ശ്വേതാമോനോന്‍റെ പ്രസവം മുംബൈയില്‍, ബ്ലെസി ക്യാമ്പ് ചെയ്യുന്നു !

വ്യാഴം, 20 സെപ്‌റ്റംബര്‍ 2012 (15:32 IST)
PRO
ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കളിമണ്ണ്’ ചരിത്രത്തിലിടം നേടുകയാണ്. നായികയായ ശ്വേതാ മേനോന്‍റെ പ്രസവം ലൈവ് ആയി ഷൂട്ടു ചെയ്യുന്നതിലൂടെ ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ ചലച്ചിത്ര സംരംഭമായി മാറുകയാണ് കളിമണ്ണ്. ശ്വേതാ മേനോന്‍റെ പ്രസവം മുംബൈയിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ബ്ലെസിയും ടീമും നാളുകള്‍ക്ക് മുമ്പേ മുംബൈയില്‍ ക്യാമ്പ് ചെയ്യേണ്ടത് ആവശ്യമായി വരികയാണ്.

“കളിമണ്ണിന്‍റെ ചിത്രീകരണത്തിന് ഒരുപാട്‌ വെല്ലുവിളികളുണ്ട്‌. ഇത്‌ ഒരു സാധാരണ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പോലെ സാധിക്കുന്നതല്ല. ശ്വേതാമോനോന്‍റെ പ്രസവം നടക്കുന്നത്‌ മുംബൈയിലാണ്‌. അവര്‍ താമസിക്കുന്നതും അവിടെയാണ്‌. അതുകൊണ്ടു തന്നെ മുംബൈയില്‍ പോയി ഈ രംഗം ഷൂട്ട്‌ ചെയ്യണമെങ്കില്‍ ഇത്രാം തീയതി ഇന്നയാള്‍ പ്രസവിക്കും എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. പ്രസവ തീയതിയേക്കാള്‍ ഒരു മാസം മുമ്പ്‌ വരെ പ്രസവം നടന്ന ചരിത്രമുണ്ട്‌. അത്തരത്തിലൊരുപാട്‌ വെല്ലുവിളികളുണ്ട്‌. ചിലപ്പോള്‍ മാസങ്ങളോളം കാത്തിരുന്ന്‌ ഷൂട്ട്‌ ചെയ്യേണ്ട ഒരവസ്ഥ. ഇതൊക്കെ സാധ്യമാവട്ടെയെന്നാണ്‌ എന്‍റെ പ്രാര്‍ഥന. ക്യാമറയുമായി ഈ രംഗം ഷൂട്ട്‌ ചെയ്യാനുള്ള കാത്തിരിപ്പിന്‍റെ നാളുകളാണ്‌ ഇനി. എല്ലാം ഈശ്വരനു വിട്ടു കൊടുത്തിരിക്കുന്ന കാര്യങ്ങളാണ്” - രാഷ്ട്രദീപിക സിനിമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബ്ലെസി വ്യക്തമാക്കുന്നു.

മാതൃത്വത്തിലേക്ക്‌ വളരാന്‍ ഒരു സ്ത്രീ സഞ്ചരിക്കുന്ന വഴികളില്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ വളരെ ശക്തമായി അവതരിപ്പിക്കാനാണ്‌ ഈ സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ബ്ലെസി പറയുന്നു.

“പലപ്പോഴും മാതൃത്വത്തിന്‍റെ വാല്യൂ നമ്മള്‍ അറിയുന്നില്ല. അമ്മയുടെ ശരീരത്തില്‍ നിന്നും പറിച്ചെടുക്കുന്ന ഒരു ജീവനാണ്‌ കുഞ്ഞ്‌. അത്തരത്തില്‍ മക്കളും പുരുഷനും സ്ത്രീയെ മനസിലാക്കുന്നില്ല. മറ്റൊരു സ്ത്രീക്കു പോലും സ്ത്രീയെ മനസിലാക്കാന്‍ പരിമിതികള്‍ ഉണ്ട്‌. അത്തരത്തിലുള്ള ആഴങ്ങളിലുള്ള ഒരു യാത്രയൊക്കെ ഈ സിനിമയിലുണ്ട്” - ബ്ലെസി വ്യക്തമാക്കി.

“ഇന്ത്യന്‍ സിനിമയില്‍ ഇത്തരത്തില്‍ ആദ്യമായിട്ടുള്ളൊരു സംരംഭമാണ്‌ ഇത്‌. ഒരു സ്ത്രീ ഒരു കുഞ്ഞിനു ജന്‍മം നല്‍കുന്നു എന്നു പറയുന്നത്‌ ലോകത്തിലെ ഏറ്റവും ദിവ്യമായ അനുഭവമാണ്‌. സൃഷ്ടിയുടെ ഏറ്റവും വലിയ സാക്‍ഷ്യം എന്നു പറയാം“ - ബ്ലെസി പറഞ്ഞു.

വെബ്ദുനിയ വായിക്കുക