രാജ്യം വിടുന്നതിനു മുൻപ് താൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന് രാജ്യത്തെ ബാങ്കുകളിൽ നിന്നും വായ്‌പയെടുത്ത് വിദേശത്തേക്ക് കടന്ന മദ്യ രാജാവ് വിജയ് മല്യ. മല്യ രാജ്യംവിട്ടത് കേന്ദ്ര സർക്കാരിന്റെ അറിവോടെയായിരുന്നു എന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം ശരിവക്കുന്നതാണ് മല്യയുടെ തന്നെ വെളിപ്പെടുത്തൽ.
അതേസമയം ജെയ്റ്റ്ലി ഇക്കാര്യം നിഷേധിച്ചു. വിജയ് മല്ല്യക്ക് തന്നെ കാണാൻ ഔദ്യോഗികമായി അനുവാദം നൽകിയിരുന്നില്ലെന്നും പാർലമെന്റ് ലോബിയിൽ വച്ചാണ് ഇരുവരും തമ്മിൽ കണ്ടെതെന്നുമാണ് അരുൺ ജെയ്റ്റ്ലി നൽകുന്ന വിശദീകരണം. മല്യ വിദേശത്തേക്ക് കടക്കുന്നതിനു മുൻപ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നത് ഇതോടെ വ്യക്തമായി.
രാജ്യത്തെ ബാങ്കുകളിൽ നിന്നും 9000 കോടി രൂപയോളം വായ്പ്യെടുത്തശേഷം തിരിച്ചടക്കാതെ നടപടി വരുമെന്നുറപ്പായപ്പോൾ വിജയ് മല്യ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാളിൽ നിന്നും പണം തിരികെ പിടിക്കുന്നതിനായി എൻഫോഴ്സ്‌മെന്റ് ശ്രമങ്ങൾ നടത്തുകയാണ്. ലണ്ടനിലെ സ്വത്തുക്കൾ തിട്ടപ്പെടുത്തി കണ്ടുകെട്ടാൻ ലണ്ടൻ കോടതി അനുവാദം നൽകിയിരുന്നെങ്കിലും ഈ വിധിക്കെതിരെ മല്യ സ്റ്റേ നേടുകയായിരുന്നു.