ഐ ടി: ശമ്പളം ഇടിയുന്നു

വ്യാഴം, 22 നവം‌ബര്‍ 2007 (15:18 IST)
PTIPTI
ഐ ടി രംഗത്തു നിന്നും ഇത്തവണ കേള്‍ക്കുന്ന വാര്‍ത്തകള്‍ പ്രൊഫഷണലുകളെ സന്തോഷിപ്പിച്ചേക്കില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ രംഗത്തു തുടര്‍ന്നു വരികയായിരുന്ന ശമ്പള വര്‍ദ്ധനവിന്‍റെ നിലവാരം ഇപ്പോള്‍ താഴേയ്‌ക്ക് പോകാനുള്ള പ്രവണതകള്‍ കാട്ടിത്തുടങ്ങിയിരിക്കുകയാണ്.

കമ്പനികളുടെ വരുമാനം താഴുന്നതാണ് ശമ്പള വര്‍ദ്ധനവിന്‍റെയും പുതിയ റിക്രൂട്ട്‌മെന്‍റിന്‍റെയും കാര്യത്തില്‍ പിന്നോക്കം നില്‍ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന ഘടകം. വരുമാന നേട്ടത്തിന്‍റെ കാര്യത്തില്‍ വമ്പന്‍ കമ്പനികള്‍ വരെ പിന്നോക്കം പോകുന്നതായി അസോകം എകോ പ്ലസിന്‍റേ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ ഐ ടി ഭീമന്‍‌മാരായ വിപ്രോ, സത്യം, ടി സി എസ് എന്നിവരെല്ലാം കൂടി കഴിഞ്ഞ വര്‍ഷം 70 ശതമാനം വരെ വരുമാനത്തില്‍ ലാഭം ഉണ്ടാക്കുകയും 64 ശതമാനം ശമ്പള വര്‍ദ്ധനവും നല്‍കിയവരാണ്. എന്നാല്‍ ഈ വര്‍ഷം വരുമാനം 25 ശതമാനമായി കുറഞ്ഞത് ഏറെ ബാധിക്കുക തൊഴിലാളികളെയാകുമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്.

ശമ്പളം കുറച്ച കാര്യത്തില്‍ ടി സി എസ് തന്നെയാണ് മികച്ച ഉദാഹരണം. 2006-07 രണ്ടാം പാദത്തില്‍ ശമ്പളം 5 ശതമാനം ടി സി എസ് കുറച്ചു. തൊഴിലാളി നഷ്ട പരിഹാര തുക 1,557 ല്‍ നിന്നും ഈ സാമ്പത്തീക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 1,470 ആയി കുറച്ചു. കഴിഞ്ഞ വര്‍ഷം ഈ തുക 57 ശതമാനമാക്കി ഉയര്‍ത്തിയ സ്ഥാനത്താണിത്.

ഒന്നാം പാദത്തില്‍ 55 ശതമാനം വളര്‍ച്ച നേടിയ ഇന്‍ഫോസിസിലെ തൊഴിലാളികള്‍ക്ക് ആദ്യ പാദത്തില്‍ ഇതു കാര്യമായി അനുഭവപ്പെട്ടില്ല. എന്നാല്‍ രണ്ടാം പാദത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. തൊഴിലാളി ചെലവുകള്‍ക്കായി 50 ശതമാനം കഴിഞ്ഞ വര്‍ഷം അനുവദിച്ച കമ്പനി ഈ വര്‍ഷം 18 ശതമാനമാക്കി ചുരുക്കി.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ 56 ശതമാനം വരുമാനത്തില്‍ നേട്ടം കൊയ്ത വിപ്രോയുടെ കഥ ട്ടെ 34 ശതമാനമായി താഴ്‌ന്നെന്നുള്ളതാണ്. ഇതു തുടരാനുള്ള പ്രവണത കാണിക്കുന്നതിനാല്‍ പല കമ്പനികളും പുതിയ റിക്രൂട്ട്‌മെന്‍റ് പോലും നിറുത്തി വച്ചേക്കാമെന്ന് അസ്കോം റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുഎ സ് ഡോളറുമായി ഇന്ത്യന്‍ രൂപയ്‌ക്കുണ്ടാകുന്ന മൂല്യ വ്യത്യാസമാണ് ഐ ടി മേഖലയിലെ ഈ പ്രതിസന്ധിക്കു കാരണമായി പറയുന്നത്.

വെബ്ദുനിയ വായിക്കുക