ബാലഭാസ്കറിന്റെ മരണത്തില്‍ കള്ളം പറയുന്നതാര് ?; പുതിയ നീക്കവുമായി പൊലീസ്

ചൊവ്വ, 6 നവം‌ബര്‍ 2018 (11:03 IST)
വയലിനിസ്‌റ്റ് ബാലഭാസ്‌കറും മകളും മരിച്ച കാർ അപകടത്തെക്കുറിച്ച് ഭാര്യ ലക്ഷ്‌മിയുടേയും ഡ്രൈവർ അർജുന്റേയും മൊഴിയിൽ ആശയക്കുഴപ്പം വ്യക്തമായ സാഹചര്യത്തില്‍ സംഭവത്തില്‍ പൊലീസ് ശാസ്ത്രീയ വിശകലനം നടത്താനൊരുങ്ങുന്നു.

അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം.

അപകടം ഉണ്ടാകുമ്പോള്‍ കാർ ഓടിച്ചിരുന്നത് ബാലഭാസ്‌ക്കർ ആയിരുന്നെന്നാണ് ഡ്രൈവർ മൊഴി നൽകിയത്.  എന്നാൽ ബാലു പുറകിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നെന്നാണ് ലക്ഷ്‌മി നൽകിയ മൊഴി.

ഈ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴയ്‌ക്കുന്നത്. ഇതേത്തുടർന്നാണ് ശാസ്ത്രീയവഴികൾ തേടാൻ പൊലീസ് തയ്യാറെടുക്കുന്നത്. ഇതിനായി ഫൊറൻസിക് വിദഗ്ദ്ധരുടെയും മോട്ടോർവാഹന വകുപ്പിന്റെയും സഹായം തേടും.

ബാലഭാസ്കറിന്റെയും കുഞ്ഞിന്റെയും മൃതദേഹപരിശോധന നടത്തിയ ഡോക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഇതിലൂടെ അപകടസമയത്ത് ഓരോരുത്തരും കാറിനുള്ളിൽ ഏത് സീറ്റിലായിരുന്നുവെന്നതു സംബന്ധിച്ച് വിവരം ശേഖരിക്കാൻ കഴിയും.

സംഭവസമയത്ത് ഓടിക്കൂടിയവരുടെ മൊഴികളും വിശദമായി പരിശോധിക്കും. ഡ്രൈവർസീറ്റിലുണ്ടായിരുന്നത് ബാലഭാസ്കറായിരുന്നുവെന്ന് മറ്റൊരാളും മൊഴികൊടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍