അങ്ങനെയപാരത
തന്‍ തീരത്തിരുന്നാത്മ-
നൊമ്പരങ്ങളോടെന്നും
കുശലം പറഞ്ഞൊരാള്‍,
സൂഫിയായ്, സന്യാസിയായ്,
ഭിക്ഷുവായ്, ഖലാസിയായ്
ഭൂമിയിലെമ്പാടുമാ-
യലഞ്ഞു നടന്നൊരാള്‍,
ഭ്രാന്തലോകത്തോടെന്നും
പരമകാരുണ്യത്തിന്‍
കാന്തിയെപ്പറ്റി, സ്നേഹ-
മെന്ന ദുഃഖത്തെപ്പറ്റി,
പഴുതാരയും പാമ്പും
പരുന്തും പ്രാവും ചൊറി-
പ്പുഴുവും കുയ്യാനയും
കുഞ്ഞാടും നമുക്കൊപ്പം
അവകാശികള്‍ ഭൂമി-
ക്കെന്നതേപ്പറ്റി, യിങ്ങൊ-
രവധൂതനെപ്പോലെ
സംസാരിച്ചിരുന്നൊരാള്‍,
നോക്കിനോക്കി നാം നില്ക്കെ,
ഋതുക്കളകലും പോല്‍,
പോക്കുവെയ്ലാറുംപോലെ
പോയീ നാമറിയാതെ!
ഒരു ദുഃഖവും കൂടി-
യേറ്റുവാങ്ങിയോരിവര്‍
ഒടുവില്‍ പലേവഴി-
ക്കിന്നു വേര്‍പിരിയുമ്പോള്‍,
അകലെയപാരതേ!
നിന്‍ വഴികളിലെങ്ങോ
അരുമസ്വനഗ്രാഹി-
പേടകം പിന്നില്‍ പേറി
ഒരു സൈക്കിളിലാരോ
പാഞ്ഞുപോവതു കണ്ടോ?