ഗിഫ്റ്റിനെ പറ്റി അറിയേണ്ടതെല്ലാം

ചൊവ്വ, 27 ജൂലൈ 2010 (12:41 IST)
PRO
മുതിര്‍‌ന്നവരെ‌ ഒരു നിമിഷംകൊണ്ട് കുട്ടികളാക്കാന്‍‌ കഴിയുന്ന മായാജാലക്കാരാണ് സമ്മാനപ്പൊതികള്‍‌. സമ്മാനം ലഭിക്കുമ്പോള്‍ കുട്ടികള്‍‌ മുതല്‍ ‌മുതിര്‍ന്നവര്‍ വരെ ഒരുപോലെ ആഹ്ലാദിക്കുകയും ആ നിമിഷം അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്യുന്നു. സ്നേഹത്തിന് സമ്മാനപ്പൊതികള്‍‌ ഒരളവുകോലല്ല എന്നൊക്കെ നമ്മള്‍ തത്വം പറയുമെങ്കിലും അവ കിട്ടുമ്പോള്‍‌ അനുഭവിക്കുന്ന സന്തോഷത്തിന് അതിരുകളില്ല എന്നതാണ് പ്രായോഗിക സത്യം!

സമ്മാനങ്ങള്‍‌ അല്ലെങ്കില്‍ ഗിഫ്റ്റ് എന്നുപറയുമ്പോള്‍‌ അവ ഒരു പേനയോ ബുക്കോ മുതല്‍‌ വിലകൂടിയ വസ്തുക്കള്‍‌ അങ്ങനെ എന്തുമാകാം. നമ്മള്‍‌ സ്നേഹിക്കുന്നവര്‍‌ക്ക് സമ്മാനങ്ങള്‍‌ നല്‍‌കുമ്പോള്‍‌ സമ്മാനത്തിന്റെ വിലയേക്കാളുപരി അതിലൂടെ പ്രകടമാകുന്ന സ്നേഹത്തിനാണ് വിലയിടുന്നത്.

പുത്തന്‍‌ വസ്തു വാങ്ങിക്കൊടുത്തുമാത്രമേ സ്നേഹം പ്രകടിപ്പിക്കാനാകൂ എന്ന തത്വമൊന്നുമിതിലില്ല. നമ്മുടേതായ ഒരു വസ്തു നമുക്കിഷ്‌ടമുള്ളയാള്‍‌ക്ക് കൊടുക്കുന്നതും സ്നേഹം നിറഞ്ഞ സമ്മാനം തന്നെയാണ്. അത് ഒരു പുസ്തകമോ ഡയറിയോ കരകൌശല വസ്തുവോ ആകാം. ഇങ്ങനെയൊക്കെയാണെങ്കിലും സമ്മാനങ്ങള്‍‌ വാങ്ങുന്നതിനുമുമ്പ് അവ നല്‍‌കേണ്ടതാര്‍‌ക്കാണോ അവരുടെ ഇഷ്‌ടമറിഞ്ഞിരിക്കുന്നത് കുറച്ചുകൂടി നല്ലതാണ്.

വായനാശീലമുള്ള ഒരാള്‍‌ക്കാണ് സമ്മാനം നല്‍‌കാനാഗ്രഹിക്കുന്നതെങ്കില്‍‌ ഏറ്റവും അനുയോജ്യം പുസ്തകം തന്നെയാണ്. പുസ്തകങ്ങള്‍‌ കാലങ്ങള്‍‌ കഴിഞ്ഞാലും നിറം മങ്ങാത്ത സ്നേഹത്തിന്റെ അടയാളമായി നിലകൊള്ളുമെന്നതില്‍‌ സംശയമേ വേണ്ട. ഏത് പ്രായത്തില്‍‌പ്പെട്ടവര്‍‌ക്കും സമ്മാനമായി നല്‍‌കാനാകും എന്ന പ്രത്യേകതയും പുസ്തകങ്ങള്‍‌ക്കുണ്ട്.

സമ്മാനം നല്‍‌കുന്നതിന് വിശേഷാവസരങ്ങള്‍‌ കാത്തിരിക്കേണ്ടതില്ല. എങ്കിലും ജന്മദിനം, വിവാഹവാര്‍‌ഷികം എന്നിവപോലുള്ള അവസരങ്ങളില്‍‌ അതോര്‍‌ത്തിരുന്ന് സമ്മാനം നല്‍‌കുന്ന കൂട്ടുകാരുടെ സ്നേഹത്തിന് മാധുര്യമേറും. വസ്ത്രങ്ങള്‍‌, വിലകൂടിയ വസ്തുക്കള്‍‌ എന്നിവയേക്കാളും എന്നെന്നും സൂക്ഷിച്ചുവയ്ക്കാവുന്ന ലാളിത്യം നിറഞ്ഞ സമ്മാനങ്ങളായിരിക്കും കൂടുതല്‍‌ നല്ലത്. അതിനേറ്റവും നല്ലത് കരകൌശല വസ്തുക്കള്‍‌, പെയിന്റിംഗുകള്‍‌ എന്നിവയാണ്. പരിഭവത്തിന്റെ മഞ്ഞുരുക്കാനും ഊഷ്മളമായ ബന്ധത്തിന് തുടക്കം കുറിക്കാനും സമ്മാനപ്പൊതികള്‍‌ക്കാകും.

സ്നേഹത്തില്‍‌ പൊതിഞ്ഞൊരു സമ്മാനം ഇഷ്‌ടമുള്ളയാള്‍‌ക്ക് നല്‍‌കുമ്പോഴും അവ വാങ്ങുന്നയാളുടെ സന്തോഷം കാണുമ്പോഴും ലഭിക്കുന്ന മനസ്സുനിറഞ്ഞ ആനന്ദമാണ് പിന്നെയും സമ്മാനങ്ങള്‍‌ നല്‍‌കാന്‍‌ ഒരാളെ പ്രേരിപ്പിക്കുന്നത്. കൊടുക്കുന്ന സമ്മാനം മറ്റൊരു രൂപത്തില്‍‌ ഒരു ഫോര്‍‌മാലിറ്റിയ്‌ക്കെന്ന പോലെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നവര്‍‌ക്ക് അവാച്യമായ ഈ ആനന്ദം അനുഭവിക്കാനാവില്ല.

വെബ്ദുനിയ വായിക്കുക