വാനരൻമാർ ട്രംപിനെ തടയുമോ എന്ന് ഭയം, എയർപോർട്ട് പരിസരത്തെ കുരങ്ങൻമാരെ നാടുകടത്തി അഹമ്മദാബാദ് വിമാനത്താവള അധികൃതർ

വെള്ളി, 21 ഫെബ്രുവരി 2020 (14:24 IST)
വിമാനത്താവള പരിസരത്തുനിന്നും കുരങ്ങുകളെ കൂട്ടത്തോടെ പിടികൂടി വനത്തിലെത്തിക്കുന്ന നടപടിയിലാണ് ഇപ്പോൾ അഹമ്മദാബാദ് വിമാനത്താവള അധികൃതർ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വരവിനോട് അനുബന്ധിച്ചാണ് നടപടി. 
 
വിമാനത്താവളത്തിന്റെ റൺവേയിലേക്ക് നിരവധി തവണ കുരങ്ങുകൾ എത്തിയിരുന്നു. ഡോണാൾഡ് ട്രംപിന്റെ വിമനം എത്തുന്ന സമയത്ത് കുരങ്ങുകൾ തടസപ്പെടുത്തുമോ എന്ന ആശങ്കയാണ് ഇവയെ നാടുകടത്താൻ കാരണം. വിമാനത്താവളത്തോട് ചേർന്നുള്ള സൈനിക കേന്ദ്രത്തിലെ മരങ്ങളിലാണ് വാനര സംഘം താമസിക്കുന്നത്.
 
പടക്കം പൊട്ടിച്ചും സൈറൻ മുഴക്കിയുമെല്ലാം കുരങ്ങുകളെ ഓടിക്കാനുള്ള ശ്രമങ്ങൾ നേരത്തെ പരാജയപ്പെട്ടിരുന്നു. എയർപോർട്ട് ജീവനക്കാർ കരടി വേഷം കെട്ടി കുരങ്ങുകളെ ഭയപ്പെടുത്തി ഓടിക്കാൻ വരെ ശ്രമിച്ചെങ്കിലും ഇതൊന്നു ഫലം കണ്ടിരുന്നില്ല. 50ഓളം കുരങ്ങുകളുടെ ഇതിനോടകം തന്നെ പിടികൂടി വനപ്രദേശത്ത് എത്തിച്ച് തുറന്നുവിട്ടു. 
 
എന്നാൽ പക്ഷികളെ കൊണ്ടുള്ള ശല്യം എങ്ങനെ ഒഴിവാക്കുമെന്ന കാര്യം ഇപ്പോഴും വിമാനത്താവള അധികൃതർക്ക് തലവേദനയാണ്. കഴിഞ്ഞ ദിവസം ബംഗളുരുവിലേക്ക് തിരിച്ച ഗോ എയർ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തരമായി വിമനം തിരികെ ഇറക്കുകയായിരുന്നു. 2019ൽ മാത്രം 37 തവണയാണ് ഇവിടെ വിമാനത്തിൽ പക്ഷി ഇടിച്ചത്.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍