അങ്ങനെ പതിനാലാം ലോകസഭയുടെ അവസാന സമ്മേളനം പിരിഞ്ഞു. ലോക്സഭയുടെ സമാപന സമ്മേളനത്തില്‍ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു, “വനിതാസംവരണ ബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്”.
1996 മുതല്‍ ഈ ബില്‍ അംഗീകാരം തേടി ഗതികിട്ടാ പ്രേതം പോലെ അലയുകയാണ്. ഇതുവരെ അംഗീകാരം തേടാന്‍ കഴിയാതെ പോയത് ഒരു പക്ഷേ ഈ ബില്ലിന്‍റെ വിധിയായിരിക്കും. ലോകസഭയിലും, നിയമസഭയിലും സ്ത്രീക്ക് 33% പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതാണ് വനിതാ സംവരണ ബില്‍.
1951 ലെ റെപ്രസെന്‍റേഷന്‍ ഓഫ് പീപ്പിള്‍ ആക്‌ട് പ്രകാരം രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളാണ് നമ്മുടെ ഭരണഘടന നല്‍കിയിട്ടുള്ളത്. അതിന്‍ പ്രകാരം, മൂന്നിലൊന്നു സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ഭരണഘടനയില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. പക്ഷേ, അതിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. അതായിരിക്കാം ഇങ്ങനെയൊരു ബില്ലിനെക്കുറിച്ച് ചിന്തിക്കാന്‍ ഭരണനേതൃത്വത്തെ പ്രേരിപ്പിച്ചത്.
1996 സെപ്തംബര്‍ നാലിന് ദേവഗൌഡ ഗവണ്‍മെന്‍റ് വനിത സംവരണബില്‍ എണ്‍പത്തിയൊന്നാം ഭരണഘടനാ ഭേദഗതി ബില്ലായി സഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, സി പി ഐയുടെ എം പി യായിരുന്ന ഗീത മുഖര്‍ജി ചെയര്‍മാനായുള്ള സംയുക്ത പാര്‍ലമെന്‍റ് സമിതിക്ക് ബില്ല് പരിശോധനയ്ക്കായി വിട്ടു. അതേവര്‍ഷം ഡിസംബര്‍ ഒന്‍പതിന് നടന്ന ലോക്സഭ സമ്മേളനത്തില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷേ കാലാവധി പൂര്‍ത്തിയാക്കാന്‍ ഗവണ്‍മെന്‍റിന് കഴിഞ്ഞില്ല.
1998 ജൂണ്‍ 26ന് ഈ ബില്‍ പന്ത്രണ്ടാം ലോക്സഭയില്‍ എന്‍ ഡി എ ഗവണ്‍മെന്‍റ് എണ്‍പത്തിനാലാം ഭരണഘടന ഭേദഗതിയായി ഈ ബില്‍ പുനരവതരിപ്പിച്ചു. എന്നാല്‍ പന്ത്രണ്ടാം ലോക്സഭയ്ക്ക് കാലാവധി അധികമുണ്ടായിരുന്നില്ല. പക്ഷേ, പതിമൂന്നാം ലോക്സഭയിലും അധികാരത്തില്‍ വന്നത് എന്‍ ഡി എ ഗവണ്‍മെന്‍റ് ആയിരുന്നു.
1999 നവംബര്‍ 22ന് ഒരിക്കല്‍ കൂടി എന്‍ ഡി എ ഗവണ്‍മെന്‍റ് ഇത് അവതരിപ്പിച്ചു. അതിനെ തുടര്‍ന്ന് 2002 ലും 2003 ലും ലോക്സഭയില്‍ എന്‍ ഡി എ ബില്‍ കൊണ്ടുവന്നു. കോണ്‍ഗ്രസും ഇടതു പക്ഷവും ബില്ലിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. പക്ഷേ, രണ്ടു പ്രാവശ്യവും ബില്‍ പാസാക്കാന്‍ എന്‍ ഡി എ ഗവണ്‍മെന്‍റിന് സാധിച്ചില്ല.
തുടര്‍ന്ന് 2004 മേയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യു പി എ ഗവണ്‍മെന്‍റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. ഗവണ്‍മെന്‍റിന്‍റെ പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തി ബില്‍ പാസാക്കുകയാണ് ലക്‌ഷ്യമെന്നും പറഞ്ഞു.
പന്ത്രണ്ട് വര്‍ഷമായി പാസാകാതെയിരിക്കുന്ന ബില്‍ 2008 മേയ് ആറ്, വ്യഴാഴ്ച യു പി എ ഗവണ്‍മെന്‍റ് രാജ്യസഭയില്‍ അവതരിപ്പിച്ചു. നൂറ്റിയെട്ടാം ഭേദഗതി ആയിട്ടായിരുന്നു ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഇതിന് ‘വനിതാ സംവരണ ബില്‍’ എന്ന ഓമനപേര് ലഭിക്കുകയും ചെയ്തു. പക്ഷേ പതിനാലാം ലോക്സഭയിലും ‘പാസാകുക‘ എന്ന ആഗ്രഹം സഫലീകരിക്കാന്‍ ഈ ബില്ലിനായില്ല.
33 ശതമാനത്തിനുള്ളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ പിന്നോക്ക വിഭാഗക്കാര്‍ക്ക് 33 ശതമാനം സംവരണം കൂടി അനുവദിക്കണമെന്ന ചില പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബില്‍പാസാക്കുന്നതിലെ പ്രധാന തടസം. ഓരോ തവണ ബില്‍ ലോകസഭയിലെത്തുമ്പോഴും യാദവന്‍മാര്‍ ഈ ആവശ്യമുന്നയിച്ച് സഭയെ ബഹളത്തില്‍ മുക്കും.
ഈ ബഹളത്തില്‍ ബില്‍ മുങ്ങിപ്പോകുകയും ചെയ്യും. പിന്നെ ബില്‍ പൊങ്ങുന്നത് അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രകടന പത്രികകളിലായിരിക്കും.
പല പാര്‍ട്ടികളും ഈ ബില്‍ പാസാക്കിയെടുക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും, 2009 ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഇതു യാഥാര്‍ത്ഥ്യമാകുകയുള്ളൂവെന്ന് ഭരണകക്ഷികള്‍ പറയുന്നു. ഈ ബില്‍ പാസാകണമെങ്കില്‍ ഒരുപാട് നടപടിക്രമങ്ങള്‍ ഉണ്ടെന്ന് ഭരണകൂടങ്ങള്‍ പറയുമ്പോഴും,വീണ്ടും, നമുക്ക് കാത്തിരിക്കാം. ഈ ബില്‍ ലോക്സഭയുടെ മേശപ്പുറത്തു വീണ്ടും വരുന്നതിനും പിന്നെ ‘പാസാകണം‘ എന്ന ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനുമായി.