പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചുവെന്നാണ് ശങ്കുണ്ണി എഴുതുന്നത്.
അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരില്‍, മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളില്‍ ഒന്നാണ് ‘കാലടിമന‘. ചരിത്രരേഖകള്‍ പറയുന്നത് സൂര്യകാലടി മന ആദ്യകാലത്ത് പൊന്നാനി താലൂക്കില്‍ ആയിരുന്നുവെന്നാണ്.
PRO
ആറേഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ കുടുംബക്കാര്‍ പൊന്നാനി വിട്ടൊഴിഞ്ഞ് കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്ത് വന്ന് താമസമുറപ്പിച്ചതിന്റെ കാരണം ഇന്നും ആര്‍ക്കുമറിയില്ല. ഇപ്പോഴത്തെ മന പണികഴിപ്പിച്ചത് സ്വാതി തിരുനാള്‍ മഹാരാജാവാണ്.
സൂര്യകാലടി എന്ന പേരില്‍ വിശ്വവിഖ്യാതനായി, ഇതിഹാസ കഥാപാത്രമായി മാറിയ ഒരു ഭട്ടതിരിയുടെ ആവിര്‍ഭാവത്തോടെയാണ് കാലടി എന്ന പൂര്‍വ്വിക കുടുംബനാമം ‘സൂര്യകാലടി’ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹം സൂര്യനെ തപസ്സുചെയ്യുകയും മന്ത്രതന്ത്രങ്ങളുടെ താളിയോലകള്‍ സൂര്യഭഗവാന്‍ അദ്ദേഹത്തിന് നല്‍കിയെന്നുമാണ് ഐതിഹ്യം.
കാലടിമനയില്‍ ആറ്റുനോറ്റുണ്ടായ ഉണ്ണിയുടെ ഉപനയനസമയത്ത് അവന്‍ അമ്മയോട് ചോദിച്ചു തന്റെ പിതാവാരാണെന്ന്. ഇത്രയും കാലം ആരുമറിയാതെ സൂക്ഷിച്ച് രഹസ്യം ഇനിയും ഒളിക്കാനാവാതെ ആ അമ്മ പറഞ്ഞു തുടങ്ങി.
തൃശ്ശൂര്‍ പൂരം കാണാന്‍ പോയതാണെത്രെ ഉണ്ണിയുടെ പിതാവ് കാലടി ഭട്ടതിരിയും മറ്റൊരു നമ്പൂതിരിയും. നേരം രാത്രിയായിരിക്കുന്നു. ഒരു യക്ഷിപ്പറമ്പിലൂടെയാണ് അവര്‍ നടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഭയന്ന് വിറച്ച് നടന്നിരുന്ന അവരെ ആശ്വസിപ്പിക്കാനെന്നോണം പെട്ടെന്നതാ രണ്ട് സുന്ദരികള്‍.
PRO
യക്ഷിപ്പറമ്പിലൂടെയുള്ള ഈ യാത്ര അപകടം വിളിച്ചു വരുത്തുമെന്നും രാത്രി അടുത്തുതന്നെയുള്ള മാളികയില്‍ താമസിച്ച് നാളെ പോയാല്‍ മതിയെന്നും സുന്ദരികള്‍ പറഞ്ഞത് ഭട്ടതിരിയും നമ്പൂതിരിയും വിശ്വസിച്ചു. എന്നാല്‍ മാളികയില്‍ കടന്നതോടെ സുന്ദരികളുടെ ഭാവം മാറി. മനുഷ്യനിണത്തിനായി കാത്തിരിക്കുകയായിരുന്ന അവര്‍ യഥാര്‍ത്ഥരൂപം കൈക്കൊണ്ടു.
കരഞ്ഞപേക്ഷിച്ചെങ്കിലും സാത്വികരായ ബ്രാഹ്മണന്‍മാരെ യക്ഷികള്‍ പീഡിപ്പിക്കാന്‍ തുടങ്ങി. ഭാഗ്യത്തിന് നമ്പൂതിരിയുടെ കയ്യില്‍ ദേവീമാഹാത്മ്യ ഗ്രന്ഥമുണ്ടായിരുന്നതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ പാവം കാലടി ഭട്ടതിരിയാവട്ടെ യക്ഷികള്‍ക്ക് ആഹാരമാവുകയും ചെയ്‌തു - കഥ പറഞ്ഞു തീര്‍ന്നതും ആ അമ്മയുടെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ധാരധാരയായൊഴുകി.
പിതാവിനെ ആഹാരമാക്കിയ യക്ഷിയെ സംഹരിക്കാതെ താനിനി അടങ്ങില്ലെന്ന് ഉണ്ണി ഉഗ്രശപഥമെടുത്തു. സ്ഥിരോത്സാഹിയായ ആ ഉണ്ണി, നീണ്ടനാളത്തെ കഠിനതപസ്സിനാല്‍ സൂര്യദേവനെ പ്രത്യക്ഷപ്പെടുത്തി. മന്ത്രതന്ത്രങ്ങളടങ്ങിയ ഒരു അമൂല്യഗ്രന്ഥമാണ് സൂര്യദേവന്‍ ഉണ്ണിക്ക് കൊടുത്തത്. സൂര്യദേവനെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടിയതിനാല്‍ കാലടിമനയങ്ങിനെ സൂര്യകാലടിയായി.