വായനക്കാര്‍ക്ക് ലഭ്യമാകാതെ പോയ രണ്ടു നൂറ്റാണ്ടുകളിലെ അപൂര്‍വ്വ പുസ്തകങ്ങള്‍ ഓണ്‍ലൈനിലേക്കു മാറ്റി പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ബ്രിട്ടീഷ് ലൈബ്രറി. ഇത്തരത്തിലുള്ള ഒരു ലക്ഷത്തില്‍ പരം പുസ്തകങ്ങളാണ് ഇനി ഡിജിറ്റലൈസേഷനിലൂടെ വായനക്കാര്‍ക്ക് മുന്നിലെത്തുന്നത്. യു കെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം ലഭിച്ചിരുന്ന 18, 19 നൂറ്റാണ്ടുകളിലെ പല പുസ്തകങ്ങളും ഓണ്‍ലൈനിലേക്ക് എത്തും.
പ്രധാനമായും അദ്ധ്യാപകരെ ഉന്നം വച്ചു ചെയ്യുന്ന പദ്ധതിയില്‍ തിരിച്ചറിയപ്പെടാതെ പോയതും ആദ്യ എഡീഷനും ശേഷം പ്രസിദ്ധീകരിക്കാനാകാതെ പോയതുമായ പല പുസ്തകങ്ങളും പെടും. പതിനെട്ട് പത്തൊമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന പുസ്തകങ്ങള്‍ക്കു വേണ്ടിയാണ് പ്രധാനമായും പദ്ധതി. ഇതിന്‍റെ ആദ്യ 25 മില്യണ്‍ പേജുകള്‍ പൂര്‍ത്തിയാകാന്‍ മാത്രം രണ്ടു വര്‍ഷമാണ് പ്രതീക്ഷിക്കുന്നത്.
മുഴുവന്‍ പരിപാടി പൂര്‍ത്തീകരിക്കുന്നതിനായി ഒരു ദിവസം 50,000 പേജുകളില്‍ അധികം സ്കാന്‍ ചെയ്യേണ്ടി വരും. പദ്ധതി പൂര്‍ത്തിയാക്കാനായി 30 ടെറാ ബൈറ്റ്‌സ് സ്റ്റോറേജ് കപ്പാസിറ്റി വേണ്ടി വരും. ബ്രിട്ടീഷ് ലൈബ്രറി വഴി മാത്രം ലഭ്യമാകുന്ന ചരിത്ര പുസ്തകങ്ങളും ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന പുസ്തകങ്ങളുടെ ഈ കൂട്ടത്തില്‍ കാണാനാകും.
രണ്ടു വിഭാഗത്തിലാണ് പുസ്തകങ്ങളെ പെടുത്തിയിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ പുസ്തകങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിലെ പുസ്തകങ്ങളും. ഇരുപതു ലക്ഷം പേജുകള്‍ വരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ പത്രങ്ങളും പത്തു ലക്ഷം പേജുകള്‍ വരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ പത്രങ്ങളും ബ്രിട്ടീഷ് ലൈബ്രറിയുടെ ഡിജിറ്റല്‍ ശേഖരത്തില്‍ ഉടനെ ഉണ്ടാകും.
രണ്ടു തരത്തിലുള്ള സേര്‍ച്ചിലൂടെ പുസ്തകങ്ങളിലേക്ക് പ്രധാനമായും പ്രവേശിക്കാനാകും. ഒന്ന് ലൈബ്രറിയുടെ വെബ്സൈറ്റ് മറ്റൊന്ന് മൈക്രോസോഫ്റ്റിന്‍റെ ലൈവ് സേര്‍ച്ച്. ഇതിനു പുറമേ പ്രസിദ്ധീകരണങ്ങളിലെ പദങ്ങള്‍ ഉപയോഗിച്ചു വേണമെങ്കിലും സെര്‍ച്ച് ചെയ്ത് കണ്ടു പിടിക്കാനാകുമെന്നാണ് അണീയറ പ്രവര്‍ത്തകരുടെ അവകാശ വാദം. മൈക്രോസോഫ്റ്റാണ് പദ്ധതിക്കായി ബ്രിട്ടീഷ് ലൈബ്രറിക്കൊപ്പം നില്‍ക്കുന്നത്.
മൈക്രോസോഫ്റ്റിന്‍റെ എതിരാളികളായ ഗൂഗിള്‍ ഇതിനു മുമ്പ് അമേരിക്കയിലെ അഞ്ച് പ്രമുഖ ലൈബ്രറികളിലെ പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുകയുണ്ടായി. സ്റ്റാന്‍ ഫോര്‍ഡ്, ഹാവാര്‍ഡ്, മിച്ചിഗണ്‍ സര്‍വ്വകലാശാലകളിലെയും ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറി, ഓക്‍സ്ഫോര്‍ഡിലെ ബോഡ് ലൈന്‍ ലൈബ്രറിയിലെയും പുസ്തകങ്ങള്‍ ഗൂഗിളാണ് ഡിജിറ്റലൈസ് ചെയ്‌തത്.