‘ഞങ്ങൾ അമ്മയുടെ അംഗങ്ങൾ’ - യോഗത്തിൽ പാർവതിയും പത്മപ്രിയയും എടുത്ത നിലപാട്?

ബുധന്‍, 8 ഓഗസ്റ്റ് 2018 (10:33 IST)
കഴിഞ്ഞ കുറച്ച് മാസങ്ങളായി മലയാള സിനിമ മുഴുവൻ വിവാദങ്ങളുടെ നടുക്കടലിലാണ്. നടി ആക്രമിക്കപ്പെട്ടതു മുതൽ, കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് മുതൽ. താരസംഘടനയിലെ അംഗങ്ങളായ നാല് നടിമാർ അമ്മയിൽ നിന്നും രാജിവെക്കുന്നത് വരെയെത്തി കാര്യങ്ങൾ. 
 
വിഷയത്തിൽ അമ്മയും ഡബ്ല്യുസിസിയിലെ മൂന്ന് അംഗങ്ങളും ചേർന്ന് നടത്തിയ ചർച്ചയിലെ പ്രസക്തഭാഗങ്ങൾ പുറത്ത്. ‘അമ്മ’യിലെ വനിത അംഗങ്ങൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വാസ്തവമെന്നു പ്രസിഡന്റ് മോഹൻലാൽ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
 
രേവതി, പത്മപ്രിയ, പാർവതി എന്നിവരുമായി നിർവാഹക സമിതിയോഗത്തിൽ നടത്തിയ ചർച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് പരമാവധി ശ്രമിക്കുന്നത്. അതു സാധിച്ചില്ലെങ്കിൽ മാത്രമേ പ്രസിഡന്റ് പദവി രാജിവെക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
 
വനിതാ അംഗങ്ങൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളിൽ ചർച്ച പൂർത്തിയായില്ല. ചർച്ച തുടരാനും ഇവരുടെ അഭിപ്രായം രേഖപ്പെടുത്താനും ജനറൽബോഡി വിളിക്കുമെന്നും നിർവാഹക സമിതിയംഗമായ ജഗദീഷ് വ്യക്തമാക്കി. അതേസമയം, ഡബ്ല്യുസിസി അംഗങ്ങളായല്ല അമ്മയിലെ അംഗങ്ങൾ ആയി തന്നെയാണ് തങ്ങൾ ചർച്ചയിൽ പങ്കെടുത്തതെന്ന മൂന്നു നടിമാരുടെയും പ്രതികരണം ദുരൂഹമായി.  
 
അമ്മ ഭരണഘടനയിലെ പിഴവുകൾ പരിഹരിക്കാൻ പുതിയ ഭരണഘടന തയാറാക്കാൻ കമ്മിറ്റിക്കു രൂപം നൽകുമെന്നും യോഗത്തിൽ തീരുമാനമായി. അടുത്ത കാലത്ത് ഉയർന്ന മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്യാനും രഹസ്യ വോട്ടെടുപ്പിലൂടെ തീരുമാനങ്ങൾ കൈക്കൊള്ളാനുമായി മൂന്നാഴ്ചയ്ക്കുള്ളിൽ അസാധാരണ ജനറൽ ബോഡി വിളിക്കും. 
 
നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള അമ്മയുടെ വനിതാ ഭാരവാഹികളായ രചനാ നാരായണന്‍ കുട്ടി, ഹണിറോസ് എന്നിവരുടെ തീരുമാനം സ്വമേധയാ ഉള്ളതാണെന്നും അമ്മയുടെ തീരുമാനമായിരുന്നില്ല എന്നും നടന്‍ ജഗദീഷ് പറഞ്ഞു.
 
എന്നാല്‍ ഏത് രീതിയിലാണ് നടിക്ക് പിന്തുണ നൽകേണ്ടതെന്നും എന്ത് പിന്തുണയും നൽകാൻ തയ്യാറാണെന്നും അമ്മ രചനയോടും ഹണിയോടും അറിയിച്ചിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ ഹർജി നൽകിയതെന്ന് രണ്ട് നടിമാരും കുറ്റസമ്മതം നടത്തി. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതില്‍ നിയമപരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ട് അത് തിരുത്തുമെന്നും രചന പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍