ബഷീറിന്‍റെ ജന്‍‌മദിനം എന്ന് ?

SasiSASI
വിഖ്യാത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്‍‌മ ശതാബ്ദിയാണ് 2008ല്‍ എന്നാണ് എല്ലാവരും കരുതുന്നത്. ഈയവസരത്തില്‍ പ്രസക്തമായ രണ്ട് ചോദ്യങ്ങളുണ്ട്. ഒന്ന്, ബഷീറിന്‍റെ ജന്‍‌മദിനം എന്നാണ് ?. മറ്റൊന്ന് ജന്‍‌മവര്‍ഷം ഏതാണ് ?

1908 ജനുവരിയിലാണ് ബഷീര്‍ ജനിച്ചത് എന്ന് ഏതാണ്ട് എല്ലാവരും ഉറപ്പിച്ച മട്ടാണ്. എന്നാല്‍ 1910 ലാണ് എന്നൊരു വാദവും ഉണ്ട്. ബഷീറിനു തന്നെ തിട്ടമില്ലായിരുന്നു താന്‍ എന്നാണ് ജനിച്ചത് എന്ന്.

മകരം എട്ടിനാണ് താന്‍ ജനിച്ചതെന്ന് ബഷീര്‍ ജന്‍‌മദിനം എന്ന കഥയുടെ തുടക്കത്തില്‍ പറയുന്നു. 1945 ലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. ഇതുവച്ച് കണക്കുകൂട്ടി നോക്കുമ്പോള്‍ 1908 ജനുവരി 21 നാണ് ബഷീറിന്‍റെ ജനനം എന്ന് ന്യായമായും അനുമാനിക്കേണ്ടി വരും.

അതിനൊരു യുക്തി വളരെ മുമ്പ് ബഷീര്‍ പറഞ്ഞ മറ്റൊരു കാര്യമാണ്. വൈക്കത്ത് തലയോലപ്പറമ്പിലുള്ള ബഷീറിന്‍റെ വീടിനടുത്തുണ്ടായിരുന്ന യാക്കോബൈറ്റ് കാരനായ മാത്തന്‍ കുഞ്ഞിനേയും ബഷീറിനേയും പ്രസവിച്ചത് അടുത്തടുത്ത ദിവസങ്ങളിലാണ് എന്ന് ഉമ്മ പറഞ്ഞ് ബഷീര്‍ കേട്ടിട്ടുണ്ട്. മാത്തന്‍ കുഞ്ഞിന്‍റെ ജനന തീയതി കിറുകൃത്യമാണ് - 1083 മകരം ഏഴിന് തിങ്കളാഴ്ച. അതായത് 1908 ജനുവരി 20.

അടുത്തടുത്ത ദിവസം എന്നു പറയുമ്പോള്‍ 20 ന്‍റെ അപ്പുറത്തോ ഇപ്പുറത്തോ ആവാമല്ലോ ?. അങ്ങനെയാണെങ്കില്‍ ജനുവരി 19 നോ 21 നോ ആവാം. മകരം എട്ടാം തീയതി തന്‍റെ ജന്‍‌മദിനം ആണെന്ന് വലിയ ഓര്‍മ്മക്കുറവ് വരാത്തൊരു പ്രായത്തില്‍ (1945 ല്‍) ബഷീര്‍ തീര്‍ത്തു പറഞ്ഞിരിക്കുന്നു. മാത്തന്‍റെ ജന്‍‌മദിനം മകരം ഏഴിന്. ബഷീറിന്‍റേത് മകരം എട്ടിനും ആണെങ്കില്‍ പിന്നെ സംശയമില്ലല്ലോ 1908 ജനുവരി 21 നു തന്നെയാണ് ബഷീര്‍ ഈ ഭൂമി മലയാളത്തില്‍ ഉടലെടുത്തിരിക്കുക.

അദ്ദേഹം ജനിച്ചത് ഒരു ചൊവ്വാഴ്ചയാണെന്നും കരുതേണ്ടി വരും. നൂറു കൊല്ലം കഴിഞ്ഞപ്പോള്‍ ജനുവരി 21 ന് തിങ്കളാഴ്ച അദ്ദേഹത്തിന്‍റെ ജന്‍‌മദിനം വരുന്നു.

മറ്റൊരു പ്രധാനപ്പെട്ട രേഖ കേരള സാഹിത്യ അക്കാഡമിയുടെ സാഹിത്യകാര ഡയറക്‍ടറിയില്‍ 1921 ജനുവരി 21 നാണ് ബഷീറിന്‍റെ ജന്‍‌മദിനം എന്ന് പറയുന്നുണ്ട്. ഇതും വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ ഒരു പുസ്തകം ആയതുകൊണ്ട് ബഷീര്‍ തന്നെ നേരിട്ടു കൊടുത്ത വിവരമാവാനാണ് സാധ്യത.

1910 ജനുവരി 19 എന്ന് ഡി.സി.ബുക്കിന്‍റെ ബഷീര്‍ സമ്പൂര്‍ണ്ണ കൃതികളില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അതിനേക്കാള്‍ വിശ്വാസ്യത ജനുവരി 21 എന്ന തീയതിക്കാണ്. അതുകൊണ്ട് ബഷീറിന്‍റെ ജന്‍‌മശതാബ്ദി 2008 ജനുവരി 21 ന് തന്നെ.

വെബ്ദുനിയ വായിക്കുക