സകല പ്രതാപഐശ്വര്യങ്ങളോടും കൂടി വാഴുന്ന രൂപവതിയായ ചന്ദ്രികയാണ് ചങ്ങമ്പുഴയുടെ നായിക. വിളിച്ചാല്‍ വിളികേള്‍ക്കാനും അനുസരിക്കാനും അരികെ ഒരുപാടാളുകള്‍, പ്രതാപിയായ അച്ഛന്‍റെ അരുമ സന്താനം. ഒന്നിനും ഒരു കുറവുമില്ലാതെ വളര്‍ന്ന അവളുടെ മനസ്സില്‍ പക്ഷേ പ്രണയനായകനായി കുടിയേറിയത് വെറുമൊരു ആട്ടിടയനായ രമണനാണ്.
രമണന്‍റെ പ്രേമം ചന്ദ്രികയ്‌ക്ക് ജീവസംഗീതമായിരുന്നു. ഈ പ്രേമം ഒളിഞ്ഞും തെളിഞ്ഞും ഒരു കാട്ടരുവിപോലെ പതഞ്ഞൊഴുകി. ചന്ദ്രികയ്ക്ക് കൂട്ടിന് തോഴികളുണ്ടായിരുന്നു. രമണനാവട്ടെ ഒറ്റ തോഴനായ മദനനും. അങ്ങിനെ അവരുടെ അനുരാഗം പൂത്തുലഞ്ഞു. ഈ മധുരാനുരാഗം ചന്ദ്രികയുടെ മാതാപിതാക്കള്‍ അറിഞ്ഞു. അവര്‍ ഈ പ്രണയത്തിന് തടയിട്ടു.
രമണനും ചന്ദ്രികയ്ക്കും പരസ്പരം സംസാരിക്കാനോ കാണാനോ പറ്റില്ലെന്നായി. ചന്ദ്രിക അച്ഛന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി സുമംഗലിയാവാന്‍ ഒരുങ്ങുന്നു. കാമുകിയില്‍ നിന്നും വേര്‍പെട്ട രമണന്‍ തപിക്കുന്ന മനസ്സോടെ കാനനഛായയില്‍ വേണുവൂതിക്കഴിഞ്ഞു. പ്രേമനൈരാശ്യത്താല്‍ തളര്‍ന്നവശനായ കാമുകന്‍, രമണന്‍ ഒടുക്കം ജീവിതമവസാനിപ്പിക്കുന്നു.