ഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ തൊഴിൽ വെബ്സൈറ്റിലൂടെ ഒരു മാസം തട്ടിയെടുത്തത് 1.09 കോടി രൂപ. 27,000 ലധികം പേരാണ് ഈ വെബ്സൈറ്റിലൂടെ കബളിപ്പിയ്ക്കപ്പെട്ടത്. ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ തൊഴിൽ തട്ടിപ്പാണ് ഇതെന്ന് പൊലീസ് വ്യക്തമാകി. സംഭവത്തിൽ അഞ്ചുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രജിസ്ട്രേഷൻ ഫീസ് ആയാണ് ഇത്രയുമധികം തുക ആളുകളിൽനിന്നും തട്ടിയെടുത്തത്.
സർക്കാർ സ്വകാര്യ ഏജസികൾക്കായി ഓൺലൈൻ റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്ന ഒരു സെന്റർ പ്രതികൾ നിയമപരമായി നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിലൂടെ ലഭിയ്ക്കുന്ന ഉദ്യോഗാർത്ഥികളൂടെ വ്യക്തിവിവരങ്ങൾ ശേഖരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഒറിജിനൽ എന്ന് തോന്നിയ്ക്കുന്ന വിധത്തിലാണ് ഇവർ വെബ്സൈറ്റ് ഒരുക്കിയത് എന്നതിനാൽ ഉദ്യോഗാർത്ഥികൾക്ക് സംശയവും തോന്നിയില്ല. നഴ്‌സ്, ആംബുലന്‍സ് ഡ്രൈവര്‍, അക്കൗണ്ടന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ, തുടങ്ങിയ തസ്തികളിലേക്ക് 13,000 ത്തോളം ഒഴിവുകളിലേയ്ക്ക് എന്ന വ്യാജേനയാണ് രണ്ട് വ്യാജ വെബ്സൈറ്റുകൾ വഴി രജിസ്ട്രേഷൻ ഫീസായി പണം സ്വരൂപിച്ചത്.
500 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് കാത്തിരുന്ന ഒരു ഉദ്യോഗാർത്ഥി തുടർ വിവരങ്ങൾ ലഭിയ്ക്കാതെ വന്നതോടെ പൊലിസിൽ സമീപിയ്ക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഹരിയാനയിലെ ഹിസാർ ജില്ലയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് പണം എത്തിയിരുന്നത്. ദിവസവും ലഭിയ്ക്കുന്ന പണം അതാത് ദിവസം പിൻവലിയ്ക്കുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി എടിഎം ട്രാൻസാക്ഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.