പുരോഹിതന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു - സിസ്റ്റര്‍ മേരിയുടെ ആത്മകഥ
ചൊവ്വ, 3 ഏപ്രില്‍ 2012 (17:57 IST)
PRO
PRO
സിസ്റ്റര്‍ ജെസ്മിയുടെ ആമേനു ശേഷം വിവാദ വെളിപ്പെടുത്തലുകളുമായി ഒരു കന്യാസ്ത്രീയുടെ കൂടി ആത്മകഥ വരുന്നു. കന്യാസ്ത്രീ മഠങ്ങളില്‍ നേരിട്ട പീഡനാനുഭവങ്ങളെ കുറിച്ച് അറുപത്തിയേഴുകാരിയായ സിസ്റ്റര്‍ മേരി ചാണ്ടിയാണ് വെളിപ്പെടുത്തുന്നത്. സ്വസ്തി എന്നാണ് പുസ്തകത്തിന് പേര്. തനിക്ക് കന്യാസ്ത്രീ മഠത്തില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചാണ് താന്‍ എഴുതുന്നതെന്ന് മേരി ചാണ്ടി പറഞ്ഞു.
കന്യാസ്ത്രീ മഠത്തില്‍ തന്നെ ഒരു പുരോഹിതന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മേരി ചാണ്ടി പറയുന്നു. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച പുരോഹിതനെ താന്‍ കസേരയെടുത്ത് തലയ്ക്കടിച്ചു. എന്നാല്‍ പരാതിപ്പെട്ടപ്പോള്‍ തനിക്ക് എതിരെയാണ് ആരോപണമുണ്ടായതെന്ന് മേരി ചാണ്ടി പറയുന്നു.
കന്യാസ്ത്രീ മഠങ്ങളില്‍ പുരോഹിതമാരില്‍ നിന്ന് കന്യാസ്ത്രീകള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവരുന്നു. പുരോഹിതന്‍മാരെ വിവാഹം കഴിക്കാന്‍ അനുവദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇതൊക്കെ ആരെങ്കിലും തുറന്നുപറയണമെന്നുള്ളതുകൊണ്ടാണ് താന്‍ പുസ്തകം എഴുതുന്നതെന്ന് മേരി ചാണ്ടി പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ കത്തോലിക്കാ കോണ്‍വന്റില്‍ നിന്ന് 12 വര്‍ഷങ്ങള്‍ മുമ്പാണ് മേരി ചാണ്ടി കന്യാസ്ത്രീ ജീവിതം ഉപേക്ഷിച്ച് പുറത്തുവന്നത്. ഇപ്പോഴും കന്യാസ്ത്രീ ജീവിതം പിന്തുടരുന്ന മേരി ചാണ്ടി വയനാട്ടില്‍ ഒരു വാടകവീട്ടില്‍ അനാഥാലയം നടത്തുന്നുണ്ട്.