നോവൽ പിൻ‌വലിച്ചത് ആൾക്കൂട്ട ആക്രമണത്തെ ഭയന്ന്, വെളിച്ചമില്ലാത്ത ദിവസങ്ങൾ വരാനിരിക്കുന്നു: സ്ഥിരീകരിച്ച് എഡിറ്റര്‍ കമല്‍റാം സജീവ്

ശനി, 21 ജൂലൈ 2018 (17:09 IST)
എസ്.ഹരീഷ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ പിന്‍വലിച്ചത് സംഘപരിവാര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്റര്‍ കമല്‍റാം സജീവ്. ആൾക്കൂട്ട ആക്രമണത്തിന്റെ ഇരയായി തീർന്നുകൊണ്ടിരിക്കുകയാണ് എഴുത്തുകാരനെന്ന് കമൽ‌റാം പറയുന്നു. 
 
'എസ്. ഹരീഷ് അദ്ദേഹത്തിന്റെ നോവല്‍ മീശ പിന്‍വലിച്ചു. സാഹിത്യം ആള്‍ക്കൂട്ട ആക്രമണത്തിനു ഇരയായിത്തിര്‍ന്നു കൊണ്ടിരിക്കുന്നു. കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ ഇരുണ്ട ദിവസം. വെളിച്ചമില്ലാത്ത ദിവസങ്ങള്‍ വരാനിരിക്കുന്നു''- എന്നാണ് കമല്‍റാം സജീവിന്റെ ട്വീറ്റ്.
 
ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന ഹിന്ദു സ്ത്രീകളെ നിന്ദിച്ചുവെന്ന ആരോപണം ശക്തമായതോടെയാണ് എസ് ഹരീഷ് തന്റെ നോവല്‍ പിന്‍വലിച്ചത്. തന്റെ പുതിയ നോവലായ 'മീശ' യില്‍ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിനാണ് സംഘപരിവാര്‍ എഴുത്തുകാരനെതിരെ തിരിഞ്ഞത്. കഥയില്‍ ആര്‍ത്തവ സമയത്തെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.
 
അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്ന് നോവല്‍ പിന്‍വലിക്കുകയാണെന്നും, പിന്നീട് പുസ്തകമായി പുറത്തിറക്കുമെന്നും ഹരീഷ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍