അവര്‍ മാനഭംഗപ്പെടുത്തി: വീരപ്പന്റെ ഭാര്യ

ശനി, 7 ഏപ്രില്‍ 2012 (19:51 IST)
PRO
PRO
കാട്ടുകള്ളന്‍ വിരപ്പനെ പിടികൂടാന്‍ നിയോഗിച്ച പ്രത്യേക ദൗത്യസേന നടത്തിയ ക്രൂരതകളെക്കുറിച്ച് വിവാദ വെളിപ്പെടുത്തലുകളുമായി വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുത്തുലക്ഷ്മി കര്‍ണാടക സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇക്കാര്യത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആദിവാസി സ്ത്രീകള്‍ക്കെതിരെ ദൗത്യസേന മൃഗീയമായ ക്രൂരതകളാണു നടത്തിയത്‌. ദൗത്യസേനയുടെ ഉപമേധാവിയും കര്‍ണാടക മുന്‍ ഡി ജി പിയുമായ ശങ്കര്‍ ബിദ്‌രിയാണ്‌ അതിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയത്‌. വീരപ്പനെ പിടികൂടുന്നതിന്റെ പേരില്‍ ആദിവാസി കോളനികളില്‍ എത്തിയ ദൗത്യസേന 400 ഓളം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തി. പതിനഞ്ചോളം യുവതികളെ മാനഭംഗപ്പെടുത്തിയെന്നും മുത്തുലക്ഷ്മി വെളിപ്പെടുത്തുന്നു.

നിരവധി യുവതികളെ നഗ്നയാക്കിയ ശേഷം അവരുടെ സ്വകാര്യഭാഗങ്ങളില്‍ പല തവണ ഷോക്കേല്‍പ്പിച്ചു. ഇവര്‍ വേദന കൊണ്ടു പിടയുന്നതു കണ്ടു ദൗത്യസംഘാംഗങ്ങള്‍ ആനന്ദിക്കുകയായിരുന്നു. കണ്ണു മൂടിക്കെട്ടി പല രഹസ്യകേന്ദ്രങ്ങളിലും എത്തിച്ചാണു പീഡിപ്പിച്ചത്‌. താനടക്കം ഇരുപതോളം സ്ത്രീകളെ കടുത്ത രീതിയില്‍ ചോദ്യം ചെയ്തു. കെട്ടുതാലി പോലും പൊലീസുകാര്‍ വലിച്ചു പൊട്ടിച്ചു. താനടക്കമുളളവര്‍ ഇക്കാര്യം പുറത്തു പറയാതിരുന്നത്‌ ജീവനില്‍ പേടിച്ചാണ്‌. പൊലീസ് അതിക്രമങ്ങളെക്കുറിച്ച്‌ അന്വേഷിച്ച സദാശിവ കമ്മിഷന്‍ മുമ്പാകെ തെളിവു നല്‍കാന്‍ തമിഴ്‌നാട്‌ പൊലീസിന്റെ കസ്റ്റഡിയിലായതിനാലാണു സാധിക്കാതിരുന്നതെന്നും മുത്തു ലക്ഷ്മി പറയുന്നു.

കമ്മിഷനു മുമ്പാകെ തെളിവു നല്‍കാന്‍ പോലും ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും മുത്തുലക്ഷ്മി ആരോപിക്കുന്നു. ദൗത്യസേനയുടെ ഉപമേധാവി ബിദ്‌രിക്കെതിരെയും മുത്തുലക്ഷ്മി ആരോപണം ഉന്നയിച്ചു. ക്രൂരനും മനുഷ്യത്വം ഇല്ലാത്ത ആളുമാണെന്നാണ് ബിദ്‌രിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ തനിക്കെതിരേ മുത്തുലക്ഷ്മി ഉന്നയിച്ചിരിക്കുന്ന ആരോപണം കഴിഞ്ഞ അഞ്ചു മാസമായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌ ഇപ്പോള്‍ കര്‍ണാടക ഹൗസിംഗ്‌ ബോര്‍ഡ്‌ എം ഡിയായ ശങ്കര്‍ ബിദ്‌രി വിശദീകരിച്ചു. 1996-ല്‍ ദൗത്യസംഘത്തില്‍ നിന്നു താന്‍ ഒഴിഞ്ഞുവെന്നും ബിദ്‌രി വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.

ദൗത്യസംഘവുമായുളള ഏറ്റുമുട്ടലില്‍ 2004ല്‍ ആണ് വീരപ്പന്‍ കൊല്ലപ്പെട്ടത്‌. അതിനു ശേഷം വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ടു മുത്തുലക്ഷ്മിക്കെതിരേ കര്‍ണാടക പൊലീസ്‌ അഞ്ചു കേസ്‌ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ തെളിവില്ലാത്തതിനാല്‍ എല്ലാ കേസിലും വെറുതേ വിടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക