Budget 2020: ആരോഗ്യമേഖലയ്ക്കായി 69,000 കോടി, വ്യവസായത്തിന് 27,300 കോടി
ആരോഗ്യമേഖലയിൽ 69,000 കോടി നീക്കിയിരുത്തി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. 2025 ഓടെ സമ്പൂർണ ക്ഷയരോഗ നിർമാർജനം ഇന്ത്യയിൽ ഉറപ്പാക്കും. ആരോഗ്യ മേഖലയിൽ ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിപുലീകരിക്കും.
വ്യവസായ മേഖലയ്ക്കും കരുതൽ. വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ വകയിരുത്തും. എല്ലാ ജില്ലകളേയും കയറ്റുമതി കേന്ദ്രമാക്കി മാറ്റുകയെന്നത് ലക്ഷ്യം. സ്വയം സംരംഭകത്വമാണ് ഇന്ത്യയുടെ ശക്തി. ഇതിനായി എല്ലാ ജില്ലകളേയും പ്രാപ്തരാക്കും. നിക്ഷേപങ്ങൾക്ക് ഉപദേശം നൽകാനും ഭൂമി ലഭ്യത അറിയിക്കാനും സംസ്ഥാനതലത്തിൽ തന്നെ സംവിധാനമൊരുക്കും.
കർഷകർക്ക് മുൻഗണന നൽകുന്ന ബജറ്റ് തീരുമാനങ്ങളും പ്രഖ്യാപിച്ചു. ബജറ്റിൽ കർഷകർക്കായി പ്രത്യേക കരുതൽ. കൃഷിക്കാർക്കു വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ 16 ഇന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. കർഷകർക്ക് അതിവേഗം ഉൽപന്നങ്ങൾ അയയ്ക്കുന്നതിനായി കിസാൻ റെയിൽ പദ്ധതി ആരംഭിക്കും
ജലദൗർലഭ്യം നേരിടുന്ന രാജ്യത്തെ ജില്ലകളിൽ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്കായി പദ്ധതി നടപ്പാക്കും. തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും. 2020 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. മത്സരാധിഷ്ഠിത കാർഷിക രംഗമുണ്ടാക്കുകയെന്നത് സർക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ കാർഷിക രംഗത്ത് കാര്യമായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ.