അമ്മയുടെ പാട്ട് കേട്ട് ബാലിക കോമയില്‍ നിന്ന് ഉണര്‍ന്നു!

ബുധന്‍, 20 ജൂണ്‍ 2012 (14:18 IST)
PRO
PRO
അമ്മയുടെ സ്നേഹത്തിന് പകരമായി മറ്റൊന്നുമില്ല ഭൂമിയില്‍. അമ്മയുടെ ഉറവവറ്റാത്ത വാത്സല്യവും അമ്മയുമായുള്ള ആത്മബന്ധത്തിന്റെ ശക്തിയും പറഞ്ഞറിയിക്കാനാവാത്തത് തന്നെ. സ്വന്തം കുഞ്ഞിന് ഒരു കൊച്ചു വിഷമമുണ്ടായാല്‍ ആ മനസ്സ് പിടയും. കോമയിലേക്ക് വഴുതി വീണ ഒരു ബാലിക, അവളുടെ അമ്മയുടെ സ്നേഹത്തിന്റെ തീവ്രത കൊണ്ട് മാത്രം ജീവിതത്തിലേക്ക് മടങ്ങിവന്നു.

ഏഴ് വയസ്സുള്ള ബ്രിട്ടിഷ് ബാലികയാണ് അമ്മയുടെ പാട്ട് കേട്ട് കോമയില്‍ നിന്ന് ഉണര്‍ന്നത്. അപൂര്‍വ്വ മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് ബാലിക കോമയിലേക്ക് വീണത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ ഒരു രാത്രി ആയിരുന്നു ഇത് സംഭവിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടി ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ അവളുടെ അമ്മയെ അറിയിച്ചു.

ആ അമ്മ പതറിയില്ല. ആശുപത്രി മുറിയില്‍, മകളുടെ തൊട്ടടുത്ത് ഇരുന്ന് അവള്‍ക്ക് ഒരുപാട് പ്രിയപ്പെട്ട പാട്ട് അമ്മ പാടിത്തുടങ്ങി. അമ്മയും മകളും ചേര്‍ന്ന് ഏറ്റവും കൂടുതല്‍ തവണ പാടിയിട്ടുള്ള പാട്ടായിരുന്നു അത്. പിന്നീടുണ്ടായ രംഗം ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിലാക്കി. അമ്മയുടെ സ്വരത്തിലുള്ള പാട്ട് കേട്ട് ബാലിക പുഞ്ചിരിച്ചു. രണ്ട് മാസങ്ങള്‍ക്കകം അവള്‍ സംസാരിക്കാന്‍ തുടങ്ങി, നടക്കാന്‍ പഠിച്ചു. കാഴ്ച ശക്തി ഭാഗികമായി തിരിച്ചുകിട്ടുകയും ചെയ്തു.

ഇന്ന് അവള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയിരിക്കുന്നു. സ്പീച്ച് തെറാപ്പിക്ക് വിധേയയാകുന്ന കുട്ടി ഡാന്‍സും പഠിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക