ഒരു കഥൈ സൊല്ലട്ടാ...: കപ്പന് കഥയിലൂടെ മുന്നറിയിപ്പുമായി വിഎൻ വാസവൻ

തിങ്കള്‍, 15 ഫെബ്രുവരി 2021 (08:36 IST)
കോട്ടയം: പാലാ സീറ്റിൽ പിണങ്ങി എൽഡിഎഫ് വിട്ട് യുഡിഎഫിലേയ്ക്ക് ചേക്കിറിയ മാണി സി കാപ്പന് കഥയിലൂടെ മുന്നറിയിപ്പുമായി സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ. തള്ളക്കോഴി വളർത്തിയ താറാവ് കുഞ്ഞിന്റെ കഥ പറഞ്ഞാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മാണി സി കാപ്പന് വിഈൻ വാസവൻ മുന്നറിയിപ്പ് നൽകുന്നത്. കയത്തിലേയ്ക്കാണ് ചാടിയത് എന്ന് താറാവ് കുഞ്ഞിന് അറിയില്ലെന്നും അവിടെ അവിടെ നീർനായും, നീർക്കോലിയും ചീങ്കണ്ണിയുമെല്ലാം അവനെ ഇരയാക്കും എന്നും കഥയിൽ വാസവൻ വിവരിയ്ക്കുന്നു. 
 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

 

പഴമക്കാർ പറഞ്ഞു കേട്ടൊരു കഥയുണ്ട്

 
പണ്ട് പണ്ട് വളരെ പണ്ട് ഒരിടത്തൊരു കോഴി ഉണ്ടായിരുന്നു. ഒരു പിടക്കോഴി. ഒരു തവണ  അടയിരുന്നപ്പോൾ കൂട്ടത്തിൽ ഒരു താറാവിൻ മുട്ടയും അവൾ വച്ചു. കോഴി മുട്ടകൾ വിരിഞ്ഞതിനൊപ്പം താറാവിൻ മുട്ടയും വിരിഞ്ഞു. മീനച്ചിലാറിന്റെ തീരത്തായിരുന്നു തള്ളക്കോഴിയും കുഞ്ഞുങ്ങളും താമസം. ഭക്ഷണം കഴിക്കാൻ വരെ പിന്നിലായിരുന്ന താറാവിൻ കുഞ്ഞിനെ തള്ളക്കോഴി കരുതലോടെയാണ് വളർത്തിയത്. വാഴതോപ്പിലും ചീരച്ചുവട്ടിലും കൊണ്ടുപോയി ചികഞ്ഞ് കൊത്തിയെടുത്ത് ഭക്ഷണവും വെള്ളവും കൊടുത്ത് വളർത്തി.
 
പതിവുപോലെ തീറ്റതേടിയിറങ്ങി കോഴി അമ്മയും മക്കളും പുഴയുടെ തീരത്തേക്ക് പോയി, കുറച്ചു കഴിഞ്ഞ് കോഴി അമ്മ കൊക്കി നിലവിളിക്കുന്ന ശബ്ദം കേട്ട് മറ്റ് കോഴിക്കുഞ്ഞുങ്ങൾ ഓടിചെന്നു. പുഴയുടെ തീരത്തു കൂടി ഓടിയാണ് കോഴി അമ്മയുടെ കൊക്കി വിളി. തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കുഞ്ഞ് താറാവ് മീനച്ചിലാറ്റിലെ കയത്തിലേക്ക് ചാടി നീന്താൻ പ്രയാസപ്പെടുന്നത് അവരും കണ്ടു. അതിനെകണ്ടാണ് തള്ളക്കോഴിയുടെ ബഹളം ഇത് കണ്ട് കൂടനിന്ന കോഴിക്കുഞ്ഞിൽ ഒരാൾ പറഞ്ഞു, 
 
കണ്ടോ അവൻ ചാടിയതിന്റെ സങ്കടത്തിൽ അമ്മ കരയുകാ, ഇത് കേട്ട തള്ളക്കോഴി ഒന്നു നിന്നു, എന്നിട്ടു പറഞ്ഞു, മക്കളെ അവൻ കയത്തിൽ ചാടിയാൽ നമ്മുക്കോ നമ്മുടെ വംശത്തിനോ ഒന്നും സംഭവിക്കില്ല, മാത്രമല്ല നമ്മൾക്ക് ഒരാളിന്റെ ഭക്ഷണത്തിന്റെ കരുതലും ഇനി വേണ്ട. പക്ഷെ അവൻ ചാടിയിരിക്കുന്നത് കയത്തിലേക്കാണെന്ന് അവന് അറിയില്ലല്ലോ, അവിടെ നീർനായും, നീർക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട്, അവർ അവനെ ഇരയാക്കും അക്കാര്യം അവനോട് പറയാൻ ശ്രമിച്ചതാ, എവിടെ കേൾക്കാൻ. ബാ നമ്മൾക്ക് പോവാം കോഴി അമ്മ മക്കളെയും കൂട്ടി തീരത്തുനിന്ന് മടങ്ങി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍