നിറമില്ലാത്ത പൂക്കള്‍

WD
തൂവെള്ള കാന്‍വാസില്‍ പൌര്‍ണ്ണമി രാത്രിയിലെ ആകാശം പകര്‍ത്തുമ്പോഴാണ് ചായവും ബ്രഷും തട്ടിത്തെറിപ്പിച്ച് ലമീസ കടന്നുവന്നത്. അവള്‍ അങ്ങനെയാണ്, എന്‍റെ കാന്‍‌വാസില്‍ എന്നും അപൂര്‍ണ ചിത്രങ്ങള്‍ കാണാനായിരുന്നു അവള്‍ക്ക് താല്‍‌പര്യം - ഇലകളില്ലാത്ത മരം, നിറമില്ലാത്ത പൂക്കള്‍, മേല്‍ക്കൂരയില്ലാത്ത വീട് - അങ്ങനെ പലതും.

പൂര്‍ണ്ണതയിലേക്ക് നോക്കി നെടുവീര്‍പ്പിടുന്ന ചിത്രങ്ങളാണ് ലമീസയെ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്. ഒരു പക്ഷെ വ്യക്തതയില്ലാത്ത തന്‍റെ ജീവിതത്തിന്‍റെ ശരി പകര്‍പ്പുകളാവാം ഇവയെന്ന് അവള്‍ കരുതുന്നുണ്ടാവാം. ലമീസയുടെ സൌന്ദര്യ ബോധത്തിലെ വികലത എന്നെ പലപ്പോഴും അരിശം പിടിപ്പിച്ചിട്ടുണ്ട്.

“രാത്രിയിലെ ആകാശം എനിക്കിഷ്ടമല്ല” - അവള്‍ പറഞ്ഞു. ഞാന്‍ എതിര്‍ക്കാന്‍ പോയില്ല. നക്ഷത്രങ്ങളും ഗ്രഹങ്ങളും ചന്ദ്രലേഖയുമില്ലാതെ തരിശായി കിടക്കുന്ന നീലാകാശമാണ് ലമീസയ്ക്കിഷ്ടം. ശാന്തമായി കിടക്കുന്ന ആ നീല വിതാനത്തിലേയ്ക്ക് അവള്‍ എത്രനേരം വേണമെങ്കിലും നോക്കിയിരിക്കും. റോമന്‍ പോരാളികളെപ്പോലെ മേഘപടലങ്ങള്‍ ആര്‍ത്തിരമ്പി വരുമ്പോള്‍ മാത്രമേ തന്‍റെ കണ്ണുകളെ ലമീസ പിന്‍വലിക്കുകയുള്ളൂ.

കാന്‍‌വാസെടുത്ത്‌വച്ച് ഞങ്ങള്‍ നടക്കാനിറങ്ങി. സായാഹ്നവെയിലിന്‍റെ ചൂട് ലമീസയ്ക്ക് എന്തോ നിഗൂഢമായ അനുഭൂതി നല്‍കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഈ സമയത്ത് പുഴക്കരയിലൂടെയുള്ള യാത്ര അവള്‍ക്ക് വളരെ ഇഷ്ടമാണ്.

PRO
കേശവേട്ടന്‍റെ ചായക്കടയിലേക്ക് എളുപ്പത്തിലെത്താവുന്ന ചവിട്ടു വഴിയിലെ തൊട്ടാവാടി മുള്ളുകള്‍ ലമീസയുടെ കാലില്‍ ചുവന്ന പൊട്ടുകളിട്ടു. അധികാരിയുടെ നെല്‍‌പാ‍ടത്തേയ്ക്ക് കുനിഞ്ഞിരിക്കുന്ന പാറപ്പുറത്ത് ഞാനിരുന്നു, എന്‍റെ വലതു വശത്തായി അവളും. വയലിനക്കരെ അസീസ് മുതലാളിയുടെ വീട്ടിലെ പഴയ ടേപ്‌റെക്കോര്‍ഡറില്‍ നിന്ന് ഒരു പഴയ സിനിമാഗാനം അവ്യക്തമായി കേള്‍ക്കാം. പന്ത്രണ്ട് വര്‍ഷത്തെ നീണ്ട കഥയുടെ ഓരോ അധ്യായവും ഞങ്ങള്‍ ഓടിച്ചു വയിച്ചു. പുഴയുടെ കൈവഴിയില്‍ കടലാസ് തോണി ഒഴുക്കുന്നതിനിടെ ലമീസ കാല്‍‌വഴുതി വീണ ഭാഗം ഞാനാണ് വയിച്ചത്. ലമീസ എന്നെ നോക്കി. ഞാന്‍ ചിരിച്ചു. അവള്‍ ചിരിക്കാന്‍ ശ്രമിച്ചതേയില്ല.

റുബീനതാത്തയുടെ മരണത്തിന് ശേഷമാണ് ലമീസ ശൂന്യത ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. തന്‍റെ എല്ലാമെല്ലാമായിരുന്ന റൂബി താത്തയുടെ വിയോഗം അവള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. അന്ന് ഞാനും ലമീസയും ഏഴാം ക്ലാസിലാണ്. രാധ ടീച്ചര്‍ “പാരിനുപരി ഭൂഷ ചാര്‍ത്തിടും ഭാരതത്തിന്‍റെ ചിത്രകം” എന്ന് എന്നെക്കൊണ്ട് നീട്ടിപാടിയ്ക്കുമ്പോഴാണ് പ്യൂണ്‍ വന്നതും ലമീസയുടെ അമ്മാവന്‍ വന്നിട്ടുണ്ടെന്നറിയിച്ചതും. അന്ന് അവളുടെ കൂടെ ഞാനും വീട്ടിലേക്ക് പോന്നു.

റൂബിത്താത്തയുടെ മയ്യത്ത് പള്ളിത്തൊടിയിലേക്കെടുക്കുമ്പോള്‍ വടക്കെ കോലായില്‍ നിര്‍നിമേഷയായി നോക്കി നില്‍ക്കുന്ന ലമീസയുടെ മുഖം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ആയിഷുമ്മ അലമുറയിട്ട് കരയുന്നുണ്ട്. ലമീസ പൊട്ടിക്കരയുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ കണ്ണുനീര്‍ ബാക്കിയുണ്ടായിരുന്നില്ലെന്ന് തോന്നുന്നു, അപരിചിതമായൊരു ഭാവമായിരുന്നു ആ മുഖത്ത്.

PRO
“ഞാന്‍ നാളെ പോകും” - ലമീസ എന്നെ നോക്കി പറഞ്ഞു. ഞാന്‍ മറുപടി പറയാത്തതിനാലാകണം അവള്‍ സ്വരം അല്‍‌പം ഉയര്‍ത്തി പ്രസ്തുത വാചകം ഒന്നു കൂടി ആവര്‍ത്തിച്ചു. ശരിയാണ് ലമീസ നാളെ രാവിലെ പോകുകയാണ്, കോഴിക്കോട്ടെ പുതിയ വീട്ടിലേക്ക്. പതിനാലിന് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ബാപ്പുട്ടിക്കയും പറഞ്ഞിരുന്നു. “ഇനി എന്ന് കാണും?” ഞാന്‍ ചോദിച്ചു. “അറിയില്ല” അവള്‍ പെട്ടന്ന് മറുപടി പറഞ്ഞു. ഞാന്‍ വിദൂരതയിലേയ്ക്ക് നോക്കി, അവള്‍ എന്‍റെ മുഖത്തേയ്ക്കും.

പിരിയാന്‍ നേരത്ത് ലമീസ എന്‍റെ കയ്യില്‍ പിടിച്ചു. അവള്‍ ചിരിക്കാന്‍ ശ്രമിക്കുകയാണ്. അസ്തമന സൂര്യന്‍റെ ഇളംകിരണങ്ങളേറ്റ് ആ നിഗൂഢ സൌന്ദര്യം ആയിരം മടങ്ങ് വര്‍ദ്ധിക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ വിളിച്ചു, “ലമീസാ,” പക്ഷെ ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവള്‍ക്കും. നിളയില്‍ നിന്നുയര്‍ന്ന ഒരു നെടുവീര്‍പ്പ് ലമീസയുടെ തട്ടത്തെ അടുത്തുള്ള മുള്ളുമരത്തില്‍ കുരുക്കി.

രാവിലെ പത്രക്കാരന്‍റെ ബെല്ലടി ശബ്ദം കേട്ടാണ് ഞാന്‍ പുറത്തിറങ്ങിയത്. വിരസമായ രാഷ്ട്രീയ വാഗ്വാദങ്ങളാല്‍ സ്ഥിരം ആദ്യ പേജ് നിറയ്ക്കുന്ന പത്ര കടലാസ് ഞാനെടുത്ത് നിവര്‍ത്തി. വിശാലമായ ഒരു പുഴയുടെ പശ്ചാത്തലത്തില്‍ രണ്ട് കമിതാക്കളുടെ മനോഹര ചിത്രവും അതിന് താഴെ ഒരു വാചകവും - “ഇന്ന് പ്രണയിതാക്കളുടെ ദിവസം”. ഞാന്‍ എന്‍റെ കണ്ണുകളെ വിദൂരതയിലേക്ക് പായിച്ചു. അകലെ ചെമ്മണ്‍ പാതയിലൂടെ മൂന്ന് മനുഷ്യ രൂപങ്ങള്‍ നടന്നകലുന്നു.