വ്യത്യസ്ഥതയാര്‍ന്ന വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടി സംവൃത സുനില്‍ വിവാഹിതയാകുന്നു. കണ്ണൂര്‍ സ്വദേശിയായ സംവൃതയുടെ വരന്‍ കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അഖില്‍ ആണ്. കോഴിക്കോട് ആണ് അഖിലിന്റെ സ്വദേശം.
അതേസമയം വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല. വിവാഹശേഷം അഭിനയരംഗത്ത് തുടരണോ എന്ന കാര്യത്തിലും സംവൃത തീരുമാനമെടുത്തിട്ടില്ല.
ഈ അടുത്ത കാലത്ത് മലയാളത്തിലുണ്ടായ നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ച നടിയാണ് സംവൃത. കാമുകിയായും അമ്മയായും അഭിനയിക്കാന്‍ ഒരുപോലെ ധൈര്യം കാട്ടിയ സംവൃത തീരെ ചെറിയ റോളുകള്‍ ചെയ്യാനും മടികാട്ടിയില്ല. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ഈ നടി മിടുക്കുകാട്ടി.
ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ആസിഫ് അലിക്കൊപ്പമുള്ള അസുരവിത്ത് ആണ് സംവൃതയുടെ ഏറ്റവും പുതിയ ചിത്രം. നോട്ടം, അച്ഛനുറങ്ങാത്ത വീട്, അഹം പുണ്യം, തിരക്കഥ, ചോക്ക്‌ലേറ്റ്, കോക്ക്‌ടെയില്‍, മിന്നാമിന്നിക്കൂട്ടം, റോബിന്‍ഹുഡ്, വാസ്തവം, മാണിക്യക്കല്ല്, സ്വപ്‌നസഞ്ചാരി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി. ശ്യാമപ്രസാദിന്റെ അരികെ, ഷാജി കൈലാസിന്റെ കിംഗ് ആന്റ് കമ്മിഷണര്‍ എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.