തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ ഒരു അതിഥി കൂടി വന്നു. മുംബൈ മൃഗശാലയില്‍ നിന്നും ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രാജ്കുമാര്‍ എന്ന ആനയാണ് ഇവിടെയെത്തിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്കുമാര്‍ മുംബൈയില്‍ നിന്നും യാത്ര തിരിച്ചത്. റോഡ് മാര്‍ഗ്ഗം ആറു ദിവസം നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം മൃഗശാലയിലെത്തിയത്. തിരുവനന്തപുരം മൃഗശാലയിലെ ആന പരിപാലകന്‍ രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നാലംഗ സംഘം മുംബൈയിലെത്തിയിരുന്നു.
മുംബൈ മൃഗശാലയില്‍ വേണ്ട പരിചരണം ഈ ആനയ്ക്ക് ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന മുംബൈ ഹൈക്കോടതി ഇടപെട്ടു. ഏറ്റവും നല്ല പരിചരണം ലഭിക്കുന്ന മൃഗശാലയിലേക്ക് രാജ്കുമാറിനെ മാറ്റാന്‍ കേന്ദ്ര മൃഗശാല അതോറിട്ടിക്ക് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് തിരുവനന്തപുരം മൃഗശാലയ്ക്ക് ഈ ആനയെ പരിചരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ആളുകളും ഉണ്ടെന്ന് അതോറിട്ടി റിപ്പോര്‍ട്ട് നല്‍കി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ആനയെ തിരുവനന്തപുരത്തേയ്ക്ക് അയയ്ക്കുകയായിരുന്നു. 25 വയസ്സുകാരനായ രാജ്കുമാര്‍ തലയെടുപ്പുള്ള ആനയാണ്. എന്നാല്‍ കൊമ്പ് പുറത്തേയ്ക്കിറങ്ങിയിട്ടില്ല. പുതിയ സാഹചര്യങ്ങളുമായി രാജ്കുമാര്‍ പൊരുത്തപ്പെട്ടിട്ടില്ല. ഹിന്ദി പറഞ്ഞാലേ മനസ്സിലാവൂ. വടക്കേന്ത്യന്‍ ഭക്ഷണമാണ് കഴിക്കുന്നത്.
കരിമ്പും പുല്ലും വയ്ക്കോലുമാണ് ഇഷ്ടഭക്ഷണം. ഭാഷയും ഭക്ഷണവും വൈകാതെ മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് രാധാകൃഷ്ണന്‍ നായര്‍.