മറ്റ് വമ്പന്മാരെ രക്ഷപെടുത്താനുള്ള നീക്കമാണോ ഇത്? പൊലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടലല്ലേ ഇത്? - വി ടി ബൽ‌റാം ചോദിക്കുന്നു

ഗോൾഡ ഡിസൂസ
വെള്ളി, 6 ഡിസം‌ബര്‍ 2019 (11:44 IST)
ഹൈദരാബാദിൽ യുവ ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കത്തിച്ചു കൊന്ന കേസിലെ പ്രതികൾ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് വി ടി ബൽ‌റാം എം എൽ എ. ക്രിമിനലുകൾ പരമാവധി ശിക്ഷ അർഹിക്കുന്നുണ്ടായിരിക്കാം എന്നാൽ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠമാണെന്ന് വി ടി ബൽറാം പറയുന്നു.  
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
 
പലർക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകൾ പരമാവധി ശിക്ഷ അർഹിക്കുന്നുണ്ടായിരിക്കാം, എന്നാൽ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠമാണ്. അതിൽ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകൾ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകൾക്കുള്ള പരിഹാരം കാണേണ്ടത് കയ്യിൽക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല.
 
ഇപ്പോൾ നടന്നത് പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടൽ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യൻ പോലീസ്. പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യിൽ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാർത്ഥത്തിൽ ഇല്ലാതാവുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
 
ഈ വാർത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആൾക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയിൽ ഈ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഈ ആൾക്കൂട്ടം അർഹിക്കുന്നത് ഒരു പോലീസ് സ്റ്റേറ്റാണ്, ഫാഷിസമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article