രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷം യുപിഎ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനിരിക്കുകയാണ്. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതോടെ ധനമന്ത്രി സ്ഥാനത്തേക്ക് ആര്‍ക്ക് നറുക്ക് വീഴും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആഭ്യന്തരമന്ത്രി പി ചിദംബരം ധനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തും എന്നാണ് സൂചനകള്‍. മുമ്പ് ഈ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട് എന്നത് തന്നെയാണ് ചിദംബരത്തിന് അനുകൂലഘടകമാകുന്നത്.
ചിദംബരം ധനമന്ത്രി ആകുമ്പോള്‍ ആഭ്യന്തരമന്ത്രി സ്ഥാനത്ത് ആര് വരും? ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പേര് ആഭ്യന്തരമന്ത്രി പദത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചനകള്‍.
ഷീലാ ദീക്ഷിതിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സോണിയാ ഗാന്ധി ആഗ്രഹിക്കുന്നുണ്ട്. അവര്‍ കേന്ദ്രമന്ത്രിയാവുകയാണെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്കും പുതിയൊരാളെ കണ്ടെത്തേണ്ടതുണ്ട്.
74-കാരിയായ ഷീലാ ദീക്ഷിത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹിയുടെ മുഖ്യമന്ത്രി പദം കൈകാര്യം ചെയ്യുന്നത്.