ഗീയർരഹിത സ്കൂട്ടറായ ‘സ്കൂട്ടി’യുടെ പരിഷ്കരിച്ച പതിപ്പ് ‘സ്കൂട്ടി പെപ് പ്ലസ്’ ടി വി എസ് മോട്ടോർ കമ്പനി വിപണിയിലെത്തിച്ചു. സ്കൂട്ടറിന്റെ പ്രകടനക്ഷമത തന്നെ മെച്ചപ്പെടുത്തുന്ന പുത്തൻ ഇകോത്രസ്റ്റ് എൻജിനാണ് ‘2016 സ്കൂട്ടി പെപ് പ്ലസി’ന്റെ പ്രധാന സവിശേഷതയായി ടി വി എസ് മോട്ടോർ കമ്പനി അവകാശപ്പെടുന്നത്. കൂടാതെ നിലവിലുള്ള നിറങ്ങൾക്കു പുറമെ നീറോ ബ്ലൂവിലും നീറൊ സിൽവറിലും പരിഷ്കരിച്ച ‘സ്കൂട്ടി’ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്.
പുതിയ നിറക്കൂട്ടുകൾക്കൊപ്പം പരിഷ്കരിച്ച ഗ്രാഫിക്സും പുതിയ ‘സ്കൂട്ടി’യുടെ സവിശേഷതയാണ്. സ്മൂത്ത് എൻജിനൊപ്പം കാഴ്ചപ്പകിട്ടു കൂടിയാവുന്നതോടെ ‘2016 ഇകോസ്മാർട്ട് ടി വി എസ് സ്കൂട്ടി പെപ് പ്ലസ്’ പുതിയ ആവേശം സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇക്കോത്രസ്റ്റ് എൻജിനോടെ ‘2016 സ്കൂട്ടി പെപ് പ്ലസ്’ അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നു ടി വി എസ് മോട്ടോർ കമ്പനി മാർക്കറ്റിങ് വിഭാഗം മേധാവി അനിരുദ്ധ ഹാൽദാർ അഭിപ്രായപ്പെട്ടു. ദീർഘകാലം പ്രശ്നരഹിതവും സുഖകരവുമായ സവാരി വാഗ്ദാനം ചെയ്യാൻ മികച്ച പിക് അപ്പും ത്രോട്ടിൽ ഫോഴ്സ് റിഡക്ഷനും മൾട്ടി കർവ് ഇഗ്നീഷൻ സിസ്റ്റവും സഹിതമാണ് പുതിയ ഇകോ ത്രസ്റ്റ് എൻജിന്റെ വരവെന്നും അദ്ദേഹം വിശദീകരിച്ചു.
രൂപകൽപ്പനയിൽ കാര്യമായ മാറ്റമില്ലാതെ തന്നെ ‘സ്കൂട്ടി പെപ് പ്ലസി’ന്റെ കാഴ്ചപ്പകിട്ട് മെച്ചപ്പെടുത്താനാണു ടി വി എസ് ശ്രമിച്ചിരിക്കുന്നത്. പുത്തൻ ഗ്രാഫിക്സും നിറങ്ങളും ഈ ഉദ്യമത്തിൽ കമ്പനിയെ സഹായിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ. സ്കൂട്ടറിനു കരുത്തേകുന്നത് 87.8 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്; പരമാവധി 4.9 ബി എച്ച് പി കരുത്തും 5.8 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കണ്ടിന്വസ്ലി വേരിയബിൾ ട്രാൻസ്മിഷനാണു സ്കൂട്ടറിലുള്ളത്. പുതിയ ഇകോത്രസ്റ്റ് എൻജിന്റെ പിൻബലത്തിൽ ലീറ്ററിന് 65 കിലോമീറ്ററാണു പുതിയ ‘സ്കൂട്ടി’ക്കു ടി വി എസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പോരെങ്കിൽ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്ന ഇക്കോണമി, മെച്ചപ്പെട്ട പിക് അപ്പും വേഗവും സമ്മാനിക്കുന്ന പവർ മോഡുകളും ഈ ‘സ്കൂട്ടി’യിലുണ്ട്. ഡൽഹി ഷോറൂമിൽ 43,534 രൂപയാണു പുതിയ ‘സ്കൂട്ടി പെപ് പ്ലസ്’നു വില.