സൈബര്‍മാധ്യമങ്ങളും പ്രസ്‌ ആക്ടിലേക്ക്‌

FILEFILE
രാവിലെ ചൂട്‌ ചായക്ക്‌ ഒപ്പം പത്രം വായിക്കുന്നത് ഇന്നൊരു ശീലം മാത്രമാണ്. പോയദിവസത്തെ വാര്‍ത്തകളെല്ലാം ദൃശ്യമാധ്യമങ്ങള്‍ സംഭവിച്ച അതേ സമയത്ത്‌ തന്നെ ലോകത്ത്‌ എവിടെയും എത്തിച്ചിട്ടുണ്ടാകും. ദൃശ്യങ്ങള്‍ക്ക്‌ ഒപ്പം വാര്‍ത്തകളുടെ വിശകലനവും ലോകത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കുന്നവായാണ്‌ ന്യൂസ്‌ പോര്‍ട്ടലുകള്‍.

ഒരു പത്രത്തിന്‍റേത്‌ മാത്രമല്ല ദൃശ്യമാധ്യമത്തിന്‍റേയും മാസികകളുടേയും ലൈബ്രറിയുടേയും പകരക്കാരായി മാറിയിരിക്കുകയാണ്‌ ആധുനികകാലത്തെ വെബ്‌ പോ‍ര്‍ട്ടലുകള്‍. വാര്‍ത്തകള്‍ മാത്രമല്ല, ചിത്രങ്ങള്‍, ചലന ദൃശ്യങ്ങള്‍ അവയുടെ മുന്‍കാല വിവരങ്ങള്‍, എല്ലാം വിരല്‍തുമ്പിലെത്തിക്കുക എന്ന ദൗത്യമാണ്‌ പോര്‍ട്ടലുകളുടേത്‌. പ്രമുഖവാര്‍ത്താമാധ്യമങ്ങളെല്ലാം അവയുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍ ആരംഭിച്ചതും ഈ സാധ്യത മുന്നില്‍ കണ്ടാണ്‌.

എന്നാല്‍ പോര്‍ട്ടലുകള്‍ക്കും ഓണ്‍ലൈന്‍ പതിപ്പുകള്‍ക്കും മാധ്യമങ്ങള്‍ എന്ന പരിഗണന ഇത്രനാളും സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായിരുന്നല്ല. അച്ചടിച്ച്‌ പുറത്തിറങ്ങുന്നത്‌ മാത്രമാണ്‌ മാധ്യമങ്ങള്‍ എന്ന വിക്ടോറിയന്‍ ധാരണ തിരുത്താനൊരുങ്ങുകയാണ്‌ കേന്ദ്രസര്‍ക്കാര്‍.

ബ്രട്ടീഷ്‌ ഭരണകാലത്ത്‌ നൂറ്റിനാപ്പത്‌ വര്‍ഷം മുമ്പ്‌ എഴുതപ്പെട്ട പ്രസ്‌ ആന്‍റ് രജിസ്ട്രേഷന്‍ ആക്ടിന്‍റെ പരിധിയിലേക്ക്‌ വെബ്പോര്‍ട്ടലുകളേയും പത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളേയും ഉള്‍കൊള്ളിക്കുന്നത്‌ ചരിത്രപരമായ തീരുമാനമായിരിക്കും.

1867ല്‍ രൂപംകൊണ്ട പി ആര്‍ ബി ആക്ടില്‍ അച്ചടിമാധ്യമങ്ങളും പുസ്തകങ്ങളുമാത്രമാണ്‌ ഇതുവരെ ഉള്‍പ്പെട്ടിരുന്നത്‌. ഈ ആക്ടിന്‍റെ പരിധിയിലേക്കാണ്‌ സൈബര്‍മാധ്യമങ്ങളും പ്രവേശിക്കുന്നത്‌.പ്രിന്‍റ് മാധ്യമങ്ങള്‍ എന്നാല്‍ പേപ്പറില്‍ മാത്രം പ്രിന്‍റ് ചെയ്യുന്നവയായിരിക്കില്ല എന്നതായിരിക്കും നിയമത്തില്‍ വരാന്‍ പോകുന്ന പ്രധാനമാറ്റം.

ആക്ടിലെ പ്രിന്‍റ്‌, ന്യൂസ്പേപ്പര്‍ , മജിസ്ട്രേറ്റ്‌ എന്നീ പദങ്ങള്‍ക്ക്‌ പുതിയ നിര്‍വ്വചനം നല്‍കുമെന്ന്‌ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക രേഖകളില്‍ കടക്കുന്നതോടെ സൈബര്‍മാധ്യമങ്ങള്‍ സര്‍ക്കാരിന്‍റെനിയന്ത്രണങ്ങള്‍ക്ക്‌ വിധേയരാകും എന്നുംവാദിക്കുന്നുണ്ട്‌. എന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഈ നീക്കമെന്ന് അധികൃതര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക