ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ‘മൈസൂര്‍’. പേരു പോലെ തന്നെ മനോഹരമായ . മൈസൂര്‍ കര്‍ണാടക സംസ്ഥാനത്തിന്‍റെ ഭാഗമാണ്. ഏറെ മനോഹാരിത നല്‍കുന്ന ബാംഗ്ലൂര്‍, വൃന്ദാവന്‍ ഗാര്‍ഡന്‍, മൈസൂര്‍ കൊട്ടാരം എന്നിവയ്‌ക്കൊപ്പം തന്നെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ഒന്നാണ് മൈസൂര്‍ മൃഗശാലയും.
ഇന്ത്യയിലെ തന്നെ പുരാതനമായ കാഴ്ച ബംഗ്ലാവുകളില്‍ ഒന്നാണ് മൈസൂരിലേത്‍. കാഴ്ച ബംഗ്ലാവിന്‍റെ ഔദ്യോഗിക നാമം ‘ശ്രീ ചമരാജേന്ദ്ര സൂവോളജിക്കല്‍ ഗാര്‍ഡന്‍’ എന്നാണ്. മൈസൂറിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ ഒന്നില്‍ കിടക്കുന്ന ഇത് ദുര്‍ല്ലഭമായ ജീവജാലങ്ങളാലും അതിശയകരമായ ഹരിതാഭ കൊണ്ടും സമ്പന്നമാണ്.
നിരന്ന പച്ചപ്പും ദുര്‍ല്ലഭവും വിദേശിയവുമായ പക്ഷി മൃഗാദികളാണ് മൈസൂര്‍ കാഴ്ച ബംഗ്ലാവിന്‍റെ പ്രത്യേകത. വന്യ മൃഗങ്ങളുടെ ഒരു സങ്കേതം തന്നെയാണിത്. ദക്ഷിണേന്ത്യയിലെ തന്നെ തിരക്കേറിയതും വലുതുമായ ഈ കാഴ്ച ബംഗ്ലാവില്‍ ദിനം പ്രതി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും കാഴ്ചകള്‍ക്കുമായി അനേകമാള്‍ക്കാര്‍ ഈ മൃഗശാല സന്ദര്‍ശിക്കുന്നു. പുസ്തകങ്ങളില്‍ മാത്രം പരിചയിച്ച മൃഗങ്ങള്‍ കണ്മുന്നില്‍ കാണാനുള്ള അവസരമാണിവിടെ.
മൈസൂര്‍ സ്റ്റേറ്റിനു ആധുനിക മുഖം നല്‍കിയ ഭരണാധികാരികളില്‍ ഒരാളായ ചമരാജേന്ദ്ര വൊഡയാറാണ് 1892 ല്‍ മൃഗശാല പണികഴിപ്പിച്ചത്. ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ഒന്നാണിത്. വൃന്ദാവന്‍ ഗാര്‍ഡന്‍റെയും ബാംഗ്ലൂരിലെ കുബ്ബോണ്‍ പാര്‍ക്കിന്‍റെയും ഡിസൈനറായ ജര്‍മ്മന്‍ ലാന്‍ഡ്സ്കേപ്പ് കലാകാരനായ എഞ്ചിനീയര്‍ ജി എച്ച് ക്രും ബൈഗളിന്‍റെ പങ്കാളിത്തം ഇതില്‍ നിര്‍ണ്ണായകമായിരുന്നു
ഒരു പ്രകൃതി സ്നേഹിയായിരുന്നു വൊഡയാര്‍. അതുകൊണ്ട് തന്നെ പാര്‍ക്കുകളും പൂന്തോട്ടങ്ങളും നിര്‍മ്മിക്കുന്നതില്‍ തല്‍പ്പരനായിരുന്നു. പിടിച്ചു കൊണ്ടുവരുന്ന വന്യമൃഗങ്ങളെ കാട്ടി അതിഥികളെ സന്തോഷിപ്പിക്കുകയായിരുന്നു വൊഡയാറിന്‍റെ വിനോദം. ആദ്യ കാലത്ത് ഈ ഉദ്ദേശത്തിനു മാത്രം തുറന്നിരുന്ന മൃഗശാല 10 വര്‍ഷം കൊണ്ട് വലിയ പ്രശസ്തി സമ്പാദിച്ചു. പിന്നീട് ഇത് പൊതു ജനങ്ങള്‍ക്കായും തുറന്നു നല്‍കുകയായിരുന്നു.
ആദ്യം 10 ഏക്കറില്‍ പരന്നു കിടന്ന കാഴ്ച ബംഗ്ലാവ് പിന്നീട് 45 ഏക്കറിലേക്ക് വ്യാപിപിച്ചു. സ്വാന്തന്ത്ര്യം, ലഭിച്ചതിനു ശേഷം കാഴ്ച ബംഗ്ലാവിന്‍റെ അധികാരം പാര്‍ക്ക് ആന്‍ഡ് ഗാര്‍ഡന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിനു കൈമാറി. 100 വര്‍ഷത്തിനു ശേഷവും പച്ചപ്പും ജീവജാലങ്ങളും ഒന്നു ചേര്‍ന്ന പ്രകൃതിയുടെ ഈ കൂട്ടായ്‌മ ഇപ്പോഴും ഒളി മങ്ങാതെ നില്‍ക്കുന്നു.
എത്രയൊക്കെ മനോഹരമാണെങ്കിലും വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ഈ കാഴ്ച ബംഗ്ലാവിനും കഴിഞ്ഞില്ല. 2004 ല്‍ ആനകളും സിംഹവാലന്‍ കുരങ്ങുകളും ചത്തതിന്‍റെ പേരില്‍ വിവാദങ്ങള്‍ മൃഗശാലയെ പൊള്ളിച്ചു. 2004 സെപ്തംബര്‍ 4 ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൃഗശാലയിലെ ഒരു ആന ചെരിഞ്ഞിരുന്നു.
തൊട്ടു പിന്നാലെ സെപ്തംബര്‍ 7 ന് മറ്റൊരാനയും ഇതേ അസുഖം വന്നു ചെരിഞ്ഞു. ഇതേ വര്‍ഷം തന്നെ ആഗസ്റ്റില്‍ ഒരു സിംഹ വാലന്‍ കുരങ്ങും അജ്ഞാതമായ കാരണത്താല്‍ ചത്തു. പുറകേ ഒരു എമുവിനെയും ഒരു കടുവയേയും അജ്ഞാത കാരണത്താല്‍ മരണം കൊണ്ടു പോയി. പിന്നാലെ കൊമല എന്നൊരാന കൂടി ചത്തതോടെ മരണ കാരണം കണ്ടെത്താന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവ് ഇടുകയായിരുന്നു.