ഐജി ശ്രീലേഖയെ പീഡിപ്പിക്കാന്‍ ശ്രമം?

വെള്ളി, 25 മാര്‍ച്ച് 2011 (12:41 IST)
PRO
PRO
കേരളത്തിലെ ‘സാമ്പത്തിക’ തലസ്ഥാനമെന്ന് അറിയപ്പെടുന്ന കൊച്ചി നഗരത്തില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ ഐജി ശ്രീലേഖയെ അജ്ഞാതനായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വാര്‍ത്ത. വെള്ളിയാഴ്ച അതിരാവിലെ അഞ്ചരയോടെയാണ് സംഭവം നടന്നതെന്ന് ഒരു പ്രമുഖ പത്രത്തിന്റെ ഇന്റര്‍നെറ്റ് എഡിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്നെ കടന്നുപിടിച്ച യുവാവിനെ ഐജി കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. സംഭവം ഫ്ലാഷായാല്‍ ‘തീക്കട്ടയില്‍ ഉറുമ്പ് അരിച്ചു’ എന്ന് ജനങ്ങള്‍ പറയുമെന്നതിനാല്‍ ഇങ്ങിനെയൊന്ന് നടന്നിട്ടേ ഇല്ല എന്നാണ് ഐജിയും പൊലീസും ആണയിടുന്നത്.

ജീന്‍സും ടീഷര്‍ട്ടുമണിഞ്ഞ്‌ പതിവുപോലെ പ്രഭാതസവാരിക്ക് വന്ന ശ്രീലേഖയെ ഫുട്‌പാത്തില്‍ വച്ച്‌ എതിരെ വന്ന യുവാവ്‌ കടന്ന് പിടിക്കുകയായിരുന്നു. ഐജി ഉടന്‍ തന്നെ യുവാവിനെ തൊഴിച്ചും അടിച്ചും വീഴ്ത്തി. യുവാവ് കുതറിമാറാന്‍ ശ്രമിച്ചെങ്കിലും ഐജി വിട്ടില്ല. തുടര്‍ന്ന് ഐജി ഫോണില്‍ പൊലീസിനെ വിളിക്കുകയും ഫ്‌ളൈയിംഗ്‌ സ്ക്വാഡും കടവന്ത്ര, നോര്‍ത്ത്‌ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും പൊലീസ്‌ സംഘവും സംഭവസ്ഥലത്തെത്തി യുവാവിനെ കൊണ്ടുപോവുകയും ചെയ്തു.

സംഭവം കേട്ടറിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയും ഫോണിലൂടെയും ഐജിയോട് വിവരം തിരക്കിയെങ്കിലും ‘എനിക്ക് ഒന്നും പറ്റിയിട്ടില്ല, മാധ്യമ പ്രവര്‍ത്തകരോട് പറയാന്‍ ഇപ്പോള്‍ ഒന്നും എനിക്ക് പറയാനില്ല’ എന്ന് പറഞ്ഞൊഴിയുകയാണ് ചെയ്തത്. എറണാകുളം പൊലീസിനോട് മാധ്യമപ്രവര്‍ത്തകര്‍ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ‘ഒന്നും ഉണ്ടായിട്ടില്ല’ എന്നാണ് പൊലീസ് പ്രതികരിച്ചത്.

കടവന്ത്രയിലെ രാജീവ്‌ഗാന്ധി സ്റ്റേഡിയത്തിന് സമീപമുള്ള റേഞ്ച്‌ ഹൗസിലാണ്‌ ഐജി താമസിക്കുന്നത്‌. ആരുടെയും കൂട്ടില്ലാതെയാണ് ഐജി ശ്രീലേഖ നിത്യവും രാവിലെ നടക്കാനിറങ്ങുന്നത്‌. കലൂര്‍ കതൃക്കടവ്‌ റൂട്ടിലാണ്‌ സ്ഥിരമായി പ്രഭാത സവാരിക്ക് ഐജി എത്താറുള്ളത്. കൊച്ചിയില്‍ ഇതിനുമുമ്പും ഇതുപോലുള്ള സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്‌. പട്ടാപ്പകല്‍ റോഡിലൂടെ നടന്നുപോയ രണ്ടു യുവതികളെ അജ്ഞാതര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു.

വെബ്ദുനിയ വായിക്കുക