കുട്ടികളിലെ പനിയും ചുമയും വില്ലനാകരുതേ...

Webdunia
ബുധന്‍, 25 മാര്‍ച്ച് 2015 (18:26 IST)
കുട്ടികളുടെ പ്രതിരോധ ശേഷി മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ കാലാവസ്‌ഥ മാറുമ്പോള്‍, ആഹാര കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമ്പോള്‍, കാറ്റു തട്ടുമ്പോള്‍, വെയിലടിക്കുമ്പോള്‍ തുടങ്ങിയ ചെറിയ മാറ്റങ്ങള്‍ കുട്ടികളില്‍ അസുഖമുണ്ടാക്കും. ഇത്തരം മാറ്റങ്ങളുണ്ടാകുമ്പോള്‍ ശിശുക്കളില്‍ കാണപ്പെടുന്ന പൊതുവായ ആരോഗ്യ പ്രശ്നമാണ് പനി. മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികളില്‍ പനി ബാധിക്കും.

എന്നാല്‍ പനിയോടൊപ്പം നന്നായി ശ്രദ്ധിക്കേണ്ടതാണ് കുട്ടികളിലെ ചുമയും കഫക്കെട്ടും. ഇത് കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ശ്വാസകോശ രോഗങ്ങള്‍ ബാധിക്കുകയും അത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും. ജനിച്ച്‌ രണ്ടോ മൂന്നോ മാസം വരെ പ്രായമായ ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ അമ്മയുടെ ശരീരത്തില്‍ നിന്ന്‌ രക്‌തത്തിലൂടെയും മുലപ്പാലിലൂടെയും ലഭിച്ച ആന്റിബോഡികളുടെ സഹായംകൊണ്ട്‌ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കുമെങ്കിലും പിന്നീടുള്ള ആറുമാസത്തിനു ശേഷം കുട്ടികള്‍ക്ക് മരുന്നിന്റെ സഹായം ആവശ്യമായി വരും.

ജലദോഷപ്പനികളോടൊപ്പമാണ്‌ സാധാരണയായി ചുമ കാണപ്പെടാറ്‌. സാധാരണഗതിയില്‍ അസുഖം വരുമ്പോള്‍ രണ്ടുമൂന്നു ദിവസംകൊണ്ട്‌ തനിയെ കുറയും. എനാല്‍ കുട്ടികളെ വളരെവേഗം ബാധിക്കുന്ന റാസ്‌പിറേറ്ററി, സിന്‍സിറ്റല്‍ വൈറസ്‌, മെറ്റാ ന്യൂമോണോ വൈറസ്‌, ഇന്‍ഫ്‌ളൂവന്‍സി വൈറസ് തുടങ്ങിയവ ഗുരുതരമാകാന്‍ ഇടയുണ്ട്. കഠിനമായ പനി, ശ്വാസംമുട്ടല്‍, ചുമ, ഛര്‍ദി, പാല്‌ കുടിക്കാന്‍ മടി, മയക്കം, ഉന്മേഷക്കുറവ്‌ എന്നിവ കണ്ടാല്‍ ഡോക്ടറിനെ സമീപിക്കാന്‍ ഒരിക്കലും അമാന്തിക്കരുത്.

കാരണം ഇത്തരം രോഗാവസ്ഥകള്‍ ന്യുമോണിയയുടെ ആരംഭമാകാന്‍ സാധ്യതയുണ്ട്. കുട്ടികളെ അപകടകരമാംവിധം ബാധിക്കുന്ന മറ്റൊരു രോഗമാണ്‌ വില്ലന്‍ചുമ. കൃത്യമായി വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കാണ്‌ വില്ലന്‍ചുമ വരാന്‍ സാധ്യത കൂടുതല്‍. ജലദോഷത്തോടൊപ്പമുണ്ടാകുന്ന ചുമ ക്രമേണ കൂടി ചുമച്ചുചുമച്ച്‌ ശ്വാസം നിന്നുപോകുന്ന അവസ്‌ഥയാണ്‌ വില്ലന്‍ചുമയുടെ ലക്ഷണം. അതിനാല്‍ കണ്മണിയുടെ പനിയും ചുമയും നിങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നു എങ്കില്‍ വൈദ്യ സഹായം തേടാന്‍ ഒട്ടും സംശയിക്കേണ്ടതില്ല.

ജനനസമയത്തുള്ള തൂക്കക്കുറവ്‌, മാസം തികയാതെയുള്ള പ്രസവിക്കല്‍, മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ വരിക, വൃത്തിഹീനമായ അന്തരീക്ഷം, പുകവലിക്കാരുടെ സാമിപ്യം എന്നിവ കുട്ടികളില്‍ ചുമ, പനി, മറ്റ് ശ്വാസ കോശ രോഗങ്ങള്‍ ഉണ്ടാക്കുന്നു. നല്ല പോഷകാഹാരം, നല്‍കുന്നത്, കൃത്യമായി കുഞ്ഞുങ്ങള്‍ക്ക്‌ വാക്‌സിനുകള്‍ എടുക്കുന്നത്, കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്ന മുറികളില്‍ കുട്ടികളെ കിടത്തുന്നത്, പനിയോ ചുമയോ ഉള്ളവരെ കുട്ടികളുമായി അടുത്തിടപഴകുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുക, വീടിനുള്ളിലെ പുകവലി ഒഴിവാക്കല്‍ തുടങ്ങിയ മുന്‍ഃകരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഓര്‍ക്കുക രോഗം വരുന്നതിനേക്കാള്‍ വരാതെ നോക്കുന്നതിലാണ് കാര്യം...



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.