കഴിഞ്ഞദിവസം തന്റെ 42 വര്‍ഷത്തെ ദുരിതപര്‍വ്വം പൂര്‍ത്തിയാക്കി മരണത്തിന്റെ നിത്യമായ തണുപ്പിലേക്ക് അരുണ ഷാന്‍ബാഗ് കടന്നുപോയപ്പോള്‍ എല്ലാവരും തെരഞ്ഞത് ഒരാളെ ആയിരുന്നു. സോഹന്‍ലാല്‍ ഭര്‍ത്ത വാല്മീകി. 42 വര്‍ഷം മുമ്പ് അരുണയെ നായത്തുടലില്‍ ബന്ധിച്ച് ക്രൂരബലാത്സംഗത്തിന് ഇരയാക്കി ജീവിതത്തിന്റെ ഇരുളിലേക്ക് തള്ളിയിട്ട സോഹന്‍ ലാലിനെ. പക്ഷേ, സോഹന്‍ ലാല്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല എന്നതാണ് സത്യം. ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നത് സംബന്ധിച്ച് പൊലീസിന് പോലും വ്യക്തമായ അറിവില്ല.
1973 നവംബര്‍ 23നായിരുന്നു അരുണ ഷാന്‍ബാഗിന്റെ സ്വച്‌ഛസുന്ദരമായ ജീവിതത്തെ സോഹന്‍ലാല്‍ എന്ന കാമഭ്രാന്തന്‍ കശക്കിയെറിഞ്ഞത്. താന്‍ ജോലി ചെയ്യുന്ന കിങ് എഡ്വേഡ് മെമ്മോറിയല്‍ ആശുപത്രിയില്‍, വൈകുന്നേരം പതിവു ജോലി സമയത്തിനു ശേഷം വസ്ത്രം മാറുന്നതിനായി മുറിയില്‍ എത്തിയതായിരുന്നു അരുണ. അപ്പോള്‍ ആയിരുന്നു വൈരാഗ്യബുദ്ധിയോടെ തൂപ്പുകാരനായ സോഹന്‍ലാല്‍ അരുണയ്ക്കു മേല്‍ ചാടിവീണത്. നായത്തുടല്‍ കൊണ്ട് അരുണയെ ബന്ധിച്ച് ക്രൂരബലാത്സംഗത്തിന് ഇരയാക്കി. പിറ്റേന്നു രാവില് തൂപ്പുജോലിക്കെത്തിയ സ്ത്രീയാണ് ജീവശവമായി കിടക്കുന്ന അരുണയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. മരിക്കാതെ അവര്‍ ആശുപത്രി കിടക്കയില്‍ 42 വര്‍ഷങ്ങള്‍ തള്ളിനീക്കി. രാവും പകലും അറിയാതെ ഇരുളും വെളിച്ചവും അറിയാതെ കൂട്ടുകാരെയും സഹപ്രവര്‍ത്തകരെയും അറിയാതെ അവര്‍ മരിച്ചു ജീവിച്ചു.
അരുണയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ സോഹന്‍ലാലിനെതിരെ നല്കിയ പരാതി തന്നെയാണ് അയാളുടെ തിരോധാനത്തിന് വഴി തെളിച്ചതും. ക്രൂര ബലാത്സംഗത്തിന് ഇരയായി ആശുപത്രി കിടക്കയില്‍ കഴിയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകയുടെ ഭാവിയെ കരുതി മാനഭംഗത്തിന് കേസ് കൊടുക്കേണ്ട എന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പകരം, മോഷണത്തിനും കൊലപാതകശ്രമത്തിനും മാത്രമായിരുന്നു സോഹന്‍ലാലിനെതിരെ നല്കിയ കേസ്.
മോഷണക്കുറ്റവും കൊലപാതകശ്രമവും ചുമത്തപ്പെട്ട സോഹന്‍ലാല്‍ ഏഴു വര്‍ഷത്തെ തടവിനു ശേഷം ജയില്‍ മോചിതനായി. ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നെങ്കില്‍ അയാള്‍ക്ക് പത്തുവര്‍ഷം കഠിനതടവ് എങ്കിലും ലഭിച്ചേനെ. ജയില്‍ മോചിതനായ അയാള്‍ പിന്നെ അത്രയും കാലം ജീവിച്ച നാട്ടില്‍ നിന്നും പോയി. കോടതിയിലോ ഏറെക്കാലം ജോലി ചെയ്ത കിങ് എഡ്വേഡ് മെമ്മോറിയല്‍ ആശുപത്രിയിലോ സോഹന്‍ലാലിന്റെ ഒരു ഫോട്ടോ ലഭ്യമല്ല എന്നതാണ് ഒരു വസ്തുത. അരുണയുടെ ദുരന്തകഥ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകയായ പിങ്കി വിരാനി ഏറെക്കാലം സോഹന്‍ലാലിനെ തിരഞ്ഞുനടന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
നാടുവിട്ട സോഹന്‍ലാല്‍ പേരു മാറ്റി ജീവിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, വേറൊരുപേരില്‍ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ വാര്‍ഡ് ബോയ് ആയി സോഹന്‍ലാല്‍ പ്രവര്‍ത്തിച്ചതായും പിങ്കി വിരാനി പറയുന്നു. സോഹന്‍ലാലിന്റെ വീട്ടുകാരെയും ആര്‍ക്കും കണ്ടെത്താനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അരുണ മരിച്ച സാഹചര്യത്തില്‍ നാല്‍പ്പത്തിരണ്ട് വര്‍ഷം പഴക്കമുള്ള കേസ് പുനരന്വേഷിക്കണമെന്നും കൊലപാതകക്കുറ്റം ചുമത്തി സോഹന്‍ലാലിനെ കണ്ടെത്തി ശിക്ഷിക്കണമെന്നുമുള്ള ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.