO
PRO
പ്രേക്ഷകരെ കണ്ണീര്‍ കടലില്‍ ആഴ്ത്തുന്ന ടിവി സീരിയലുകളെ പറ്റി ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞതാണ്. സ്ത്രീകളെ മുന്നില്‍ കണ്ടുകൊണ്ട് കണ്ണീര്‍പ്പുഴയില്‍ നീന്തുന്ന നായികയെ ആവിഷ്കരിക്കുന്ന സീരിയല്‍ പരമ്പരകള്‍ക്ക് ഇതാ ഒരു രക്തസാക്ഷി. സീരിയലില്‍ നായികയുടെ ദയനീയ രംഗങ്ങള്‍ കണ്ട് ഒരു വൃദ്ധ ഹൃദയം പൊട്ടിമരിച്ചു.

കര്‍ണ്ണാടകയിലെ ബെലഗവി ബൈല്‍ഹോംഗല്‍ ബസാപുരിലെ കാശമ്മ രുദ്രപ്പ ബദേലപ്പണ്ണവരാണ് (62) മരിച്ചത്. പ്രതിയാവട്ടെ പ്രമുഖ കന്നഡ ചാനലായ ഉദയ ടിവിയില്‍ രാത്രി ഒമ്പതിന് സംപ്രേഷണം ചെയ്യുന്ന ബംഗാര എന്ന സീരിയലും. ഓരോ എപ്പിസോഡിലും ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്ക് നീങ്ങുന്ന ബംഗാരയിലെ കാവേരിയെന്ന നായികയുടെ ആരാധികയാണ് കാശമ്മ.

വീട്ടില്‍ ടിവിയില്ലാതിരുന്നതു കൊണ്ട് അയല്‍ വീട്ടിയായിരുന്നു കാശമ്മ സീരിയല്‍ കാണാറ്‌. ഇക്കഴിഞ്ഞ ദിവസം രാത്രി, തളര്‍‌വാതം പിടിച്ച് കിടക്കുന്ന ഭര്‍ത്താവ് രുദ്രപ്പയെ വീട്ടില്‍ തനിച്ചാക്കിയാണ് കാശമ്മ സീരിയില്‍ കാണാന്‍ പോയത്. നായികയായ കാവേരി ഒരു പ്രശ്നത്തില്‍ പെടുന്ന എപ്പിസോഡ് അവസാനിച്ചത്. കാവേരി കാറിന്റെ ഡിക്കിയില്‍ ഒളിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രംഗം കണ്ടതോടെയാണ് കാശമ്മയുടെ നിയന്ത്രണം വിട്ടത്.

എപ്പിസോഡ് ആരംഭിക്കുമ്പോഴേ കരഞ്ഞുതുടങ്ങിയിരുന്ന കാശമ്മ, നായിക കാറിന്റെ ഡിക്കിയില്‍ ഒളിക്കുന്ന അവസാനം രംഗം കണ്ടതോടെ അലറിക്കരഞ്ഞ് കുഴഞ്ഞുവീണു. അയല്‍‌വാസികളെല്ലാം ഉടനെ തന്നെ കാശമ്മയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവര്‍ മരിച്ച് കഴിഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

സീരിയലിലെ കണ്ണീര്‍ക്കടല്‍ കണ്ട് ഒരു ജീവന്‍ പൊലിഞ്ഞത് കര്‍ണാടകയെ നടുക്കിയിട്ടുണ്ട്. സിനിമയിലെ അതിരുകടന്ന ലൈംഗികതയ്ക്കും വയലന്‍‌സിനും കത്തിവയ്ക്കുന്നത് പോലെ, സീരിയലിലെ അമിത കണ്ണീര്‍ക്കടലിന് കത്തിവയ്ക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്തായാലും ഈ സംഭവത്തോടെ ‘ബംഗാര’ റേറ്റിംഗില്‍ ഒന്നാമതായി എത്തിയേക്കാം. ഒരു പൈസയും ചെലവിടാതെ ബംഗാരയ്ക്ക് കിട്ടിയ പരസ്യമാണല്ലോ കാശമ്മയുടെ ദയനീയ അന്ത്യം!

വെബ്ദുനിയ വായിക്കുക