അനുപമയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, കൊല്ലം വെടിക്കെട്ട് ദുരന്തം ആരും മറന്നിട്ടില്ലല്ലോ അല്ലേ? - അന്ന് ഷൈനമോൾ, ഇന്ന് അനുപമ!

എസ് ഹർഷ
വെള്ളി, 10 മെയ് 2019 (16:46 IST)
കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം ആരും മറന്ന് കാണാൻ ഇടയില്ല. 109 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പൊലീസ് ആണ് കാരണം. ഒപ്പം വെടിക്കെട്ട് പ്രേമികളും. അന്നത്തെ ജില്ലാ കളക്ടര്‍ ഷൈനമോള്‍ അനുമതി നിഷേധിച്ച വെടിക്കെട്ടിന് പൊലീസ് അനുമതി നൽകുകയായിരുന്നു. അന്ന് പൊലിഞ്ഞ ജീവനുകൾക്ക് പകരം നൽകാൻ ആർക്കും കഴിയില്ല. 
 
വെടിക്കെട്ടിന് അനുമതി നിഷേധിച്ച അന്നത്തെ കൊല്ലം ജില്ലാ കളക്ടർ ഷൈനമോൾക്കെതിരെ വെടിക്കെട്ട് പ്രേമികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ പ്രതിഷേധമുയർത്തിയിരുന്നു. ഇപ്പോൾ സമാനമായ സംഭവമാണ് തൃശൂരും അരങ്ങേറുന്നത്. വെടിക്കെട്ട് പ്രേമികൾക്ക് പകരം ആനപ്രേമികൾ ആണെന്ന് മാത്രം. 
 
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തിനുമാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് പറഞ്ഞു. ഇത് ഏറ്റെടുത്തിരിക്കുകയാണ് ഇന്നാട്ടിലെ ആനപ്രേമികൾ. നീതിയും നിയമവും രാമചന്ദ്രന് തുണയായെന്നും അവന് മുന്നിൽ കളക്ടർ അനുപമ മുട്ടുകുത്തിയെന്നും പറഞ്ഞ് ആഹ്ലാദിക്കുന്നവർ അറിയേണ്ട ഒരു കാര്യമുണ്ട്. നഷ്ടപ്പെടാൻ കളക്ടർക്ക് ഒന്നുമില്ല. ജീവനും ജീവിതവും പിടിച്ച് ഉത്സവത്തിന്റെ ലഹരിയിലേക്ക് ഊളിയിടുന്നവർ ഓർക്കണം, രാമചന്ദ്രൻ ഭയപ്പെടേണ്ടവൻ തന്നെയാണെന്ന്. 
 
തെച്ചിക്കോട്ട് രാമചന്ദ്രനെ ഉത്സവത്തിന് എഴുന്നള്ളിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും നേരത്തെ വനംമന്ത്രി കെ. രാജു വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയായിരുന്നു അനുപമയും സ്വീകരിച്ചത്. 
 
2007 മുതല്‍ നാളിന്ന് വരെ ഏഴ് പേരെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന ആന കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്നിട്ടുണ്ട്. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരുവെന്നായിരുന്നു കളക്ടര്‍ വ്യക്തമാക്കിയത്. ഈ നിലപാടിനെ പക്ഷേ പൂർണമായും അംഗീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ തയ്യാറായില്ല. ചർച്ചകൾക്കൊടുവിൽ രാമചന്ദ്രന് അനുകൂല വിധിയാണ് വന്നത്. 
 
എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ സ്ഥലത്തുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ആന ഉടമയ്ക്കായിരിക്കും. ഇക്കാര്യം ഉടമയില്‍നിന്ന് എഴുതി വാങ്ങണമെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ മന്ത്രിമാരും ആന ഉടമകളും തമ്മിലുള്ള ചര്‍ച്ചയിലാണു ധാരണയായത്. ഏതായാലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കട്ടെ. 

അനുബന്ധ വാര്‍ത്തകള്‍

Next Article