ആർത്തവ സമയത്ത് അമ്പലത്തിൽ പോയിട്ടുണ്ടെന്ന് പെൺകുട്ടി; കടന്നാക്രമിച്ച് ദീപ രാഹുൽ ഈശ്വർ
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (15:43 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയിൽ വൻ ചർച്ചകളും പ്രതിഷേധവുമാണ് നടക്കുന്നത്. കോടതി വിധി അംഗീകരിക്കാന്‍ ആവില്ലെന്ന് ആവര്‍ത്തിക്കുന്നവരിൽ അധികവും സ്ത്രീകൾ തന്നെയാണെന്നതാണ് ഏറ്റവും കൌതുകകരമായ കാര്യം.
ആര്‍ത്തവം തെറ്റും പാപവുമാണെന്ന് സ്വയം വിശ്വസിച്ച് ജീവിക്കുന്ന സ്ത്രീകളോട് എന്ത് നിരത്തി വിശദീകരിച്ചിട്ടും കാര്യമില്ലെന്ന് ഒരുകൂട്ടര്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. ഇതിനിടെ ആര്‍ത്തകാലത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ പെൺകുട്ടിക്ക് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
ഏഷ്യാനെറ്റിലെ നേര്‍ക്ക് നേര്‍ പരിപാടിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഈശ്വറിന്‍റെ ഭാര്യ ദീപയുമായുണ്ടായ ചര്‍ച്ചയ്ക്കിടെയാണ് പെണ്‍കുട്ടി അനുഭവം തുറന്ന് പറഞ്ഞത്. ഒരു സ്ത്രീപോലും ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോകാന്‍ ആഗ്രഹിക്കില്ലെന്ന ദീപയുടെ വാദത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി.
ആര്‍ത്തവ സമയത്ത് താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും ഒരിക്കലും ആ സമയത്തെ തന്‍റെ ശരീരം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. എന്തുകൊണ്ട് ആ ദിവസം മാത്രം അമ്പലത്തിൽ പോയെന്ന് ചോദിച്ചപ്പോൾ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.
എന്നാല്‍ അതാണ് ഞങ്ങളുടെ പ്രശ്നം എന്നായിരുന്നു ദീപയുടെ മറുപടി. പ്രതിഷേധിക്കാനാണ് പെണ്‍കുട്ടി പോയത്. അല്ലാതെ വിശ്വാസം സംരക്ഷിക്കാന്‍ അല്ലെന്നും ആര്‍ത്തവ സമയത്തും ക്ഷേത്രത്തില്‍ പോയ പെണ്‍കുട്ടി വിശ്വാസിയേ അല്ലെന്നും ദീപ വാദിച്ചു.
എന്ത് വന്നാലും സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും തങ്ങളും പോകില്ലെന്നും ഇവര്‍ പല വേദികളിലും ആവര്‍ത്തിച്ച് പ്രസംഗിക്കുകയാണ്.
അതേസമയം ചര്‍ച്ചയില്‍ ദീപയ്ക്കെതിരെ സ്വാമി സന്ദീപാനന്ദ ഗിരിയും ആഞ്ഞടിച്ചു. ആര്‍ത്തവും വ്രതവും തമ്മില്‍ ബന്ധിപ്പിച്ചത് ദൈവത്തിന് രാഹുകാലമുണ്ടാക്കിയ പൊട്ടന്‍മാരാണെന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ വാദം.