അകംപൊരുള്‍

യുദ്ധത്തിന്‍റെ കരിമേഘങ്ങള്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിറഞ്ഞ് നില്‍ക്കുന്നു. രാത്രി പകലാക്കി നിറതോക്കും പീരങ്കികളമായി ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നു.

ഏതു സമയത്തും പറന്നുയരാന്‍ തയ്യാറായി കിടക്കുകയാണ് വിമാനങ്ങള്‍. ശത്രുവിനുനേരെ മരണം വിതയ്ക്കാന്‍ വൈമാനികര്‍ കാതോര്‍ത്ത് നില്‍ക്കുകയാണ്.

ഭടന്മാരുടെ ഉള്ളില്‍ ഉണര്‍ന്നുപൊങ്ങിയ മരണഭയത്തെ മഞ്ഞ് തണുപ്പിച്ചുകളഞ്ഞു. വിജയത്തിന്‍റെ കഥകള്‍ പരസ്പരം പറഞ്ഞ് അവര്‍ സമാധാനിച്ചു. എങ്കിലും കുതിച്ചൊഴുകിവരുന്ന ശത്രുവിന്‍റെ ടാങ്കുകള്‍ക്കും വികാരങ്ങള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് രഹസ്യമായി അവര്‍ ഭയപ്പെട്ടു.

പരിശീലനക്കാലത്ത് പഠിച്ച ധീരതയുടെ കഥകള്‍ അവരുടെ മനസ്സില്‍ ധൈര്യം നിറച്ചു. ദേശീയ പതാകപാറിക്കളിക്കുന്നതോര്‍ന്ന് അവര്‍ നെടുവീര്‍പ്പിട്ടു. ചില പട്ടാളക്കാര്‍ കുന്നിനുമുകളില്‍ക്കയറി ദൂരേക്ക് നോക്കി. പച്ചപ്പട്ടണിഞ്ഞ വയലുകള്‍. ഉടന്‍ വെടി മുഴങ്ങി കഷ്ടിച്ചാണ് രക്ഷപ്പെട്ടത് കോട്ടിന്‍റെ ഒരു ഭാഗം ചീന്തിക്കൊണ്ട് വെടിയുണ്ട കടന്നുപോയി.

അയാള്‍ താഴെക്കിറങ്ങി കൂടെ രണ്ടു പേരുണ്ടായിരുന്നു. ചരിഞ്ഞു കിടന്ന മലയിറങ്ങി അവര്‍ അപ്പുറത്തെത്തി. അവര്‍ നടന്നുകൊണ്ടിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തുറസ്സായ ഒരു സ്ഥലത്തെത്തി. ചുറ്റിനും വെടിമരുന്നിന്‍റെ ഗന്ധം. പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നു. ഒരാള്‍ അവര്‍ക്കരുകിലെത്തി.

ആരാണ് നിങ്ങള്‍

ഇന്ത്യന്‍ ഭടന്മാര്‍ അവര്‍ ഉത്തരം നല്‍കി

അവരുടെ കണ്ണുകളില്‍ രോഷം


വരൂ... അയാള്‍ അവരെ വലിയൊരു ഹാളിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ നൂറുകണക്കിന് ഭടന്മാര്‍ തോക്കുകളുമായി ഇരുപ്പുണ്ട്. അവരെ കൂട്ടിക്കൊണ്ട് വന്നയാള്‍ ഉറക്കെപ്പറഞ്ഞു ഇന്ത്യന്‍ പട്ടാളക്കാരാണിവര്‍ അതിര്‍ത്തി കടന്ന് വന്നിരിക്കുന്നു. എല്ലാവരും ഒന്നിച്ച് ചാടി എഴുന്നേറ്റു. തോക്ക് ചൂണ്ടിനിന്നു.

അവരെ വധിക്കൂ, ആയിരം നാവുകളില്‍ നിന്നുയര്‍ന്ന വാക്കുകള്‍ ഹാളില്‍ പ്രതിധ്വനിച്ചു. എല്ലാ കണ്ണുകളും അവരെ ദഹിപ്പിക്കുകയാണ്. ഈ രാജ്യദ്രോഹികളെ കൊല്ലൂ, ശത്രുക്കളെ വധിക്കു.

സഹോദരന്മാരെ എന്തിനാണ് ഞങ്ങളെ കൊല്ലുന്നത്. അവര്‍ മൂന്നുപേരും ഒന്നിച്ച് ചോദിച്ചു.

ഒരിന്ത്യന്‍ ഭടന്‍ താഴേയ്ക്കിറങ്ങിവന്ന് ഒരു പാക് സൈനികന്‍റെ കൈപിടിച്ച് കുലുക്കി. ആദ്യം മുഖം വെട്ടിത്തിരിച്ചെങ്കിലും രക്തം രക്തത്തെ സ്പര്‍ശിച്ചതുപോലെ അയാളുടെ കണ്ണുകള്‍ നിറഞ്ഞുവന്നു. അയാള്‍ കരഞ്ഞുകൊണ്ട് ഇന്ത്യന്‍ ഭടനെ വാരിപ്പുണര്‍ന്നു. എല്ലാ പട്ടാളക്കാരും ഇത് സ്തワരായി നോക്കിനിന്നു.

പിന്നെ അണപൊട്ടിയ നദി പോലെ അവരെ ഹസ്തദാനം ചെയ്യാന്‍ പട്ടാളക്കാരുടെ തിരക്കായിരുന്നു. ചിലര്‍ അന്നുകിട്ടിയ ആഹാരത്തിന്‍റെ പങ്ക് അവരെ കഴിപ്പിച്ചു. ചിലര്‍ക്ക് കൂടെനിറുത്തി ഫോട്ടോ എടുക്കുന്നതിലായിരുന്നു താല്പര്യം. എന്നോ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളെ തിരിച്ചുകിട്ടിയ മാതാപിതാക്കളുടെ മനോഭാവമായിരുന്നു അവര്‍ക്ക്. മൂന്നു പേരുടേയും മനസ്സും ശരീരവും ക്ഷീണിച്ചു. ഇത്രയും പേരുടെ സ്നേഹം താങ്ങുവാനുള്ള കരുത്ത് അവര്‍ക്കില്ലായിരുന്നു. എന്നാല്‍ അത് ഒന്നിച്ച് താങ്ങുവാനുള്ള കരുത്തുമായി അനേകായിരങ്ങള്‍ അതിര്‍ത്തിക്കപ്പുറത്ത് കഴിയുന്നുണ്ടായിരുന്നു.

സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‍റെ മുഖങ്ങള്‍ അവര്‍ തിരിച്ചറിയുകയായിരുന്നു.

മൂവരെയും അതിര്‍ത്തിയില്‍ തിരികെ എത്തിക്കാന്‍ ഭടന്മാര്‍ പരസ്പരം മത്സരിച്ചു. അഞ്ച് ഭടന്മാര്‍ നിറത്തോക്കുകളുമായി അവര്‍ക്ക് കൂട്ടുവന്നു.

അതിര്‍ത്തിയില്‍ വച്ച് ഇന്ത്യന്‍ ഭടന്മാര്‍ അവരെ കണ്ടു. മൂന്ന് പേരും അതിര്‍ത്തി കടന്നയുടന്‍ ഇന്ത്യന്‍ ഭടന്മാര്‍ പാക് ഭടന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തടയാന്‍ നോക്കിയ മൂന്നുപേരേയും അവര്‍ ശാസിച്ചു. രണ്ട് പാക് ഭടന്മാര്‍ മരിച്ചുവീണു. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. പാക് ഭടന്മാര്‍ സമ്മാനമായി നല്‍കിയ തൂവാല അവര്‍ തുറന്നുനോക്കി. അതില്‍ കാവി അക്ഷരങ്ങളില്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു.

ഹമാരാ ഭാരത് മഹാന്‍, ഇതെഴുതിയ പട്ടാളക്കാരനായിരിക്കുമോ വെടിയേറ്റു മരിച്ചത്.



വിലാസം
രാജേഷ് മാങ്കോയിക്കല്‍ ഹരിഹരന്‍ തമ്പി
ഉഷസ്, റ്റി.സി.:6/430-5
മുളമൂട് ലൈന്‍,
വട്ടിയൂര്‍ക്കാവ് പി.ഒ.
തിരുവനന്തപുരം, കേരള

വെബ്ദുനിയ വായിക്കുക