മല്യ പെട്ടിയുമായി വിമാനത്താവളത്തിലെത്തി, കമ്പ്യൂട്ടറിൽ നിന്നും അപ്രത്യക്ഷമായ രേഖകൾ മല്യയ്ക്ക് വഴിയൊരുക്കി: സര്‍ക്കാരിനെ വെട്ടിലാക്കി സുബ്രഹ്മണ്യന്‍ സ്വാമി

വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (11:50 IST)
വിജയ് മല്യ രാജ്യം വിട്ടതാണോ അതോ വിദേശത്തേക്ക് കടക്കാന്‍ അനുവദിച്ചതാണോ എന്ന സംശയം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യസഭാ എംപിയായിരിക്കെ 2016 മാര്‍ച്ച് രണ്ടിനാണ് മല്യ ഡല്‍ഹി വിമാനത്താവളം വഴി വിദേശത്തേക്ക് കടന്നത്.
 
മല്യയുടെ പേരിലുണ്ടായിരുന്ന ലുക്ക് ഔട്ട് നോട്ടീസും യാത്ര തടയുക എന്ന അറിയിപ്പും നിലനിൽക്കേ മല്യ എങ്ങനെ രാജ്യം വിട്ടുവെന്ന സംശയമാണ് സുബ്രഹ്മണ്യ സ്വാമിയും ഉന്നയിക്കുന്നത്. മല്യ പെട്ടിയുമായി വിമാനത്താവളത്തിൽ എത്തിയപ്പോൾ അതുവരെയുണ്ടായിരുന്ന മുന്നറിയിപ്പുകളെല്ലാം കം‌മ്പ്യൂട്ടറിൽ നിന്നും മാഞ്ഞ് പകരം ആ സ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുക എന്നതുമാത്രമായി സന്ദേശം മാറി. ഇതാണ് മല്യയുടെ യാത്രയ്ക്ക് വഴിതെളിച്ചതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു.
 
രാജ്യംവിടുന്നതിനു മുൻപ് താൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നായിരുന്നു വിജയ് മല്യ വെളിപ്പെടുത്തിയത്.  
 
മല്യ രാജ്യത്തുനിന്നും കടന്നത് കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെയാണ്. ഇക്കാര്യത്തിൽ കേന്ദ്രം വിശദീകരണം നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിക്കഴിഞ്ഞു. പാർലമെന്റിന്റെ സെൻ‌ട്രൽ ഹാളിൽ വച്ചാണ് അരുൻ ജെയ്റ്റ്ലിയും മല്യയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്നും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവുമെന്നും കോൺഗ്രസ് നേതാവ് പി എൽ പുനിയ വ്യക്തമാക്കി. 
 
മല്യ രാജ്യംവിടുന്നതിനു മുൻപ് ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി രാഹുൽ ഗാന്ധി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പേരു വെളിപ്പെടുത്താതെ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും എന്നായിരുന്നു അന്ന് രാഹുലിന്റെ പ്രതികരണം.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍